ദേവന്മാരുടെ ഗുരുവാണ് ബൃഹസ്പതി.
അംഗിരസ്സ് മഹര്‍ഷിയുടെ പുത്രന്‍. ഉതഥ്യന്റെ അനുജന്‍. ദീര്‍ഘതമസിന്റെ ഇളയച്ഛന്‍. ദേവേന്ദ്രന്റെ ഗുരുവായ ബൃഹസ്പതി തന്നെയാണ് ശ്രീകൃഷ്ണന്റെ ഉറ്റസുഹൃത്തായ ഉദ്ധവരുടെയും ഗുരു. ഭാരത പുരാണങ്ങളില്‍ ബൃഹസ്പതിയുടെയും ശുക്രാചാര്യരുടെയും സ്ഥാനം വളരെ വലുതാണ്. രാഷ്‌ട്രീയ തന്ത്രങ്ങളില്‍ ഇരുവരും വളരെ സമര്‍ത്ഥര്‍. ഒന്നിനൊന്നു മെച്ചം. ശുക്രാചാര്യര്‍ക്ക് മൃതസഞ്ജീവനി മന്ത്രം പോലും അറിയാം.
ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ കൊല്ലപ്പെട്ട മഹാബലിയെ ശുക്രാചാര്യര്‍ പുനരുജ്ജീവിപ്പിച്ചു. അത് യുദ്ധത്തില്‍ ദേവന്മാരുടെ തോല്‍വിക്കും കാരണമായി.
എന്നാല്‍ തന്ത്രം കീഴടങ്ങേണ്ടിടത്ത് കീഴടങ്ങാനും കാലു പിടിക്കേണ്ടത് അതിനും ഒളിച്ചു കഴിയേണ്ടത് ഒളിക്കാനും ആള്‍മാറാട്ടം ആവശ്യമായി വന്നാല്‍ അത് ചെയ്യാനും എല്ലാം ബൃഹസ്പതിയുടെ ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കും. അവസരത്തിനൊത്തു നീങ്ങാന്‍ അദ്ദേഹത്തിന് പ്രത്യേകം ഒരു കഴിവുണ്ട്. ശ്രീമദ് ഭഗവദ്ഗീതയില്‍ വിഭൂതി യോഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു:
പുരോധസാം ച മുഖ്യം മാം
വിദ്ധി പാര്‍ഥ ബൃഹസ്പതിം
ഹേ, പാര്‍ത്ഥ പുരോഹിത മുഖ്യന്മാരില്‍ ബൃഹസ്പതി ഞാന്‍ തന്നെ എന്ന് തിരിച്ചറിയുക.
അഹമാത്മാ ഗുഡാകേശ
സര്‍വഭൂതാശയ സ്ഥിതഃ
അഹം ആദിശ്ച മധ്യം ച
ഭൂതാനാമന്ത ഏവ ച
ഹേ, അര്‍ജുനാ ആദിയും മദ്ധ്യവും അന്തവും ഞാന്‍ തന്നെയാണ്. സര്‍വ്വഭൂതങ്ങളുടെയും ഉള്ളില്‍ വിളങ്ങുന്ന ചൈതന്യം ഞാന്‍ തന്നെയാണ്. ഇങ്ങനെ വിഭൂതികളെക്കുറിച്ച് പറയുന്നിടത്താണ് ബൃഹസ്പതി താന്‍ തന്നെയെന്ന് ശ്രീകൃഷ്ണഭഗവാന്‍ വ്യക്തമാക്കിയത്. പ്രാഗല്‍ഭ്യത്തില്‍ മിടുക്കനാണെങ്കിലും മൃതസഞ്ജീവനിവിദ്യ അറിയാത്തതിനാല്‍ താന്‍ പലപ്പോഴും ശുക്രാചാര്യരേക്കാളും പിന്നിലായി പോകുന്ന എന്ന സങ്കടം ബൃഹസ്പതിയില്‍ കടുത്ത നിരാശ ഉളവാക്കിയിരുന്നു. ദേവന്മാര്‍ വധിക്കുന്ന പല അസുരന്മാരേയും ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രത്താല്‍ പുനരുജ്ജീവിപ്പിക്കുന്നു. ഇതിന് എന്താണ് പരിഹാരം.
ഒരിക്കല്‍ ബൃഹസ്പതി തന്റെ മകനായ കചനെ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ചു. എങ്ങനെയെങ്കിലും, ഏതു വേഷം കെട്ടിയിട്ടാണെങ്കിലും ശുക്രാചാര്യരില്‍ നിന്നും മൃതസഞ്ജീവനി വിദ്യ പഠിച്ചെടുക്കണം.
ഇതനുസരിച്ച് കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തില്‍ ചെന്നു. ശുക്രാചാര്യരുടെ പാദസേവ ചെയ്യാനായി ദീര്‍ഘ ദൂരം സഞ്ചരിച്ചു വന്നതാണ് താനെന്ന് ശുക്രാചാര്യരുടെ മുന്നില്‍ വ്യക്തമാക്കി. ഏറെ വിനയത്തോടെ തന്റെയടുത്തുവന്ന് കചനെ ശുക്രാചാര്യര്‍ മമതയോടെ തന്നെ സ്വീകരിച്ചു.
ശുക്രാചാര്യരുടെ പുത്രി ദേവയാനിക്ക് കചനെ നന്നായി ഇഷ്ടപ്പെട്ടു. കിട്ടുന്ന ഇടവേളകളില്‍ കചനോടൊത്ത് കളിക്കാനും ആഹ്ലാദിക്കാനും ദേവയാനി സമയം കണ്ടെത്തി. ശുക്രാചാര്യര്‍ വിവരം അറിഞ്ഞെങ്കിലും മകളുടെ താല്‍പര്യത്തിനെതിരെ നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
അല്ലെങ്കിലും താന്‍ കചനെ ദ്വേഷിക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് ശുക്രാചാര്യര്‍ കണക്കാക്കി. കചന്‍ തന്നോട് നുണയൊന്നും പറഞ്ഞിട്ടില്ല. വളരെ വിനയത്തോടെയാണ് പെരുമാറിയിട്ടുള്ളത്. നന്നായി പാദസേവ ചെയ്യുന്നുണ്ട് . പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. നല്ല ഒരു ശിഷ്യന്‍ തന്നെയാണ് കചന്‍ എന്ന ശുക്രാചാര്യര്‍ കണക്കാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: