ഡോ.കെ.ജയപ്രസാദ്
പിണറായി വിജയന്റെ നേതൃത്വത്തില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നേടിയ വിജയം കേരള രാഷ്ട്രീയ ചരിത്ര ത്തില്‍ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു. 1977 ലെ തെരഞ്ഞെടുപ്പ് ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഒരു മുന്നണിയ്ക്കും തുടര്‍ഭരണം നല്‍കിയിട്ടില്ല. പ്രകൃതിദുരന്തങ്ങളെ മാത്രമല്ല അഴിമതി ആരോപണങ്ങളില്പ്പെട്ടും ഉലഞ്ഞ ഇടതു മുന്നണി അടവു നയങ്ങള്‍ പയറ്റി, വമ്പിച്ച പ്രചരണം കൊണ്ടും സംഘടനാപരമായ കഠിനാധ്വാനം കൊണ്ടും സംഘടിത ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയും, കൂടുതല്‍ ഘടകക്ഷികളെ ഉള്‍പ്പെടുത്തി മുന്നണിയിലെ പുതുമുഖങ്ങളെ രംഗത്തിറക്കിയും, സൗജന്യ ഭക്ഷ്യകിറ്റു നല്‍കിയും, ക്ഷേമപെന്ഷന് വര്‍ദ്ധിപ്പിച്ചും, വികസനത്തിന്റെ പുറംമോടി കാണിച്ചുമാണ്, ഇടതുപക്ഷമുന്നണി നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയം വരിച്ചത്. അടിസ്ഥാന വിഭാഗങ്ങളെയും യുവാക്കളെയും ആകര്‍ഷിക്കാനും മുന്നണിയ്ക്ക് കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സ്വാഭാവികമാണ്. ജയിച്ചവര്‍ ജയത്തില്‍ അഹങ്കരിക്കാതിരിക്കുകയും, തോറ്റവര്‍ ആത്മവിമര്‍ശനം നടത്തി തെറ്റുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുകയുമാണ് വേണ്ടത്. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇടതു മുന്നണിക്ക് അനുകൂലമായി വിധിയെഴുത്ത് ഉണ്ടായെങ്കിലും ഒരു തരംഗമുണ്ടായില്ല. വലതു മുന്നണി പ്രതീക്ഷിച്ച പോലെ തകര്‍ന്നിട്ടില്ല. എന്നാല്‍ കാര്യമായ കുറവുണ്ടായത് എന്‍ഡിഎയ്ക്കാണ്. 2004ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ പ്രകടനത്തിന്റെ തലത്തിലേയ്ക്ക് 2021ലെ വോട്ടു വിഹിതം കുറയുന്നതാണ് കാണുന്നത്. അതുകൊണ്ട് തന്നെ മൂന്നു മുന്നണികളുടെയും പ്രകടനം വിലയിരുത്തപ്പെടണം.
തരംഗമില്ലാതെ ഇടതിന് വിജയം
99 സീറ്റുകള്‍ നേടിയാണ് ഇടതു മുന്നണി ഭരണത്തുടര്‍ച്ച നേടിയത്. അഞ്ചു സ്വതന്ത്രര്‍ ഉള്‍പ്പെടെ 67 സീറ്റുകളില്‍ സിപിഎം വിജയിച്ചു. 2016ല്‍ നിന്ന് വിഭിന്നമായി കേരള കോണ്‍ഗ്രസ് (മാണി), ലോക് താന്ത്രിക്, ജനതാദള്‍, ഐഎന്‍എല്‍ എന്നീ മൂന്ന് പാര്‍ട്ടികളെ കൂടെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണിയാണ് 2021 ല്‍ മത്സരത്തിനിറക്കിയത്. 2016 ല്‍ 91 സീറ്റും 43.10 ശതമാനം വോട്ടും ഇടതു മുന്നണിയ്ക്ക് ലഭിച്ചു. എന്നാല്‍ 2021ല്‍ വോട്ടുകള്‍ 45.33 ശതമാനമായി ഉയര്‍ന്നു. 2016 ല്‍ നിന്ന് 2021ല്‍ ഇടതുമുന്നണിയ്ക്ക് ജനപിന്തുണ കൂടി എന്നു പറയാന്‍ കഴിയില്ല. കാരണം വിപുലീകരിച്ച ഇടതുമുന്നണിയുടെ ഘടകക്ഷികള്‍ക്ക് എല്ലാം കൂടി 47.70 ശതമാനം വോട്ടുണ്ടായിരുന്നു. അതായത് കേരള കോണ്‍ഗ്രസിന്റെ മാണി വിഭാഗത്തിന്റെ 2.54 ശതമാനവും, ജനതാദളിന്റെ 1.40 ശതമാനവും ഐഎന്‍എല്ലിന്റെ 0.66 ശതമാനവും കൂടെ ചേര്‍ക്കുമ്പോഴാണ് 47.70 ശതമാനമാകുന്നത്. (തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികളുടെ വോട്ടുവിഹിതമാണ് മുകളില്‍ നല്‍കിയത്). ചുരുക്കത്തില്‍ 47.70 വോട്ടുണ്ടായിരുന്ന വിപുലീകരിച്ച ഇടതുമുന്നണിക്ക് 96 സീറ്റുകളാണ് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നത്. 2021 ലെ ഇടതു മുന്നണിയെ വിലയിരുത്തുമ്പോള്‍ അത് മൂന്ന് കൂടി വര്‍ദ്ധിച്ച് 99 ആയി ഉയര്‍ന്നു എന്നതാണ്. അതായത് ഭരണത്തിന്റെ മികവുകൊണ്ടല്ല മറിച്ച് മുന്നണിയുടെ വിപുലീകരണം കൊണ്ടാണ് 2021 ലെ ഇടതുമുന്നണി 99 ആയി ഉയര്‍ത്തിയത്. എടുത്തുപറയേണ്ടവസ്തുത 2016 ല്‍ നിന്ന് വിപുലീകരിച്ച ഇടതു മുന്നണിയ്ക്ക് 47.70 ശതമാനം വോട്ടും. 96 സീറ്റുമാണ് ഉണ്ടായിരുന്നെങ്കില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ അത് കേവലം മൂന്ന് സീറ്റ് കൂടി 99 സീറ്റായി വര്‍ദ്ധിച്ചു. കുടാതെ വോട്ട് 45.33 ശതമാനമായി കുറയുകയാണുണ്ടായത്. അതായത് വോട്ടുവിഹിതത്തില്‍ 2.37 ശതമാനത്തിന്റെ കുറവാണ് ഇടതുമുന്നണിയ്ക്ക് ഉണ്ടായത്.സ്വാഭാവികമായും ഇടതു തരംഗമുണ്ടായി എന്നവാദം തികച്ചും തെറ്റാണ്. മുന്നണിവിപുലീകരണത്തിലൂടെ ഇടതുപക്ഷമുന്നണി അധികാരം നിലനിര്‍ത്തുകയാണുണ്ടായത്.വിജയത്തെ കുറച്ചു കാണിക്കുകയല്ല മറിച്ച് വസ്തുതകളെ ശരിയായ വിലയിരുത്തുകയാണ് ചെയ്തത്.
ഇടതുമുന്നണി വിപുലീകരിച്ചു എന്നതു കൊണ്ട് മാത്രമല്ല, എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അധികാരം നിലനിര്‍ത്തി എന്നത് പഠനവിധേയമാക്കേണ്ടതു തന്നെയാണ്. വോട്ടിന്റെ കാര്യത്തില്‍ കൊല്ലം, എറണാകുളം ജില്ലകളില്‍ ഇടതുമുന്നണിക്ക് നഷ്ടം ഉണ്ടായപ്പോള്‍ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട് തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കി. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതി ഇടതുമുന്നണിക്ക് ദോഷം ചെയ്തില്ല. ഇടതു മുന്നണിക്ക് ബാദ്ധ്യതയാകുമെന്ന് കരുതിയ ജലീല്‍ വിജയിച്ചു. ഭാര്യമാരെ വഴിവിട്ടു സഹായിച്ചു വെന്ന ആരോപണം നേരിട്ട ഷംസീറും, രാജേഷും ജനകീയകോടതിയില്‍ പ്രിയമുള്ളവരായി.
ജയരാജന്മാരെയും, ബാലനെയും, തോമസ് ഐസക്കിനെയും ജി സുധാകരനെയും തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയത് സിപിഎമ്മിന് ഗുണം ചെയ്തു. അതിനൊപ്പം ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയത് ഇടതുപക്ഷത്തിന് നേട്ടമായി. കൂടാതെ ഇടതുമുന്നണിയ്ക്ക് അനുകൂലമായി മുസ്ലിം വോട്ടിന്റെ ധ്രുവീകരണം ഉണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ വോട്ട് ഇടതുപക്ഷത്തിന് സഹായകമായി. ചുരുക്കത്തില്‍ ഘടകക്ഷികളുടെ വിപുലീകരണം, മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണം. യുവാക്കളുടെ പുതുനിര, അടവുനയങ്ങളുടെ ശക്തമായ പ്രയോഗം എന്നിവ ഒത്തൊരുമിച്ചപ്പോള്‍ ഇടതുപക്ഷം വിജയം ഉറപ്പാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേയ്ക്ക് ധ്രുവീകരിച്ചതിന് സമാനമായ ധ്രുവീകരണമാണ് 2021 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായി ഉണ്ടായത്. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് മുസ്ലിം ന്യൂനപക്ഷമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
ഹിന്ദുത്വരാഷ്ട്രീയത്തെയും, നരേന്ദ്രമോദിയുടെ ഭരണത്തെയും ന്യൂനപക്ഷവിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇടതുപക്ഷത്തേയ്ക്ക് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അടുക്കുന്നതിന് പൗരത്വനിയമ ഭേദഗതിക്കെതിരായ സമരം സഹായകമായി. മുസ്ലിംലീഗ് കോട്ടകള്‍ക്ക് പുറത്തുള്ള മുസ്ലിം വോട്ടുകളാണ് ഇടതുപക്ഷം ലക്ഷ്യമിട്ടതെങ്കിലും തെരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളില്‍ വിള്ളലുണ്ടാക്കാനും സിപിഎമ്മിനു കഴിഞ്ഞു. ഇടതുപക്ഷസ്വതന്ത്രന്മാര് നിര്ണ്ണായകറോളാണ് നിര്‍വഹിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് ഇടതുപക്ഷം നല്ലൊരു ആയുധമാക്കി. യുവാക്കളില്‍ ഏറെ ചലനം ഉണ്ടാക്കിയ വിഷയമായിരുന്നു പെട്രോളിന്റെ വിലവര്‍ദ്ധനവ്. കേരളത്തില്‍ തൊണ്ണൂറ്റി രണ്ട് ലക്ഷം ടൂവീലര്‍ ഉള്ള സംസ്ഥാനമാണ്. സ്വാഭാവികമായും പെട്രോളിന് ജിഎസ്ടി വേണമെന്ന ആവശ്യം എന്‍ഡിഎ ഉന്നയിച്ചെങ്കിലും നവമാധ്യമങ്ങളിലൂടെയുള്ള പെട്രോള്‍ വില വര്ദ്ധനവിെനതിരായ ഇടതു പ്രചാരണം യുവാക്കളില്‍ സ്വാധീനം ചെലുത്തി.
യുഡിഎഫിന്റെ തകര്‍ച്ച
രാഷ്ട്രീയമായ അനുകൂല സാഹചര്യം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നയിച്ച പ്രതിപക്ഷത്തിന് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. നാലു ശതമാനത്തിലധികം വോട്ടു ഷെയറുള്ള ഘടകകക്ഷികള്‍ ഇടതുമുന്നണിയില്‍ ചേക്കേറിയത് വലതുമുന്നണിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു, കോട്ടയം, ഇടുക്കി ,പത്തനംതിട്ട ജില്ലകളില്‍ ഇടതുമുന്നണിയ്ക്ക് മാണി കേരള കോണ്‍ഗ്രസിന്റെ പങ്കാളിത്തം ഗുണം ചെയ്തു. 2016 ല്‍ 47 സീറ്റുകളും 38.63 ശതമാനം വോട്ടും നേടിയ യുഡിഎഫ് 2021 ല്‍ 41 സീറ്റിലേയ്ക്ക് ഒതുങ്ങി. വോട്ടിംഗ് ശതമാനം 39.37 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണ്. രണ്ടു പ്രധാന ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും, ജനതാദളും പുറത്തുപോയിട്ടും, യുഡിഎഫ് വോട്ടുവിഹിതം കൂട്ടി എന്നത് ശ്രദ്ധേയമാണ്. ഇവിടെ എടുത്തുപറയേണ്ട വസ്തുത യുഡിഎഫ് 41 അംഗങ്ങളില്‍ 32 പേരും ന്യൂനപക്ഷവിഭാഗത്തില്പെട്ടവരാണ് എന്നതാണ്. കേവലം ഒമ്പതു പേരാണ് ഭൂരിപക്ഷഹിന്ദുവിഭാഗത്തില് നിന്ന് യുഡിഎഫ് പാനലില്‍ വിജയിച്ചത്. ഇടതുപക്ഷമുന്നണിയും 31 പേരെ ന്യൂനപക്ഷങ്ങളില്‍ നിന്ന് വിജയിപ്പിച്ചു എന്നത് ന്യൂനപക്ഷ പ്രീണനത്തിന്റെ വ്യാപ്തിവിളിച്ചോതുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ പരാജയത്തെ നോക്കികാണണം. ന്യൂനപക്ഷവിഭാഗങ്ങള്‍ ഇടതുപക്ഷത്തേയ്ക്ക് മാറിയതാണ് യുഡിഎഫിന്റെ തകര്‍ച്ച വലുതാക്കിയത്.
എന്‍ഡിഎയുടെ പരാജയം
2021 ലെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായത് എന്‍ഡിഎയുടെ പരാജയമാണ്. ഒരു സീറ്റിലും വിജയിക്കാനായില്ല എന്നുമാത്രമല്ല ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടു. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുവരാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും എന്‍ഡിഎയുടെ വോട്ട് കുറഞ്ഞതായി കാണാം. 1982 മുതല്‍ ബിജെപിയുടെ വളര്‍ച്ച മുന്നോട്ടാണ്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 10.82 ശതമാനമാണ് എന്‍ഡിഎ വോട്ട്. അത് 15.4 ശതമാനമായി 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു. 2016ല്‍ അത് 15.02 ശതമാനമായി. 2019 ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ 15.64 ശതമാനമായും, 2020 ലെ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് 15.02 ശതമാനമായും അത് മാറി. എല്ലാ അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായിട്ടും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 12.47 ശതമാനമായികുറഞ്ഞു. എന്‍ഡിഎ ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ വോട്ട് ഗണ്യമായികുറഞ്ഞു. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും പിന്നോട്ടുപോയതിന്റെ കാരണങ്ങള്‍ ബന്ധപ്പെട്ടവര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന ഭരണം ഇടതുമുന്നണിയുടെ അഴിമതിയില്‍ മുങ്ങിയ അഞ്ചുവര്‍ഷത്തെ ഭരണം, കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ തകര്‍ച്ച, ന്യൂനപക്ഷപ്രീണനം മുഖമുദ്രയാക്കിയ ഇടതു- വലതു മുന്നണികള്‍, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മികച്ചപ്രകടനം, റോഡ്ഷോകള്‍ ഇവയൊക്കെ ഉണ്ടായിട്ടും വോട്ടര്‍മാര്‍ ആകര്‍ഷിക്കപ്പെട്ടില്ല. 4,29,834 വോട്ടുകളാണ് 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞത്. പട്ടിക എന്‍ഡിഎയുടെ പ്രകടനത്തെ വിശദമാക്കുന്നു. റോഡുകളില്‍ കണ്ട ഷോകള്‍ വീടുകളില്‍ എത്തിയില്ല. ബുത്തുതല പ്രവര്‍ത്തനം പ്രതീക്ഷിച്ചതുപോലെ നടന്നില്ല. എല്ലാ നേതാക്കളും സ്ഥാനാര്‍ത്ഥികളായതോടെ സംഘടനചലിച്ചില്ല. ശബരിമല വിഷയത്തില്‍ കാണിച്ച താല്പര്യം ജനകീയവിഷയങ്ങളില്‍ കാണിച്ചില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുന്നോട്ട്, കുതിക്കുമ്പോള്‍ കേരളത്തില്‍ ശക്തമായ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടും പിന്നോട്ടടിക്കുന്നതിന്റെ മൂലകാരണം പഠനവിഷയമാക്കേണ്ടതാണ്. ചില ജില്ലകളിലെ വോട്ട് തകര്‍ച്ച ഭീമമാണ്. (പട്ടിക കാണുക). ഏറെ അനുകൂല രാഷ്ട്രീയ കാലാവസ്ഥയുണ്ടായിട്ടും ബിജെപിയും എന്‍ഡിഎയും പുറകോട്ടു പോയത് വിശദമായി വിലയിരുത്തപ്പെടണം. തുറന്ന ചര്‍ച്ചയുണ്ടാവണം തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നേറാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: