ന്യൂദല്‍ഹി: രണ്ടാം ഘട്ട കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയില്‍ നിന്നുളളതും ഇന്ത്യയിലേക്കുളളതുമായ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മേയ് 31 വരെ നീട്ടി. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുളള ക്യാരിയര്‍ വിമാനങ്ങള്‍ക്കും എയര്‍ ബബിള്‍ ചട്ടപ്രകാരമുളളതുമായ വിവിധ ഫ്ളൈറ്റുകള്‍ക്കും തടസമുണ്ടാകില്ല.
കൊവിഡ് പ്രതിസന്ധി കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് അവശ്യ സര്‍വീസുകള്‍ വഴി ജനങ്ങളെ എത്തിക്കുന്നതാണ് എയര്‍ ബബിള്‍ സംവിധാനം. 27 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ സംവിധാനമുണ്ട്. അമേരിക്ക, ബ്രിട്ടണ്, യു.എ.ഇ, കെനിയ, ഭൂട്ടാന്, ഫ്രാന്‍സ് എന്നീ പ്രധാന രാജ്യങ്ങളിലേക്ക് ഉള്‍പ്പടെയാണ് എയര്‍ ബബിള്‍ സംവിധാനം.
രാജ്യത്ത് നാല് ലക്ഷത്തിനടുത്താണ് നിലവില്‍ പ്രതിദിന കൊവിഡ് കണക്ക്. 3.87 ലക്ഷമായിരുന്നു ഇന്നത്തെ രോഗികളുടെ എണ്ണം. വിവിധ സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിബന്ധന മൂലം ആഭ്യന്തര വിമാന സര്‍വീസുകള്‍ വലിയ തകര്‍ച്ച നേരിടുകയുമാണ്. 2020 മാര്‍ച്ച് 23നാണ് ഇന്ത്യ ഒന്നാംഘട്ട കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: