അമ്പലപ്പുഴ; വിജയകൃഷ്ണന് ആനയുടെ കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ടുജസ്റ്റിസ് ഫോര്‍ ടസ്ക്കര്‍ വിജയകൃഷ്ണന് അമ്പലപ്പുഴ ആക്ഷന്‍ കൗണ്‍സില്‍ അഡ്ഹോക്ക് കമ്മിറ്റി വനം വകുപ്പിന് പരാതി നല്കി.
അമ്പലപുഴ തെക്ക് പഞ്ചായത്ത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ജസ്റ്റിസ് ഫോര്‍ ടസ്കര്‍ അഡ്ഹോക്ക് കമ്മിറ്റി വിജയകൃഷ്ണന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കെ. മനോജ് കുമാര്‍, വിജയകൃഷ്ണനെ നടക്കിരുത്തുന്നതിനു വേണ്ടി പ്രയത്നിച്ച വ്യക്തിയും വിജയകൃഷ്ണനേറ്റ മര്‍ദനങ്ങളെക്കുറിച്ചും അവശതകളെക്കുറിച്ചും നവ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചയാളുമായ പി.പ്രേമകുമാര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും കോന്നിയിലെ സംസ്കാരച്ചടങ്ങില്‍ വിജയകൃഷ്ണന്റെ ചിതക്ക് തീ കൊളുത്തിയ വി.ദില്‍ജിത്ത് എന്നിവരാണ് ആലപ്പുഴ അസ. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിലെത്തി പരാതി നല്‍കിയത്.
ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ. ബൈജു ഉള്‍പ്പടെ ആകെ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.
അഡ്വ. കൃഷ്ണരാജ് മുഖാന്തിരം ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡിനെതിരെയും പ്രതികള്‍ക്കെതിരെയും വന്യജീവി പരിപാലന നിയമപ്രകാരവും നാട്ടാന പരിപാലന നിയമപ്രകാരവും യഥാസമയം നടപടികള്‍ സ്വീകരിക്കുവാന്‍ വീഴ്ച വരുത്തിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പ്രതികള്‍ക്കും എതിരെ റിട്ട് ഫയല്‍ ചെയ്യാനും ആക്ഷന്‍ കമ്മറ്റി തയാറെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: