തിരുവനന്തപുരം: എക്സിറ്റ് പോളുകള്‍ എല്ലാം തന്നെ ഇടതു തുടര്‍ച്ച പ്രഖ്യാപിക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണ് യുഡിഫ്. ചാനലുകകള്‍ പറയന്നത് ശരിയാണെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കേണ്ടത് രാഹുല്‍ ഗാന്ധിയല്ലേ എന്ന ചോദ്യമാണ് അവരുടെ ന്യായം. 15 സീറ്റുവരെ കിട്ടുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും 5 വരെ കിട്ടുമെന്ന് എക്സിറ്റുകാര്‍ സമ്മതിക്കുന്നു. പി സി ജോര്‍ജ്ജും ട്വറ്റി ട്വറ്റിയും ജയിച്ചേക്കാമെന്നും പറയുന്നു.
ഇരുമുന്നണികളും ജയം അവകാശപ്പെടുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയും പ്രതീക്ഷിക്കുന്നരുണ്ട്. 1965 ന്റെ ആവര്‍ത്തനം. അതിലൂടെ ഗവര്‍ണര്‍ ഭരണം എന്ന സ്വപ്നം.
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതിരുന്ന കാലം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്. 1965ലെ തെരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്. ഒരിക്കല്‍ പോലും നിയമസഭ ചേര്‍ന്നില്ലെന്നു മാത്രമല്ല ജയിച്ചു വന്നവര്‍ എംഎല്‍എ പോലുമായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ തുടര്‍ന്നു.
കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ടായ പിളര്‍പ്പുകള്‍ക്കു ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പായിരുന്നു അത്.
കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസും സിപിഐ പിളര്‍ന്ന് സിപിഎമ്മും രൂപീകരിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമായിരുന്നു. പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് നിയോജകമണ്ഡലങ്ങള്‍ 126 ല്‍നിന്ന് 133 ആയി ഉയര്‍ന്നിരുന്നു.
പിളര്‍ന്നെങ്കിലും 40 സീറ്റുകള്‍ നേടിയ സിപിഎം ജനകീയാടിത്തറയില്‍ ഒന്നാമതുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാണെന്ന് തെളിയിച്ചു.
പ്രമുഖ നേതാക്കളില്‍ ഭൂരിപക്ഷവും ഒപ്പമുണ്ടായിരുന്നിട്ടും സിപിഐയുടെ നേട്ടം മൂന്ന് സീറ്റിലൊതുങ്ങി. ഒറ്റയ്ക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റുമായി കരുത്ത് കാട്ടി. കോണ്‍ഗ്രസിന് 36 സീറ്റുകള്‍ . സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്എസ്പി) 13, മുസ്ലീം ലീഗ് 6, കക്ഷിരഹിതര്‍ 12 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. സഖ്യ സര്‍ക്കാര്‍ രൂപീകരണം മാത്രമായിരുന്നു സാധ്യത. എന്നാല്‍ അന്നത്തെ രാഷ്ട്രീയസ്ഥിതി അതിനും അനുകൂലമായിരുന്നില്ല. മൂന്നാഴ്ചക്കൊടുവില്‍ മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. ഗവര്‍ണ്ണര്‍ വി.വി. ഗിരിയുടെ ശുപാര്‍ശപ്രകാരം ഉപരാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന് പിരിച്ചുവിട്ടു. 1967 ലെ തെരഞ്ഞെടുപ്പ് വരെയുള്ള 32 മാസം കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: