ന്യൂദല്‍ഹി: ദല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യസൂചനകള്‍ കാണുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
രോഗം ഭേദമാകുന്നതിന്റെ നിരക്ക് ഈ സംസ്ഥാനങ്ങളില്‍ കുറയുന്നുവെന്ന കണക്കാണ് പ്രതീക്ഷ പകരുന്നത്. രോഗമുക്തി നിരക്ക് മെയ് രണ്ടിന് 78 ശതമാനമായിരുന്നത് മെയ് 3ന് 82 ശതമാനമായി ഉയര്‍ന്നതാണ് പ്രതീക്ഷ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
ദല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ദിവസേനയുള്ള രോഗബാധയുടെ നിരക്കിലും അല്പം കുറവ് കാണുന്നതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അതേ സമയം രോഗത്തിനെതിരായ ജാഗ്രത പഴയപടി നിലനിര്‍ത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അസം, ബീഹാര്‍, കേരളം, കര്‍ണ്ണാടക, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, ഒഡിഷ, സിക്കിം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിലും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം ആക്ടീവ് കോവിഡ് കേസുകള്‍ ഉണ്ടെങ്കില്‍, ഏഴ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ കേസുകളും മറ്റ് 17 സംസ്ഥാനങ്ങളില്‍ 50,000ല്‍ കുറവ് കേസുകളുമാണ് ഉള്ളത്. 18നും 44നും ഇടയിലുള്ള 18 ലക്ഷം പേര് വാക്സിനെടുത്തു. ആകെ 15.72 കോടി പേരാണ് ഇതുവരെ വാക്സിന് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായി പുതുതായി ഏകദേശം 10000 ഓക്സിജന്‍ ഘടിപ്പിച്ച കിടക്കകള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ വിതരണം, ഉല്പാദനം എന്നിവ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 125 ശതമാനം വര്‍ധനയാണ് ഓക്സിജന്‍ ഉല്പാദനത്തില് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ 9000 മെട്രിക് ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: