കുളിപ്പിച്ചൊരുക്കി കുട്ടപ്പനാക്കി പിണറായി വിജയനെയും ചുമന്നുകൊണ്ട് സിണ്ടിക്കേറ്റ് മാധ്യമങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. മിന്നല്‍പ്പിണറും പാരിജാതപ്പൂവും ഒടുവില്‍ ക്യാപ്റ്റനുമൊക്കെയായി വിജയനും മേനി നടിച്ച കാലം. അഞ്ചാണ്ട് മുമ്പ് അധികാരത്തിലേറുന്നതിന്റെ തലേന്നാള്‍ രാജ്യത്താകമാനമുള്ള മാധ്യമങ്ങള്‍ക്ക് എറിഞ്ഞുകൊടുത്ത തുട്ടിന്റെ നന്ദി പ്രകടനമാണ് പ്രീപോളായും പോസ്റ്റ് പോളായും സര്‍വേകള്‍ നടത്തി ഇവറ്റകള് പ്രദര്‍ശിപ്പിക്കുന്നത്. സംഗതി തികയാതെ വരുമ്പോള്‍ ഒന്നുമുരളും. അപ്പോള്‍ ഈമ്പിവലിച്ച് സത്തൂറ്റിയെടുത്ത എല്ലിന്‍കഷ്ണം ഒന്നോ രണ്ടോ എറിഞ്ഞുകൊടുത്ത് വിജയമ്പ്രാന് ആട്ടുകട്ടിലില്‍ ആനന്ദം കൊണ്ട് വിശ്രമിക്കും. കിട്ടിയ എല്ലിന് കഷ്ണങ്ങള്‍ നൊട്ടിനുണഞ്ഞ് പിന്നേം ഇവറ്റകള് പാരിജാതപ്പൂവിന് മാലയിടും, കയ്യടിക്കും.
ഇന്ന് വിധി വരും. തുടര്‍ഭരണം മോഹിച്ചിരിപ്പാണ് വിജയന്. തുടരുന്ന കാലത്ത് താന്‍ മാത്രം മതിയെന്നും പിണറായി തീരുമാനിച്ചിട്ടുണ്ട്. കണ്ണുരുട്ടിയും വിരട്ടിയും ഒപ്പം നിര്‍ത്താമെന്ന് ഉറപ്പുള്ള അടിമക്കണ്ണുകള്‍ക്ക് മാത്രം സീറ്റ് നല്‍കിയാണ് വിജയന് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പെന്ഷന്, കിറ്റ്, പള്ളിക്കൂടക്കെട്ടിടം, റോഡുകള്‍, പാലങ്ങള്‍… ഇവയാണ് വികസനം. ഇപ്പറഞ്ഞതിനൊക്കെ കേന്ദ്രസര്‍ക്കാരിന്റെ സഹായം എണ്ണിവാങ്ങി വിജയന് തമ്പേറടിച്ച് ആഘോഷിക്കാന്‍ പാകത്തിന് നടപ്പാക്കാന്‍ കൂട്ടുനിന്ന ഒരുത്തനും ഇനി ഒപ്പം വേണ്ടെന്ന് തീരുമാനിച്ചത് ചെല്ലമെടുപ്പുകാര്‍ പാടിപ്പൊക്കിയ ക്യാപ്റ്റനാണ്. ഐസക്കും രവീന്ദ്രനാഥും സുധാകരനും ഒക്കെ പടിക്ക് പുറത്തായി. പാര്‍ട്ടിയില്‍ കനമുള്ള ഒരുത്തനും ഇനി ബാക്കിയില്ല. അനവസരത്തില്‍ ചിറി കോട്ടി ചിരിക്കുന്ന വിജയരാഘവനാണ് പാര്‍ട്ടിയുടെ നേതാവ്.
തുടര്‍ഭരണമുണ്ടായാല്‍ അത് സര്‍വനാശമാകുമെന്ന് എ.കെ. ആന്റണി പറഞ്ഞത് രണ്ടര്‍ത്ഥത്തിലും ശരിയാണ്. കോണ്‍ഗ്രസിന്റെ സര്‍വനാശമാണ് ആദ്യത്തെ ശരി. കേരളത്തിന്റെ സര്‍വനാശമാണ് രണ്ടാമത്തെ ശരി. സ്വര്‍ണവും ഡോളറും കടത്തി കോര്‍പ്പറേറ്റ് ബിനാമികള്‍ക്ക് ചൂട്ട് പിടിച്ച് സംസ്ഥാനത്തെയാകെ ഒരുവഴിക്കാക്കിയതിന് പിന്നില്‍ വിജയന്റെ വിവരക്കേടും താന്‍പോരിമയുമാണെന്ന് തിരിഞ്ഞുനോക്കുന്ന ആര്‍ക്കും മനസ്സിലാകും. പ്രളയവും പേമാരിയും മഹാമാരിയും ദുരന്തം വിതച്ച നാളുകളില്‍ നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് പിണറായി വിജയന്. ഓഖി വന്നപ്പോള്‍, പ്രളയം വന്നപ്പോള്‍ പക്ഷേ മുഖ്യമന്ത്രി ഒളിച്ചോടുകയായിരുന്നു. പാര്‍ട്ടിയിലെ സര്‍വംവിഴുങ്ങികള്‍ പ്രളയഫണ്ട് മുതല്‍ ദുരിതാശ്വാസക്യാമ്പുകളിലെ പലവ്യഞ്ജനങ്ങള്‍ വരെ അടിച്ചുമാറ്റിയപ്പോഴും മുഖ്യമന്ത്രി മിണ്ടിയില്ല.
തുട്ടെറിഞ്ഞ് വിലയ്ക്കെടുത്ത മാധ്യമക്കൂലിക്കാര്‍ കെട്ടിപ്പൊക്കിക്കൊടുത്ത ഇമേജില്‍ പുലിമുരുകനായും രക്ഷകനായും രജനികാന്തായുമൊക്കെ പിണറായി വിജയന് തിമിര്‍ത്തു. ചോദ്യം ചോദിക്കാനൊരുമ്പെട്ടവരെ നോക്കി കണ്ണുരുട്ടി. ‘എനക്കറിയില്ല’ എന്നത് മന്ത്രമാക്കി. കൊള്ളയ്ക്കും കള്ളക്കടത്തിനുമൊക്കെ ആസ്ഥാനമായി മാറിയ ഒരു ഭരണസിരാകേന്ദ്രത്തിലിരുന്ന് അദ്ദേഹം മാധ്യമപ്പാണന്മാരുടെ വാഴ്ത്തുപാട്ടുകള്‍ കേട്ട് ആനന്ദിച്ചു. കള്ളം പറയുകയും പറയിക്കുകയും ചെയ്താണ് അഞ്ചാണ്ട് പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തെ ഭരിച്ചത്.
അധികാരത്തിന്റെ തണലില്ലെങ്കില്‍, അഴിമതിക്ക് അവസരമില്ലെങ്കില്‍ തകര്‍ന്നടിയുന്ന പാര്‍ട്ടിയാണ് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ്. പിണറായി വിജയന് തുടര്‍ഭരണമെന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശമാകുന്നത് അങ്ങനെയാണ്. ഇനിയുമൊരു അഞ്ച് കൊല്ലം കൂടി കക്കാതെ, മുക്കാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന ചെന്നിത്തലയാദി കോണ്‍ഗ്രസുകാര്‍ക്ക് ആധിയുണ്ട്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം അവര്‍ക്ക് ജീവന്മരണപോരാട്ടമാണ്. നില്‍ക്കണോ പോണോ എന്ന് ഇന്നത്തെ റിസള്‍ട്ട് കേരളത്തിലെ കോണ്‍ഗ്രസുകാരോട് വിളിച്ചുപറയും.
ഒത്തുതീര്‍പ്പിന്റെയും ഒളിച്ചുകടത്തലിന്റെയും രാഷ്ട്രീയക്കാരുടെ ഒപ്പം നില്‍ക്കുന്നതാണ് കേരളത്തിന്റെ മനസ്സെന്ന് മാധ്യമക്കൂലിക്കാര്‍ അടിവരയിടുന്നു. പ്രീ പോള്‍ സര്‍വേ എന്ന പേരില്‍ തട്ടിക്കൂട്ടിയ ആഭാസങ്ങള്‍ക്ക് പിന്നാലെയാണ് ഉറപ്പാണെന്ന മുദ്രാവാക്യവുമായി വിജയനും കൂട്ടരും കളത്തിലിറങ്ങിയത്. കൂലി കൂടുതല്‍ വാങ്ങിയ ഒരു വേലക്കാരന് സര്‍വേയുടെ കൂട്ടത്തില്‍ ‘വെറുക്കപ്പെട്ട പാര്‍ട്ടി’ എന്നൊരു ചോദ്യവും തിരുകിക്കയറ്റി. ആറ് മണിത്തള്ളിലൂടെ നാടിനെ മുഴുവന്‍ വെറുപ്പിച്ച ഒരു ഭരണാധികാരിക്ക് വേണ്ടി എത്രമാത്രം തരംതാണ പണിയും എടുക്കുമെന്ന് കാട്ടിത്തന്ന ഒരു സര്‍വേ അഭ്യാസമായിരുന്നു അത്.
തിരുത്തലാണ് മാധ്യമധര്‍മ്മമെന്ന് പറഞ്ഞുപഠിപ്പിച്ചതാണ് കാലം. അനീതിയെ തിരുത്തല്‍, അഴിമതിയെ തിരുത്തല്‍, അറിവില്ലായ്മയെ തിരുത്തല്‍, ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്ന കരുതല്‍ …. അങ്ങനെയാണ് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാവുന്നത്. ദ്രവിച്ചുപോയ തൂണിന് കീഴെ ഇപ്പോഴുമുണ്ട് സത്യത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന തോന്നല്‍ ഉളുപ്പില്ലാതെ കയറിയിരുന്ന് വിടുപണി ചെയ്യുന്നവന് അറിഞ്ഞിരിക്കേണ്ടതാണ്…. കള്ളം പല ആവര്‍ത്തി പറഞ്ഞാല്‍ അത് സത്യമായിക്കൊള്ളുമെന്ന ഗീബത്സിന്റെ അജണ്ടയോടൊപ്പം കള്ളമാണ് സത്യമെന്ന കമ്മ്യൂണിസ്റ്റ് അടവുനയവും കൂടി കൂട്ടിക്കുഴച്ച് മൃഷ്ടാന്നം തട്ടിയിട്ട് ആസനത്തില്‍ വാലും ചുരുട്ടിയിരുന്ന് കാലക്ഷേപം കഴിക്കുന്ന കൂട്ടര്‍ക്ക് മാധ്യമങ്ങളെന്നാവില്ല പേര്…..
നുണ വിറ്റും കലാപം വിറ്റും വയറ് നിറയ്ക്കുന്ന ഇക്കൂട്ടരുടെ വാക്കും നാക്കും ഫലിച്ചിരുന്നെങ്കില്‍ ആ പാവം രാഹുല്‍ഗാന്ധി ബ്ലോഗുണ്ടാക്കി നടക്കേണ്ടി വരുമായിരുന്നില്ല, വെള്ളാപ്പള്ളി നടേശന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേനെ, സിഎഎ ബില്‍ മൂലം മുസ്ലീങ്ങളൊക്കെ നാട് കടത്തപ്പെട്ടേനെ, കര്‍ഷകബില്‍ മൂലം കൃഷിക്കാരൊക്കെ പട്ടിണി കിടന്ന് മുടിഞ്ഞേനെ….
കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്സിനേഷനും ജാഗ്രതയും ധാരാളം…. ഇവരെ പ്രതിരോധിക്കാനോ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: