ചാലക്കുടി: ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേലൂര്‍ പഞ്ചായത്തില്‍ പ്രധാന വഴികള്‍ അടച്ചതിനെ ചൊല്ലി പോലീസും പഞ്ചായത്ത് അധികൃതരും തമ്മില്‍ തര്‍ക്കം. പഞ്ചായത്ത് അധികൃതര്‍ മുരിങ്ങൂര്‍ ജങ്ഷനില്‍ വലിയ മുള ഉപയോഗിച്ച് ഗതാഗതം തടയുകയും യാത്രക്കാരേയും മറ്റും തടഞ്ഞു നിര്‍ത്തി പരിശോധിച്ചതുമാണ് തര്‍ക്കത്തിന് കാരണമായത്.
മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വൈസ് പ്രസിഡന്റ് പി.ഒ. പോളി എന്നിവരുടെ നേതൃത്വത്തില്‍ മുരിങ്ങൂര്‍ ജങ്ഷനില്‍ കൊരട്ടി പോലീസിനെ തടഞ്ഞത് ബഹളത്തിന് കാരണമായി. സ്ഥലത്തെത്തിയ കൊരട്ടി എസ്‌ഐ പ്രിയന്റെ ജീപ്പിന് നേരെ പ്രസിഡന്റും വൈസ് പ്രസിഡന്റും കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോകാനൊരുങ്ങിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് കയറി നില്‍ക്കുകയായിരുന്നു.
പോലീസിന്റെ സേവനം ലഭിക്കാതായതോടെയാണ് ആര്‍ആര്‍ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വഴികള്‍ അടച്ചതെന്നും, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. വിഷയം പരിഹരിക്കാതെ എസ്‌ഐ പ്രിയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരിച്ചു പോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജീപ്പിന് മുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചത് വീണ്ടും പ്രശ്നം രൂക്ഷമാക്കി. തുടര്‍ന്ന് എസ്എച്ച്ഒ ബി.കെ. അരുണ്‍ സ്ഥലത്തെത്തുകയും ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാന റോഡുകളില്‍ പോലിസിന്റെ നേതൃത്വത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ പൊതുമരാമത്ത് റോഡ് അടച്ചു കെട്ടിയത്തിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംഘം ചേര്‍ന്നതിനും മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് അടക്കം കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കൊരട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: