ജനീവ: ഇരട്ട ജനിതകമാറ്റം സംഭവിച്ച പ്രത്യേക ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട വൈറസിനെ ഏകദേശം 17 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്ഒ) അറിയിച്ചു.
ബി.1.617 എന്നതാണ് ഇന്ത്യയിലെ പ്രത്യേക കൊറോണ വൈറസ് വകഭേദം. ഇതാണ് ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍ കൂടുതലായി കാണപ്പെടുന്നത്. അതിവ്യാപനശേഷിയുള്ളതാണ് ഈ വകഭേദം. യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ തന്നെ ബി.1.617ന്റെ മൂന്ന് വ്യത്യസ്ത വകഭേദങ്ങള്‍ കാണപ്പെടുന്നു: ബി.1.617.1, ബി.1.617.2, ബി.1.617.3. 2020 ഡിസംബര്‍ 20നാണ് ബി. 1.617 വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനമുണ്ടായത് മഹാരാഷ്ട്രയിലാണ്. അവിടെ അമ്പത് ശതമാനത്തിലധികം രോഗികളിലും ഈ വകഭേദമാണ് കണ്ടത്.
അതേ സമയം ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും ഇതിനെതിരെ ഫലപ്രദമാണെന്ന് അറിയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: