ഈരാറ്റുപേട്ട: ഭാരതത്തിന്റേത് ഹൈന്ദവ സംസ്കാരം തന്നെയാണെന്ന് ജനപക്ഷം സെക്കുലര്‍ നേതാവും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പി.സി. ജോര്‍ജ്. പല എക്സിറ്റ് പോളുകളും വിജയം പ്രഖ്യാപിച്ചിരിക്കുന്ന പി.സി. ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഉദാരമതികളായ ഹൈന്ദവ ജനതയുടെ സദ്മനോഭാവം ഒന്നുകൊണ്ടു മാത്രമാണ് രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ ജീവിച്ചതും, വളര്‍ന്നതും. എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചിലര്‍ ഭാരതത്തെ സ്നേഹിക്കുന്നതിന് പകരം രാജ്യത്തെ ശിഥിലീകരിക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യദ്രോഹമാണ്. ഇത്തരക്കാരാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കെതിരെ തിരിഞ്ഞത്. ഇക്കൂട്ടരെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിന് വലിയ പിന്തുണയാണ് വിവിധ മേഖലകളില്‍ നിന്ന് പിന്നീട് ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.
2030ല്‍ കേരളം മുസ്ലിം സംസ്ഥാനമാക്കണമെന്നും 2040ല്‍ ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാക്കുമെന്നും പറയുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ‘ക്യാപിറ്റല്‍ പണിഷ്മെന്റ്’ കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ തന്റെ വിജയം ഉറപ്പെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടു. കേരളത്തില്‍ തൂക്ക് സഭ വരുമെന്നും എല്‍ഡിഎഫ് ആയിരിക്കും വലിയ കക്ഷിയെന്നുമുള്ള വിലയിരുത്തലാണ് ജോര്‍ജ്ജിനുള്ളത്.
മഞ്ചേശ്വരത്ത് സിപിഎം വോട്ടുകള്‍ യുഡിഎഫിന് നല്‍കിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ യുഡിഎഫും, എല്‍ഡിഎഫും കൈ കോര്ത്തിട്ടുണ്ടെങ്കില് മാത്രമേ സുരേന്ദ്രന് തോല്‍ക്കുകയുള്ളൂ. അല്ലെങ്കില്‍ ബിജെപിക്ക് നാലു സീറ്റുകള്‍ വരെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: