ന്യൂദല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധനവില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,784 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇത് രണ്ടാം തവണയാണ് ഒരു ദിവസം നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ഏപ്രില്‍ 30ന് 4,02,351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3980 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം ബുധനാഴ്ച 920 പേരാണ് മരിച്ചത്.
രാജ്യത്തെ കോവിഡ് മരണം ഇരട്ടിയായി ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമാക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ശവസംസ്കാരത്തിനായി സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയിലേക്കാണ് നീങ്ങിയിരിക്കുന്നത്. തൈക്കാട് ശ്മശാനത്തില്‍ ഇതോടെ വിറക് ശ്മശാനത്തില്‍ കൂടി കോവിഡ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
നഗരത്തിലെ എല്ലാ ആശുപത്രികളിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൈക്കാട്ടാണ് എത്തിക്കുന്നത്. കൊല്ലം, നാഗര്‍കോവില്‍ മേഖലകളില്‍നിന്നുള്ളവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തിലുണ്ട്. ശ്മശാനത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുകയാണെങ്കില്‍ വിറകുചിതകള്ക്ക് ഉപയോഗിക്കുന്ന താത്കാലിക സംവിധാനങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: