തൃശൂര്‍: കേരള രാഷ്‌ട്രീയത്തില്‍ കെ. കരുണാകരന് ശേഷം വിവാദങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ നേതാവാര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. പിണറായി വിജയന്‍. സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനായിത്തുടങ്ങിയ തൊണ്ണൂറുകളുടെ രണ്ടാം പകുതി മുതല്‍ വലിയ വിവാദങ്ങള്‍ പിണറായിയെ തുടര്‍ച്ചയായി തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് നേതാവിനും എതിരെ ഉയരാത്തത്ര ഗുരുതരമായ ആരോപണങ്ങളെ പിണറായി നേരിട്ടിട്ടുണ്ട്.
സാധാരണ നിലയ്‌ക്ക് എന്നേ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും സജീവരാഷ്‌ട്രീയത്തില്‍ നിന്നും പുറന്തള്ളപ്പെട്ടുപോകാവുന്നത്രയും ആഴമേറിയ ആരോപണങ്ങളാണ് വ്യക്തിപരമായി പിണറായി നേരിട്ടത്. ഈ ആരോപണങ്ങള്‍ പിണറായി വിജയന്റെ ഇമേജിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയെന്നത് വസ്തുതയാണ്. അവയെ സ്വതസിദ്ധമായ ശൈലിയില്‍ എങ്ങനെ മറികടക്കാന്‍ അദ്ദേഹത്തിനായി എന്നതാണ് പിണറായി എന്ന നേതാവിന്റെ പ്രായോഗിക രാഷ്‌ട്രീയം. വിവാദങ്ങളെയും ആരോപണങ്ങളെയും മറികടക്കുന്നതില്‍ കെ. കരുണാകരന്‍ കാണിച്ച മെയ്‌വഴക്കം പിണറായി വിജയനും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പക്ഷേ രണ്ടുപേരുടേയും ശൈലി വ്യത്യസ്തമായിരുന്നു. കരുണാകരന്‍ നയതന്ത്രം കൊണ്ടാണ് വെല്ലുവിളികളെ നേരിട്ടത്. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പാഠങ്ങള്‍ പഠിക്കാന്‍ കോണ്‍ഗ്രസിലെ പിന്‍തലമുറ കരുണാകരനെ പാഠപുസ്തകമാക്കി. പിണറായി പക്ഷേ നയതന്ത്ര സമീപനമായിരുന്നില്ല, ഏകാധിപത്യത്തിന്റെയും കയ്യൂക്കിന്റെയും ശൈലിയാണ് സ്വീകരിച്ചത്.
പാര്‍ട്ടിയുടെ പിന്തുണയും വ്യക്തിത്വപരമായ സവിശേഷതകളും ഇതിന് കാരണമായിട്ടുണ്ട്. ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നയപരമായി രക്ഷപ്പെടുകയുമായിരുന്നു കരുണാകരന്‍ ശൈലിയെങ്കില്‍ പിണറായി വിജയന്‍ അവയെ ഒരു പരിധിവരെ മസില്‍ പവര്‍ കൊണ്ട് നേരിടുകയായിരുന്നു. ലാവ്‌ലിന്‍ ഉള്‍പ്പെടെ തനിക്കെതിരായ ആരോപണങ്ങളെല്ലാം മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കരുണാകരനെപ്പോലെ മാധ്യമങ്ങളെ അനുനയിപ്പിക്കുകയായിരുന്നില്ല മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു പിണറായി. കരുണാകരനെ രാജന്‍ കേസ് വേട്ടയാടിയത് പോലെ പിണറായി നേരിട്ട സംഭവമാണ് ടി.പി. വധം. കൊലപാതകത്തിന് ശേഷവും പൊതുസമൂഹത്തിന് മുന്നില്‍ തെല്ലും കുറ്റബോധമില്ലാതെ ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് പലവട്ടം വിളിച്ചിട്ടുണ്ട് പിണറായി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇ.ഡിക്കെതിരെ കേസെടുത്ത വങ്കത്തരവും പിണറായി ശൈലിയുടെ ഭാഗമാണ്.
അന്വേഷണങ്ങള്‍ തന്നെ അട്ടിമറിച്ച്, ഉദ്യോഗസ്ഥരയെും രാഷ്‌ട്രീയ എതിരാളികളെയും മാധ്യമങ്ങളെ യുംവെല്ലുവിളിച്ചും അധിക്ഷേപിച്ചും പിണറായി പാര്‍ട്ടിയുടെ കൈയടി നേടി. അതോടൊപ്പം നിയമപരമായി വലിയ പോരാട്ടങ്ങളും കോടതികളില്‍ നടത്തി. ഈ പോരാട്ടങ്ങളുടേയും വെല്ലുവിളികളുടേയും ആകെത്തുകയാണ് ഇന്ന് കാണുന്ന പിണറായി വിജയന്‍ എന്ന രാഷ്‌ട്രീയ ബിംബം.
വ്യക്തിപരമായ വെല്ലുവിളികള്‍ മാത്രമല്ല പിണറായിക്ക് നേരിടാനുണ്ടായിരുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സെക്രട്ടറി പദത്തിലുണ്ടായിരുന്നത് പിണറായിയാണ്. 98 മുതല്‍ 2015 വരെ, ഏതാണ്ട് പതിനേഴ് വര്‍ഷക്കാലം. മറ്റൊരു പാര്‍ട്ടി നേതാവും നേരിട്ടിട്ടില്ലാത്ത വിധം ഇക്കാലമത്രയും ഉള്‍പ്പാര്‍ട്ടി പോര് നേരിടേണ്ടിവന്ന സെക്രട്ടറിയാണ് പിണറായി.
64ലേതിന് സമാനമായി പാര്‍ട്ടി മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന് വരെ വിലയിരുത്തലുണ്ടായി. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സര്‍വ്വ സന്നാഹങ്ങളുമെടുത്ത് നടത്തിയ പടപ്പുറപ്പാടിനെയും അതിജീവിക്കാന്‍ പിണറായിക്കായി. ഇവിടെയും പിണറായി പ്രകടിപ്പിച്ചത് ധിക്കാരത്തിന്റെയും കീഴടക്കലിന്റെയും ശരീരഭാഷയും രാഷ്‌ട്രീയവുമായിരുന്നു.
ഇഎംഎസിനും എകെജിക്കും ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കാനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു അച്യുതാനന്ദന്‍. നവകേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ ശംഖുമുഖം കടപ്പുറത്ത് വി.എസിന് ജയ് വിളിക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കി പിണറായി വി.എസിന്റെ പോര് ബക്കറ്റിലെ തിരയിളക്കം മാത്രമാണെന്ന് പ്രഖ്യാപിച്ചു. പ്രശ്‌നങ്ങളെ നേരിടുന്ന പിണറായിയന്‍ രീതിയായിരുന്നു അത്. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ടായിരുന്നു. അവയെല്ലാം പിണറായി ഏറ്റുവാങ്ങി.
വി.എസുമായുള്ള പോരിന്റെ പാരമ്യത്തില്‍ 2007 ല്‍ ഇരുവരെയും പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അന്ന് വി.എസ്. മുഖ്യമന്ത്രിയും പിണറായി പാര്‍ട്ടി സെക്രട്ടറിയുമാണ്. വി.എസ്. പാര്‍ട്ടി നടപടിയെ പരോക്ഷമായി വിമര്‍ശിച്ചപ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി പിണറായി നടപടി ഏറ്റുവാങ്ങി കൂറും വിശ്വസ്തതയും തെളിയിച്ചു. പിണറായി വിജയന്‍ എന്ന തികഞ്ഞ കണ്ണൂര്‍ സഖാവ് എവിടെയെങ്കിലും വിനയവും വിധേയത്വവും കാണിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് മുന്നില്‍ മാത്രമാണ്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. തന്റെ യഥാര്‍ത്ഥ ശക്തിയും ദൗര്‍ബല്യവും പിണറായിക്കറിയാമായിരുന്നു എന്നതാണ് ആ കാരണം. പാര്‍ട്ടിയില്‍ നിന്ന് വേറിട്ടാല്‍ പിന്നെ പിണറായി വിജയന്‍ എന്ന നേതാവില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിടത്താണ് അദ്ദേഹത്തിന്റെ വിജയം. എം.വി. രാഘവന്‍ പാര്‍ട്ടി വിടുമ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായിക്ക് പാര്‍ട്ടി തള്ളിപ്പറയുന്നയാളുടെ പതനം എന്തായിരിക്കുമെന്ന് മറ്റാരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ലായിരുന്നു.
രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാന നാളുകളില്‍ കെ. കരുണാകരനും വി.എസ്. അച്യുതാനന്ദനും തിരിച്ചറിയാതെ പോയ ഈ പാഠം കൃത്യമായി മനസിലാക്കിയതാണ് പിണറായിയുടെ വിജയം. ഒരേസമയം പാര്‍ട്ടി അണികളേയും നേതൃത്വത്തേയും കൂടെ നിര്‍ത്താന്‍ ഈ ശൈലികള്‍ സഹായിച്ചു. അണികള്‍ക്ക് മുന്നില്‍ പ്രതിസന്ധികളില്‍ പതറാത്ത ഇരട്ടച്ചങ്കനായി അവതരിച്ചയാള്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വിധേയനായും നിന്നു.
കെ. കരുണാകരനെപ്പോലെ ആശ്രിതവത്സലന്‍
കെ. കരുണാകരനെപ്പോലെ തന്നെ ആശ്രിതവത്സലനാണ് പിണറായി വിജയന്‍ എന്ന ധാരണ കേരളത്തിലെ രാഷ്‌ട്രീയ മണ്ഡലത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഗോപി കോട്ടമുറിക്കലും പി.കെ. ശശിയുമൊക്കെ ആ ആശ്രിത വാത്സല്യം നേരിട്ട് അറിഞ്ഞവരാണ്. പാര്‍ട്ടി വേദികളില്‍ വി.എസിനെ കൊത്തിപ്പറിച്ചതിന് എം. സ്വരാജ് ഉള്‍പ്പെടെയുള്ള രണ്ടാം നിരക്കാര്‍ക്ക് പിണറായി ആവോളം കൊടുത്തിട്ടുണ്ട്.
എന്നാല്‍ കൂടെ നിന്നവരെ കൈവിടാന്‍ ഒരു മടിയുമില്ല തനിക്കെന്നും പിണറായി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. കണ്ണൂര്‍ രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും എന്നും നിഴലായി കൂടെ നിന്ന ഇ.പി. ജയരാജന്റെ വീഴ്ച ഉദാഹരണമാണ്. കോടിയേരി, എം.എ.ബേബി, തോമസ് ഐസക്ക് തുടങ്ങിയവരെ തരംപോലെ കൂടെ നിര്‍ത്തിയും അകറ്റിയും കളിക്കുന്ന കളികളും പിണറായിയിലെ പ്രായോഗിക രാഷ്‌ട്രീയക്കാരനെ വെളിപ്പെടുത്തുന്നു. വിഎസ്- പിണറായി പോര് കത്തിനില്‍ക്കുന്ന കാലത്ത് ഈ മൂവര്‍ സംഘം പാര്‍ട്ടിക്കുള്ളില്‍ കുറുമുന്നണിയുണ്ടാക്കി നേതൃത്വം പിടിക്കാന്‍ നടത്തിയ നീക്കം പിണറായി പൊളിച്ചത് കോടിയേരിയെയും തോമസ് ഐസക്കിനേയും കയ്യിലെടുത്താണ്.
സെക്രട്ടറിയായ ശേഷം പാര്‍ട്ടിയില്‍ സര്‍വ്വ സ്വീകാര്യനാവാന്‍ ശ്രമിച്ച കോടിയേരിയെ ഒതുക്കാന്‍ ഇ.പി. ജയരാജനെ ഉപയോഗപ്പെടുത്തി. വി.എസിന് ശേഷം ആദര്‍ശം പറഞ്ഞ് തന്റെ വഴിമുടക്കാന്‍ ശ്രമിച്ച എം.എ. ബേബിയെ ദല്‍ഹിക്ക് കെട്ടുകെട്ടിച്ചു. ഇപ്പോള്‍ രണ്ടാംവട്ടം മുഖ്യമന്ത്രിക്കസേരക്കായി കോടിയേരിയും ബേബിയുമായി സന്ധിയിലായി. അതോടെ ഇ.പി. ജയരാജന്‍ പെരുവഴിയിലുമായി. ആശ്രിതവത്സലന്‍ മാത്രമല്ല, സ്വന്തം നിലനില്‍പ്പിനായി ആരെയും തള്ളിക്കളയാന്‍ മടിയില്ലാത്തയാളുമാണ് താനെന്ന് പിണറായി തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന അഞ്ച് വര്‍ഷവും മനസറിഞ്ഞ് കൂടെനിന്ന എം. ശിവശങ്കരന്‍ മറ്റൊരു ഉദാഹരണമാണ്.
പുറമേയ്‌ക്ക് പരുക്കനെന്നും ധിക്കാരിയെന്നും കാതലുള്ള കമ്യൂണിസ്റ്റെന്നും പ്രചരിപ്പിക്കുമ്പോഴും പ്രതിപക്ഷവുമായി ഏറ്റവുമധികം രഹസ്യധാരണ വച്ചുപുലര്‍ത്തുന്നയാളാണ് പിണറായി എന്നതാണ് വസ്തുത. കേരള രാഷ്‌ട്രീയത്തെ ഇളക്കിമറിച്ച ഐസ്‌ക്രീം കേസ് നായനാര്‍ ഭരണകാലത്ത് എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. രണ്ട് പതിറ്റാണ്ടായി കേരളത്തില്‍ പുലരുന്ന ഭരണ പ്രതിപക്ഷ രഹസ്യ ബാന്ധവത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പികളിലൊരാള്‍ പിണറായി വിജയനാണ്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലും സോളാര്‍ തട്ടിപ്പ് കേസുകളിലും ടി.പി. വധക്കേസിലുമെല്ലാം ഈ കൊടുക്കല്‍ വാങ്ങലുകള്‍ കേരളം കണ്ടു. ഇടത് പക്ഷവും വലത് പക്ഷവും തമ്മിലുള്ള ആശയപരമായ വേര്‍തിരിവ് നേര്‍ത്ത് ഇല്ലാതാകുന്നതില്‍ പിണറായി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് വി.എസിന്റെ വിശ്വസ്തരായിരുന്നവര്‍ പറഞ്ഞത് പോലെ അത് ഒരുതരം വലതുപക്ഷ വ്യതിയാനം തന്നെയാണ്. പക്ഷേ അപ്പോഴും പാര്‍ട്ടിയേയും മുന്നണിയേയും വിജയത്തിലേക്കും ഭരണത്തിലേക്കും നയിക്കാനാകുന്നു എന്നതാണ് പിണറായിയുടെ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: