ചെങ്ങന്നൂര്‍: ദുരൂഹ സാഹചര്യത്തില്‍ പതിനേഴുകാരിയെ കാണാതായിട്ട് അഞ്ചുമാസം പിന്നിടുമ്പോഴും കണ്ടെത്താനാകാതെ പോലീസും കുടുംബാംഗങ്ങളും കുഴങ്ങുന്നു. പാണ്ടനാട് പഞ്ചായത്ത് 12 -ാം വാര്‍ഡില്‍ പടിഞ്ഞാറ്റുംമുറി മഠത്തില്‍ തെക്കേതില്‍ കൃഷ്ണവേണിയെയാണ് 2020 നവംബര്‍ ആറു മുതല്‍ കാണാതായത്. അന്നേദിവസം രാവിലെ 11 വരെ വീട്ടിലുണ്ടായിരുന്നു. അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കാണാതാകുമ്പോള്‍ മഞ്ഞ നിറമുള്ള ചുരിദാറും കാലില്‍ സ്വര്‍ണ പാദസരം, കഴുത്തില്‍ സ്വര്‍ണമാല, കാതില്‍ സ്വര്‍ണ കമ്മല്‍ എന്നിവ അണിഞ്ഞിരുന്നതായി മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടുകാരുടെ സംശയങ്ങളും നിഗമനങ്ങളും അനുസരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കുടുംബാംഗങ്ങളും ബന്ധുക്കളും അവരുടേതായ വഴിയിലും അന്വേഷണം നടത്തി.
യുവതിയുടെ തിരോധാനം സംബന്ധിച്ച പരാതിയില്‍ കേസെടുത്ത പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചെങ്ങന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കുടാതെ യുവതിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് റിട്ട് ഫയല്‍ ചെയ്തിരുന്നു.
പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. എസ്എച്ച്ഒ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍- 94979 80268, ഡിവൈഎസ്പി ചെങ്ങന്നൂര്‍-94979 90043, ജില്ലാ പോലീസ് മേധാവി ആലപ്പുഴ – 9497996982 എന്ന നമ്പരില്‍ ബന്ധപ്പെടണം.
















