കൊല്‍ക്കൊത്ത: തൃണമൂല്‍ അധ്യക്ഷയായ മമത ബാനര്‍ജി നന്ദിഗ്രാം എന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് ഇക്കുറി മത്സരിച്ചത്. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയോട് തോല്‍ക്കുകയും ചെയ്തു. എങ്കിലും മമതയെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് തൃണമൂല്‍ പദ്ധതി. തോറ്റിട്ടും മുഖ്യമന്ത്രിയാകുന്നത് അവരുടെ അന്തസ്സില്ലായ്മയാണ് കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മമതയെപ്പോലെയുള്ള ഒരു രാഷ്ട്രീയ നേതാവില്‍ നിന്നും അധികാരത്തോട് ഇത്രയും ആര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്നും അഭിപ്രായമുണ്ട്. മെയ് അഞ്ചിന് ബംഗാള്‍ മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍.
തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മുഖ്യമന്ത്രിയാകാന്‍ പക്ഷെ മമതയ്ക്ക് മടിയില്ല. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതയെ ജയിപ്പിച്ചെടുക്കാനാണ് പദ്ധതി. ഭരണഘടനയുടെ 164(4) വകുപ്പില്‍ ഒരു മന്ത്രിയ്ക്ക് തെരഞ്ഞെടുപ്പില്‍ തോറ്റാലും സ്ഥാനത്ത് തുടരാമെന്നും ആറ് മാസത്തിനകം വീണ്ടും മത്സരിച്ച് ജയിച്ച് കാണിച്ചാല്‍ മതിയെന്നുമാണ് തൃണമൂല്‍ വ്യാഖ്യാനം.
മുന്‍പും ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2017ല്‍ ഗോവയില്‍ ഇതിന് സമാനമായ സാഹചര്യം ഉണ്ടായി. അന്ന് ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കര്‍ മാന്‍ഡ്രെം സീറ്റില്‍ നിന്ന് തോറ്റപ്പോള്‍ പക്ഷെ ബിജെപി അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി അവരോധിച്ചില്ല. ജാര്‍ഖണ്ഡില്‍ 2009ലും സമാനമായ അന്തരീക്ഷം ഉണ്ടായി. അന്ന് മുഖ്യമന്ത്രിയായ ഷിബു സോറന് തെരഞ്ഞെടുപ്പില്‍ തോറ്റു. അദ്ദേഹം ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പില്‍ തോറ്റത്. സോറന് പരാജയപ്പെട്ടപ്പോള്‍ ഇവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
1970ല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ ത്രിഭൂവന്‍ നാരായണ്‍ സിംഗും ഉപതെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന് മുതിര്‍ന്ന പാര്‍ട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. 1956 വോട്ടുകള്‍ക്കാണ് മമത തോറ്റത്. ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ മത്സരിക്കൂ എന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി മമത ഏറ്റെടുക്കുകയായിരുന്നു. തോറ്റാല്‍ താന്‍ തലമൊട്ടയടിക്കുമെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും വരെ സുവേന്ദ്ു അധികാരി പറഞ്ഞിരുന്നു. ജനവിധി എതിരായിട്ടും വീണ്ടും മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന മമത ജനാഭിലാഷത്തിനാണ് എതിര് നില്‍ക്കുന്നതെന്ന് സംശയമില്ല. മാത്രമല്ല, ബംഗാള്‍ രാഷ്ട്രീയത്തില്‍ അവരുടെ ഏകാധിപത്യമനസ്ഥിതി കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്. എനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന ഏകാധിപതികളായ ഭരണാധികാരികളുടെ പട്ടികയിലേക്ക് അങ്ങിനെ മമതയും സ്ഥാനം പിടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: