ന്യൂദല്‍ഹി: കൊറോണ വൈറസ് സംബന്ധിച്ച വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് നോക്കിയാല്‍ ഇന്ത്യയിലെ ജനങ്ങളെ മൂന്നായി തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
1. കൊറോണ വൈറസ് എന്നത് വെറും വ്യാജഭീഷണിയാണെന്നും മാസ്ക് ധരിക്കേണ്ടെന്നും പ്രൊട്ടോക്കോളുകള്‍ പാലിക്കേണ്ടതില്ലെന്നും ചിന്തിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്.
2. ഒരു കാരണവുമില്ലാതെ കൊറോണ വൈറസിനെ ഭയപ്പെടുന്നവരാണ് രണ്ടാമത്തെ കൂട്ടര്. ഇവര്‍ ഇത് സംബന്ധിച്ച് കിട്ടാവുന്ന എല്ലാ ഉപകരണങ്ങളും വാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കും. (ഇക്കൂട്ടര്‍ മാസ്കുകള്‍, സാനിറ്റൈസറുകള്‍, പള്‍സ് ഓക്സിമീറ്റര്‍ എന്നിവ വാങ്ങിക്കൂട്ടും)
3. മൂന്നാമത്തെ കൂട്ടര് കൃത്യമായി മാസ്ക് ധരിക്കുകയും കൊവിഡ് 19 സംബന്ധിച്ച് ആവശ്യമായ പെരുമാറ്റരീതികള്‍ പിന്തുടരുകയും ചെയ്യും. ഇവരാണ് ശരിയായ സമീപനമുള്ളവര്‍.
ഈ മൂന്ന് വ്യത്യസ്ത മാനസികാവസ്ഥയിലുള്ളവരെ തിരിച്ചറിഞ്ഞ് കൃത്യമായി കൈകാര്യം ചെയ്യണമെന്ന നിര്‍ദേശം കേന്ദ്രആരോഗ്യമന്ത്രാലയം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ ഗ്രാമീണമേഖലയിലുള്ള ഡോക്ടര്‍മാരെ കൃത്യമായ രീതിയില്‍ കൊറോണ വൈറസിനെ സമീപിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതിന് പരിശീപ്പിക്കുകയാണ് കേന്ദ്രആരോഗ്യമന്ത്രാലയം. ഇതിനായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എഐഐഎംഎസ്) സഹായം തേടിയിരിക്കുകയാണ്. ഗ്രാമങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്ക് എങ്ങിനെ രോഗത്തെയും രോഗികളെയും കൈകാര്യം ചെയ്യണമെന്ന് കൃത്യമായി ധാരണയുണ്ടാവാന്‍ സാധ്യത കുറവാണെന്ന് എഐഐഎംഎസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതെപ്പോള് എന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉണ്ടാകാത്ത സാഹചര്യമെങ്കില്‍ കുട്ടികളെ ഉള്‍പ്പെടെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഇത്തരം കേസുകളില്‍ വിടുകളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞാല്‍ മതിയാകും. ഈ ദിവസങ്ങളില്‍ പനിയ്ക്കും ചുമയ്ക്കും വേണ്ട മരുന്ന് കഴിച്ചാല്‍ മതിയാകും. അഞ്ച് ദിവസം മരുന്ന് കഴിച്ചിട്ടും ചുമ നില്ക്കുന്നില്ലെങ്കില് മാത്രം ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിച്ച് തുടങ്ങാം.
ഉയരുന്ന കോവിഡ് അതിവ്യാപനത്തെ തടയാന്‍ കഴിയാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എത്തുന്നത്. ഇത് രോഗികള്‍ക്കും കൃത്യമായി രോഗത്തെ സമീപിക്കാനുള്ള വഴികാട്ടിയാകും. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളാകട്ടെ ഉല്പാദനം കൂട്ടാനും എല്ലാവരേയും വാക്സിനെടുപ്പിക്കാനുമുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: