ന്യൂദല്‍ഹി : കോവിഡ് മൂന്നാം തരംഗം ശക്തമായിരിക്കും കൃത്യമായ ആസൂത്രണത്തോടെ നേരിടണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നല്കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കവേയാണ് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
കോവിഡ് മൂന്നാം തരംഗം ചെറിയ കുട്ടികളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. അതിനാല്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സിന് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എം.ആര്. ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് കുട്ടികളെ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്കൊപ്പം മാതാപിതാക്കളും ഉണ്ടായേക്കാം. അതിനാല്‍ ഈ പ്രായപരിധിയില്‍ ഉള്ളവരുടെ വാക്സിനേഷന് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കണം. ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ക്രമീകരണങ്ങള്‍ നടപ്പിലാക്കാനെന്നും കോടതി അറിയിച്ചു.
പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഒന്നര ലക്ഷത്തോളം ഡോക്ടര്‍മാരും നേഴ്സുമാരും രാജ്യത്തുണ്ട്. ഇവരുടെ സേവനം ഉപയോഗപ്പെടുത്താനും അധികൃതര്‍ക്ക് സാധിക്കുന്നതാണ്. കോവിഡ് മൂന്നാംതരംഗത്തില്‍ അവരുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്നും സുപ്രീംകോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: