മണ്ണാര്‍ക്കാട്: ഏക്കറുകണക്കിന് വനഭൂമി കൈയേറിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണാധികാരികള്‍ വിമുഖത കാണിക്കുന്നു. മണ്ണാര്‍ക്കാട് വനംവകുപ്പിന്റെ പരിധിയില്‍പ്പെട്ട ഏകദേശം 1000 ഏക്കറോളം സ്ഥലമാണ് സ്വകാര്യവ്യക്തികള്‍ കൈയടക്കിയിട്ടുള്ളത്.
429 ചതുരശ്ര കി.മീ. വിസ്തീര്‍ണമുള്ള വനഭൂമിയില്‍ കൈയേറ്റമുണ്ടായിട്ട് അത് കണ്ടില്ലെന്ന് നടിക്കയാണ് സര്‍ക്കാര്‍ മാത്രമല്ല ഇതിന് ചുക്കാന്‍ പിടിക്കുന്നത് ചില രാഷ്ട്രീയക്കാരും. മാറിമാറി അധികാരത്തിലെത്തുന്നവരുടെ രഹസ്യപിന്തുണയും ഇതിനുണ്ട്.
1977- ജനുവരി ഒന്നു മുതല്‍ എകദേശം 620 ഹെക്ടര്‍ വനഭൂമി കയേറിയിട്ടുള്ളതായി വനംവകുപ്പുതന്നെ പറയുന്നു. അട്ടപ്പാടി അഗളി റെയ്ഞ്ചില്‍ കുറുക്കംകുണ്ട്, ചോലക്കാട്, കക്കുപ്പടി, ജെല്ലിപ്പാറ, കള്ളമല എന്നീ മേഖലകളിലും, ഷോളയൂര്‍ വില്ലേജിന്റെ പല ഭാഗങ്ങളിലും തിരുവിഴാംകുന്ന് സ്റ്റേഷനോട് ചേര്‍ന്നും, ആനമൂളി ഫോറസ്റ്റ് സ്റ്റേഷനിലെ തത്തേങ്ങലം ഭാഗങ്ങളിലുമാണ് വന്‍തോതില്‍ കൈയേറ്റം നടന്നിരിക്കുന്നത്.
സര്‍വെയില്‍ 1977-ന് മുമ്പുതന്നെ 650 ഓളം ആളുകള്‍ കൈയേറിയതായി വനംവകുപ്പുതന്നെ സമ്മതിക്കുന്നു. എന്നാല്‍, വകുപ്പുതല അന്വേഷണം സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് ഇവര്‍ക്ക് തണലായി മാറിയിട്ടുള്ളത്.
കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും അത് നടപ്പിലാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സംസ്ഥാന ഭരണാധികാരികള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പിക്കുകയാണ് പതിവ്. അങ്ങനെ വനഭൂമി തിരിച്ചുപിടിച്ചു എന്നുപറയുന്നത് പ്രഹസനമായി മാറുകയാണ്.
യഥാര്‍ത്ഥ അപേക്ഷ നല്‍കിയവര്‍ക്ക് കേസ് മുഖാന്തരം അനുകൂലവും പ്രതികൂലവുമായ വിധികള്‍ വന്നിട്ടുണ്ട്. ഇതില്‍ അനുകൂലവിധി വന്നവര്‍ക്ക് ഭൂമി നല്കിയിട്ടുള്ളതായും മണ്ണാര്‍ക്കാട് ഡിഎഫ്ഒ വി.പി. ജയപ്രകാശ് ജന്മഭൂമിയോട് പറഞ്ഞു. അതുപോലെ ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി വിട്ടുനല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എട്ടുവര്‍ഷം മുമ്പ് ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം 500 ഏക്കറോളം സ്ഥലം അവര്‍ക്കും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് സ്ഥലം സര്‍വെ നടത്തി നല്‍കുമെന്നും അധികൃതര്‍ പറയുന്നു.
പൂഞ്ചോല പാമ്പംത്തോട് ഭാഗത്ത് 1977ന് മുമ്പ് വനംവകുപ്പ് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തി ലംഘിച്ച് പലയിടത്തും ഒന്നര കിലോമീറ്ററോളം വനം കൈയേറിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ഡിഎഫ്ഒ പറഞ്ഞു. വെറ്റിലച്ചോലയിലും ഇതുപോലെ കൈയേറ്റം നടത്തിയിട്ടുണ്ട്.
കൈയേറിയ സ്ഥലത്ത് കവുങ്ങ്, തെങ്ങ് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതാണ് ഇക്കഴിഞ്ഞ ദിവസം വെട്ടിക്കളഞ്ഞത്. 2018-ല്‍ വനഭൂമി കൈയേറ്റം നടത്തിയവര്‍ക്കെതിരെ പത്തോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴും വനംവകുപ്പ് സര്‍വെ നടത്തുന്നുണ്ട്. കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വ്യാപക വനം കൈയേറ്റത്തിനെതിരെ ‘നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ്’ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വനം കൈയേറ്റം ഒഴിപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വനംവകുപ്പ് മന്ത്രി വനം കയ്യേറ്റം അന്വേഷിക്കുവാനോ, അവര്‍ക്കെതിരെ നടപടിയെടുക്കുവാനോ തയ്യാറാവാത്തതാണ് ഇത്തരക്കാരുടെ പ്രോത്സാഹനം. എന്നാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് കൈയേറ്റക്കാര്‍ക്ക് അനുകൂലമായി മാറുന്നത്. ഇവര്‍ക്കെതിരെയുള്ള കേസും വകുപ്പുതല അന്വേഷണവും ഒഴിപ്പിക്കലിന് തടസമാവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: