കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഇടതുപക്ഷം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും ഒരു സീറ്റു പോലും നേടാന്‍ സിപിഎമ്മിനായില്ല. 1957 മുതലുള്ള ചരിത്രത്തില്‍ ആദ്യമായാണ് ഇടതുകക്ഷികള്‍ ഈ ഗതിയുണ്ടാകുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 44 സീറ്റും 12.25 % വോട്ടും, സിപിഎമ്മിന് 26 സീറ്റും 19.75 % വോട്ടും ലഭിച്ചിരുന്നു; സിപിഐക്ക് ഒരു സീറ്റും 1.45 % വോട്ടും. എന്നാല്‍ ഇത്തവണ ഒത്തുചേര്‍ന്ന് മത്സരിച്ചിട്ടും ഒരു പാര്‍ട്ടിക്കും സീറ്റുകള്‍ നേടാനായില്ല. സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേര്‍ന്ന് സംയുക്തമുന്നണി രൂപികരിച്ചായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2018 ലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാന പ്രകാരമാണ് ഈ നീക്കുപോക്ക് മുന്നണി ഉണ്ടാക്കിയത്. എന്നാല്‍ മുന്നണിയില്‍ അംഗങ്ങളായ എല്ലാ പാര്‍ട്ടികള്‍ക്കും നഷ്ടംമാത്രമാണ് ഉണ്ടായത്.
സിപിഎം കേന്ദ്ര നിലപാട് തള്ളിയാണ് 2016ല്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചത്. തുടര്‍ന്ന് ഇതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും പരസ്യ വിയോജിപ്പുമായി സിപിഐ രംഗത്തുവരുകയും ചെയ്തിരുന്നു. ഇക്കുറി തെരഞ്ഞെടുപ്പില്‍, സി.പി.എം(120), കോണ്‍ഗ്രസ്(95), ഐ.എസ്.എഫ്(37), സി.പി.ഐ(11), ഫോര്‍വേഡ് ബ്ലോക്ക്(14), ആര്.എസ്.പി(11) എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. കഴിഞ്ഞ പ്രാവശ്യം 44 സീറ്റ് നേടിയ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായി. 148 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് 26 സീറ്റ് മാത്രമാണു കിട്ടിയത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി. ഇക്കുറി മുഖ്യപ്രതിപക്ഷമായി മാറി. തൃണമൂല്‍ കോണ്‍ഗ്രസ്(47.98%), ബി.ജെ.പി(38.05), സി.പി.എം(4.51%), കോണ്‍ഗ്രസ്(3.03) എന്നിങ്ങനെയാണ് ഇക്കുറി ലഭിച്ച വോട്ട് വിഹിതം. 2011 വരെ സി.പി.എമ്മായിരുന്നു തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ചത്. 34 വര്‍ഷം നീണ്ടുനിന്ന ആധിപത്യം അവസാനിപ്പിച്ചത് മമതാ ബാനര്‍ജിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: