ന്യൂദല്‍ഹി : കോവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി എത്തിയത് 14 രാജ്യങ്ങള്‍. ഏപ്രില്‍ 24 മുതല്‍ ഈ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. കോവിഡിന്റെ തുടക്കത്തില്‍ ഇന്ത്യ വിവിധ രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. അതിനു പ്രത്യുപകാരമായാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്.
ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ്, മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, ബൈപാപ് മെഷീനുകള്‍, ബെഡ്സൈഡ് മോണിറ്ററുകള്‍, ആന്‍ഡ് വൈറല്‍ മരുന്നുകള്‍, കോവിഡ് വൈറസ് പരിശോധനയ്ക്കായുളള റാപ്പിഡ് കിറ്റുകള്‍, പള്‍സ് ഓക്സിമീറ്റര്‍, എന്‍95 മാസ്കുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയത്.
ഇന്ത്യക്ക് ആദ്യം സഹായമെത്തിച്ചത് യുകെയാണ്, ഏപ്രില്‍ 24ന്. 95 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 20 ബൈപാപ് മെഷീനുകള്‍, 20 വെന്റിലേറ്ററുകള്‍ തുടങ്ങിയവയായിരുന്നു യുകെ ഇന്ത്യക്ക് എത്തിച്ചുനല്‍കിയത്. തൊട്ടുപിറകേ ഏപ്രില്‍ 28 ന് 256 ഓക്സിജന്‍ സിലിണ്ടറുകള്‍ സിങ്കപ്പൂര്‍ എത്തിച്ചു.
പിന്നീട് യുഎസ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായഹസ്തവുമായി എത്തിയിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും അടക്കം 40 ടണ്‍ സാധനങ്ങളുടെ രണ്ടാംഘട്ടവും കുവൈത്ത് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.
കുവൈത്തിലെ അബ്ദുള്ള അല്‍ മുബാറക് എയര്‍ ബേസില്‍ നിന്നാണ് അത്യാവശ്യ സാധനങ്ങളടങ്ങിയ വിമാനം ഇന്ത്യയിലേത്ത് തിരിച്ചത്. സൗഹൃദ രാജ്യമായ ഇന്ത്യയിലെ ആശുപത്രികളില്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന് അല്‍ ഔന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: