തൃശൂര്‍: ദുരന്തം പെയ്ത് നിറയുന്ന മഹാവ്യാധിക്കാലത്ത് സേവനത്തിന്റെ തണലൊരുക്കുകയാണ് കേരളത്തില്‍ സേവാഭാരതി. കൊവിഡ് പ്രതിരോധത്തിന് സമൂഹത്തെ സജ്ജമാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നഗരങ്ങളിലും പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലും നടക്കേണ്ട പ്രതിരോധ, സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഒരുക്കമാണ് സേവാഭാരതി നടത്തിയിട്ടുള്ളത്. പ്രളയകാലത്തും പ്രകൃതി ദുരന്തകാലത്തും കൊവിഡിന്റെ ഒന്നാം വരവിലുമെല്ലാം സേവാഭാരതി പ്രവര്‍ത്തകര്‍ സമൂഹത്തിന് കൈത്താങ്ങായിരുന്നു. കൊവിഡിന്റെ രണ്ടാം വരവില്‍ ഏറ്റെടുത്തിട്ടുള്ള മഹാദൗത്യം അത്രമേല്‍ സങ്കീര്ണമാണെന്നറിഞ്ഞിട്ടും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനവുമായി സഹകരിച്ച് രോഗ പ്രതിരോധ – സേവന രംഗത്ത് ശക്തമായ സാന്നിദ്ധ്യമാവുകയാണ് സേവാഭാരതി.
സന്നദ്ധ പ്രവര്‍ത്തകര്‍
സംസ്ഥാനത്ത് സേവാഭാരതിയുടെ 1045 യൂണിറ്റുകളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഓരോ യൂണിറ്റിലും 18നും 40നുമിടയില്‍ പ്രായമുള്ള അന്‍പത് പേരെങ്കിലും സന്നദ്ധ പ്രവര്‍ത്തനത്തിന് തയാറായി രംഗത്തുണ്ട്. ചീഫ് സെക്രട്ടറിയുമായും പതിനാല് ജില്ലകളിലേയും കളക്ടര്‍മാരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സേവാഭാരതിയുടെ പ്രവര്‍ത്തനത്തിന് പുറമേ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായും ഈ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും.
സഹായമെത്തിക്കാന്‍ ഹെല്‍പ്പ് ഡെസ്ക്
നഗരം/പഞ്ചായത്ത് തലത്തിലാണ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പുറമേ ജില്ലാ കേന്ദ്രങ്ങളിലും കോള്‍ സെന്ററുകളുണ്ടാകും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ജില്ല, താലൂക്ക്/നഗര്‍, പഞ്ചായത്ത് തലങ്ങളില്‍ സംയോജകന്മാരുണ്ട്.
കൊവിഡ് രോഗവുമായും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്. വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റൈനി
ല്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ എത്തിക്കാനും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ശ്രദ്ധിക്കുന്നു. ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും ആവശ്യമായ ഫോണ്‍ നമ്പറുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിവരങ്ങളും ഫോണ്‍ നമ്പറും തുടങ്ങിയവയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും.
രക്തദാനത്തിന് വിപുലമായ പദ്ധതി
രക്തക്ഷാമം രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ യുവാക്കളെ ഇപ്പോള്‍തന്നെ രക്തദാനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. ഓരോ ജില്ലയിലും പ്രതിദിനം നൂറു പേരെങ്കിലും രക്തദാനം നിര്‍വഹിക്കണമെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്. രക്തബാങ്കുകളില്‍ ശേഖരിക്കാന്‍ സ്ഥലപരിമിതിയുള്ളതിനാല്‍ രക്തദാനത്തിന് തയാറുള്ള കൂടുതല്‍ പേരുടെ ലിസ്റ്റ് തയാറാക്കുകയാണ് മറ്റൊരു രീതി. കൊവിഡ് രോഗം വന്ന് ഭേദമായി ഒരു മാസം കഴിഞ്ഞ, ആരോഗ്യമുള്ള, 50 വയസില്‍ താഴെ പ്രായമുള്ളവരുടെ ലിസ്റ്റ് പ്ലാസ്മ എടുക്കുവാന്‍ രക്ത ഗ്രൂപ്പ് അനുസരിച്ച് തയാറാക്കി വയ്ക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച് രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കും.
കൊവിഡ് സെന്ററുകള്‍ തയാറാകുന്നു
സര്‍ക്കാര്‍ തലത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ ഇത് അപര്യാപ്തമാണ്. രോഗികള്‍ക്കും/നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ ക്രമീകരണങ്ങളോടെ കൊവിഡ് സെന്ററുകള്‍ തയാറാക്കാന്‍ സേവാഭാരതി മുന്‍കൈയെടുക്കും. ഒഴിഞ്ഞ വീടുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ സജ്ജീകരിക്കും. ഇതിന് പുറമേ വിദ്യാനികേതന്‍ കീഴിലുള്ള എല്ലാ സ്കൂളുകളും കൊവിഡ് സെന്ററുകളാക്കാന്‍ വിട്ടുനല്‍കുന്നുണ്ട്. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഈ കേന്ദ്രങ്ങളില്‍ ആവശ്യമായ സന്നദ്ധ പ്രവര്‍ത്തകരെ തയാറാക്കി ആവശ്യാനുസരണം വിന്യസിക്കുന്ന പ്രവര്‍ത്തനവും സേവാഭാരതി ഏറ്റെടുത്തിട്ടുണ്ട്. ജില്ല, നഗര്‍, പഞ്ചായത്ത് തലത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംയോജകന്മാരുമുണ്ട്.
രോഗികളെ നിരീക്ഷിക്കാനും സഹായമെത്തിക്കാനും പദ്ധതി
ഗ്രാമതലത്തില്‍ വാര്ഡനുസരിച്ചും നഗരത്തില്‍ ഡിവിഷനുകളനുസരിച്ചും കൊവിഡ് രോഗികളുടെ (ആശുപത്രി, കൊവിഡ് സെന്റര്‍, ഹോം ഐസൊലേഷന്‍) രജിസ്റ്റര്‍ തയാറാക്കും. ഈ രജിസ്റ്റര്‍ ദിവസേന പുതുക്കി സൂക്ഷിക്കും. കൂടാതെ, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കണക്കും മറ്റ് വിവരങ്ങളും ശേഖരിക്കും. രോഗബാധ കേസുകളുടെ സമ്പര്‍ക്ക പട്ടിക അന്വേഷിച്ച് ആവശ്യമെങ്കില്‍ അവരെ നിരീക്ഷണത്തിലിരിക്കാന്‍ പ്രേരിപ്പിക്കും. വേണമെങ്കില്‍ അവര്‍ക്ക് ഭക്ഷണം, മരുന്ന് മുതലായവ എത്തിച്ചു നല്‍കും.
അവശ്യ സാധനങ്ങളുടെ ശേഖരണത്തിനും വിതരണത്തിനും പദ്ധതി
പിപിഇ കിറ്റുകള്‍, ശുചീകരണ സാമഗ്രികള്‍, മരുന്നുകള്‍, പ്രതിരോധ മരുന്നുകള്‍, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ ഇവ വ്യാപകമായി ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക്, ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യാനുള്ള പ്രവര്‍ത്തനവുമുണ്ട്.
വാക്സിനേഷന് സൗകര്യവും സഹായവുമൊരുക്കും
വാര്ഡനുസരിച്ച് വ്യത്യസ്ത പ്രായപരിധിയിലുള്ള വാക്സിനേഷന് ചെയ്യേണ്ടവരുടെ കണക്ക് ശേഖരിക്കും. വാക്സിനേഷന് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കും. രണ്ടാം ഡോസുകാരെ ഓര്‍മ്മപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നടത്തും. ഇതിന് പുറമേ വാക്സിനേഷന് രജിസ്ട്രേഷന് ആവശ്യമായ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും.
പൊതുജന ബോധവത്കരണത്തിന് പദ്ധതികള്‍
കൊറോണ പ്രതിരോധത്തിനാവശ്യമായ ബോധവത്കരണം ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കും. ആയുര്‍വേദം, ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ വിതരണം ആരോഗ്യ വകുപ്പ്/ആശാ വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ ഇവരുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നതിന് പദ്ധതിയുണ്ടാക്കും.
സമൂഹമാധ്യമങ്ങള്‍ വഴിയും ആവശ്യമെങ്കില്‍ നോട്ടീസ് ഉപയോഗിച്ചും ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പ്, പോലീസ്, പഞ്ചായത്ത്/നഗരസഭ തുടങ്ങി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ആശുപത്രികള്‍, ആംബുലന്‍സ്, ഐഎംഎ, മാധ്യമങ്ങള്‍, വിവിധ മത-സാമുദായിക നേതൃത്വം, ജനപ്രതിനിധികള്‍, പ്രാദേശിക രാഷ്ട്രീയ നേതൃത്വം, വിവിധ സാമൂഹ്യ സംഘടനകള്‍ തുടങ്ങി എല്ലാവരുമായും ബന്ധപ്പെട്ട് ഈ പ്രവര്‍ത്തനത്തില്‍ തുടര്‍ സഹകരണവും ഏകോപനവും ഉറപ്പാക്കാനാണ് സേവാഭാരതി ഒരുങ്ങുന്നത്.
കൗണ്‍സലിങ് & ടെലിമെഡിസിന്‍ സൗകര്യമൊരുക്കും
കൊറോണ കൗണ്‍സലിങ് നടത്തുന്നവരുടെയും ടെലിമെഡിസിന്‍ നല്കുന്ന ഡോക്ടര്‍മാരുടെയും ലിസ്റ്റ് തയാറാക്കി ആവശ്യമായവര്‍ക്ക് സഹായമെത്തിച്ചു നല്‍കും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും കൗണ്‍സലിങ് സെന്ററുകളായി. കേന്ദ്ര സര്‍ക്കാരിന്റെ ഇ-സഞ്ജീവനി പോര്‍ട്ടല്‍ വഴി ചികിത്സ ആവശ്യമായവര്‍ക്ക് സൗകര്യമൊരുക്കും.
ആംബുലന്‍സുകളും ചികിത്സാ വാഹനങ്ങളും ഒരുക്കും
പഞ്ചായത്തുകളില്‍ രോഗികളുടെ യാത്രാ സൗകര്യത്തിന് ആംബുലന്‍സോ പ്രത്യേക വാഹനമോ ഉറപ്പാക്കാനും ശ്രമമാരംഭിച്ചു. സംസ്ഥാനത്ത് സേവാഭാരതിയുടെ 125 ആംബുലന്‍സുകളാണുള്ളത്. ഇതിന് പുറമേ ആവശ്യമായ വാഹനങ്ങള്‍ തയാറാക്കും. പഞ്ചായത്ത്/പോലീസ് ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുവാദത്തോടെയാവും ഇത് ചെയ്യുക. ആംബുലന്‍സ് നമ്പറുകള്‍ ശേഖരിച്ച് ഹെല്‍പ്പ് ഡെസ്ക്കുകള്‍ വഴി അവശ്യഘട്ടത്തില്‍ കൈമാറാനും വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: