ബെയ്ജിംഗ് : ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ പരിഹസിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ ഈ പോസ്റ്റിനെതിരായ പ്രതിഷേധവും വ്യാപകമാവുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഈ പോസ്റ്റ് വെയ്ബോയില്‍ പ്രത്യക്ഷപ്പെട്ടത്.
ചൈനയിലെ പ്രമുഖ സമൂഹമാധ്യമ സൈറ്റായ വെയ്ബോയിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടില്‍ നിന്നും ഇന്ത്യയ്‌ക്കെതിരായ ഈ പരിഹാസം. ചൈന അടുത്തിടെ വിക്ഷേപിച്ച റോക്കറ്റിന്റെ ചിത്രവും ഇന്ത്യയിൽ കോവിഡ് രോഗം മൂലം മരിച്ചവരുടെ ശവം ദഹിപ്പിക്കുന്ന ചിത്രവുമാണ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ‘ചൈനയില്‍ തീ കൊളുത്തുന്നു….ഇന്ത്യയിലും തീ കൊളുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. ചൈനീസ് ഭാഷയിലാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ചൈനയില്‍ തീ കൊളുത്തുന്നത് റോക്കറ്റുകള്‍ ബഹിരാകാശത്തിലേക്കയക്കാനാണെങ്കില്‍ ഇന്ത്യയില്‍ തീ കൊളുത്തുന്നത് ശവങ്ങള്‍ കത്തിക്കാനാണ് എന്ന ക്രൂരമായ ഫലിതമായിരുന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പങ്കുവെയ്‌ക്കാന്‍ ശ്രമിച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ പൊളിറ്റിക്കൽ ആന്‍റ് ലീഗൽ അഫയേഴ്‌സ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷമായത്. 1.5 കോടി പേരാണ് ഈ അക്കൗണ്ട് പിന്തുടരുന്നത്. എന്നാല്‍ ഈ പോസ്റ്റിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ നിന്നും മറ്റ് രാഷ്‌ട്രങ്ങളില്‍ നിന്നും ഉയര്‍ന്നതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി. വിമർശനങ്ങൾ ഉയർന്നപ്പോള്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചതായിരിക്കാമെന്ന് പറയപ്പെടുന്നു.
ഈ വിഷയത്തില്‍ മാപ്പപേക്ഷയുമായി ചൈനയിലെ ഗവേഷകനായ ഡോംഗ് മെൻഗ്യു രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാരോട് താൻ മാപ്പപേക്ഷിക്കുന്നതായി എന്ന് ഡോംഗ് പറഞ്ഞു.വെയ്ബോ അക്കൗണ്ടിലൂടെ പുറത്ത് വന്ന പോസ്റ്റ് തന്നെ പ്രതിനിധീകരിക്കുന്നില്ല. നാം ഒരേ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നും നിങ്ങളുടെ വിഷമം തങ്ങൾക്ക് മനസിലാകുമെന്നും ഡോംഗ് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനിടയിലായിരുന്നു ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ചൈനയുടെ വിവാദ പോസ്റ്റ്.
ഇന്ത്യയില്‍ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ പല രാഷ്‌ട്രങ്ങളും ഇന്ത്യയ്‌ക്ക് സഹായമെത്തിച്ചെങ്കിലും ചൈനയില്‍ നിന്നുള്ള സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ ബലിദാനികളായ അതിര്‍ത്തിത്തര്‍ക്കത്തിന് ശേഷം കരുതലോടെയാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ നീങ്ങുന്നത്. ഇതിനിടെ രണ്ടാം തരംഗമുണ്ടായപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ത്തി ഇന്ത്യയെയും അമേരിക്കയെയും അകറ്റാനും ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സിന്‍ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് നല്‍കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെ പ്രഖ്യാപിച്ചതോടെ ചൈന പ്രതിരോധത്തിലായി. ഇതോടെ ചൈനയുടെ ഇരട്ടത്താപ്പ് പൊളിഞ്ഞു.
ഇതിനിടെ ചൈനയില്‍ നിന്നും ഓക്സിജന്‍ കോണ്‍സെട്രേറ്റുകള്‍ കൊണ്ടുവരാന്‍ പലരും ശ്രമിച്ചുകൊണ്ടിരിക്കെ ചൈനയില്‍ നിന്നുള്ള ചരക്ക് വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തു. ഇതിനെതിരെ കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ സോനു സൂദ് പ്രതികരിച്ചത് ഇന്ത്യയിലെ ചൈനക്കാരുടെ സ്ഥാനപതി കാര്യാലയത്തില്‍ വലിയ അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതിനെല്ലാമിടയ്‌ക്കാണ് വീണ്ടും ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പട്ടാളക്കാര്‍ക്ക് സ്ഥിരതാമസത്തിനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതായി വാര്‍ത്ത വന്നത്. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്ന ചൈന അതേ സമയം ഇന്ത്യയ്‌ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധാരണ പരത്താനും ശ്രമിക്കുകയാണ്. എന്തായാലും ചൈനയുടെ ഈ ഇരട്ടത്താപ്പ് ഇന്ത്യ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനിടയ്‌ക്കാണ് എല്ലാം വെളിവാക്കുന്ന ഈ ക്രൂരഫലിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: