ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് പിന്തുണ നല്‍കിയതിനെതിരെ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ മൈത്രിയില്‍ പൊട്ടിത്തെറി. മൈത്രിയുടെ വൈസ് പ്രസിഡന്റ് എഎസ് കൃഷ്ണേന്ദു സംഘടനയില്‍ നിന്നും രാജിവെച്ചു. വിദ്യാര്‍ത്ഥി കൂട്ടായ്മ മത ന്യൂനപക്ഷ വര്‍ഗീയ സംഘടനകളായ ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ്, സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് എന്നിവരുടെ രാഷ്ട്രീയ്ത്തിന് വിട്ടുകൊടുക്കുന്നു എന്ന് രാജിക്കത്തില്‍ കൃഷ്ണേന്ദു വ്യക്തമാക്കുന്നു.
സിദ്ദിഖ് കാപ്പനെ മനുഷ്യത്വത്തിന്റെ പേരില്‍ വിട്ടയക്കണമെന്നാണ് സംഘടനയിലെ ഒരു കൂട്ടര് വാദിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഇത്തരക്കാരെ മോചിപ്പിക്കണമെന്ന് പറയുന്നതല്ല മനുഷ്യത്വം. മുഖ്യമന്ത്രിയുടെ കത്തില്‍ പോലും സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന പരാമര്‍ശം ഉണ്ടായിട്ടില്ല. മുന്‍പ് ഇത്തരം ഗുരുതര സ്വഭാവത്തിലുള്ള നിയമ നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടിയും ഈ സംഘടന അവരുടെ മോചനത്തിനായി പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇവരെല്ലാം രാജ്യവിരുദ്ധ UAPA പോലുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടവരുമാണെന്നും കൃഷ്ണേന്ദു ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മൈത്രി എന്ന ഡൽഹി യൂണിവേഴ്സിറ്റി മലയാളി വിദ്യാർത്ഥി സംഘടനയിൽ നിന്ന് ഞാൻ എന്റെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത് ഇക്കഴിഞ്ഞ 26/04/2021നാണ്. രാജിയുടെ കാരണം വളരെ കൃത്യമായിത്തന്നെ രാജിക്കത്തിൽ പരാമർശിച്ചതുമാണ്. എന്നാൽ അതിലെ ചില കാര്യങ്ങൾ മാത്രം വളച്ചൊടിച്ച് അതിക്രൂരമായ സൈബർ ആക്രമണങ്ങളാണ് എനിക്ക് നേരെ ഉണ്ടായത്. IPC Section 124 A, Section 153 A, Section 295 A എന്നീ വകുപ്പുകളും UAPAയിലെ 17,18 വകുപ്പുകളും ചുമത്തിയ സിദ്ദിഖ് കാപ്പനെ വിട്ടയയ്ക്കണമെന്ന് പറഞ്ഞ് 26/04/2021ന് മൈത്രി സാമൂഹ്യ മാധ്യമങ്ങൾ വഴി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുണ്ടായി (Solidarity with Siddique Kappan, Release him). എന്നിട്ട് അവരിതിനെ മനുഷ്യത്വം എന്ന് വിളിക്കുന്നു. അതായത് ഇത്തരം ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ആരോഗ്യപരമായ കാരണങ്ങളാൽ വെറുതെ വിടണമെന്നാണ് ഇവർ പറയുന്നത്. എന്റെ വാദം എന്തായിരുന്നുവെന്ന് വച്ചാൽ ഇത്തരക്കാർക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണെങ്കിൽ അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത്. അല്ലാതെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഇത്തരക്കാരെ മോചിപ്പിക്കണമെന്ന് പറയുന്നതല്ല മനുഷ്യത്വം.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരാണ് എന്റെ അഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ ഇത്തരം രീതിയിൽ നേരിട്ടത് എന്നത് വളരെയധികം അത്ഭുതപ്പെടുത്തുന്നു. കൂട്ടത്തിൽ വളരെ ഉറ്റ സുഹൃത്തുക്കൾ എന്ന് വിചാരിച്ചവർ തന്നെയാണ് ഈ സൈബർ ആക്രമണങ്ങൾക്ക് മുൻകൈയെടുത്തതെന്നത് വളരെയധികം ദുഃഖകരമാണ്. വ്യക്തി ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ വളരെ നികൃഷ്ടമായ രീതിയിൽ എന്റെ രാഷ്ട്രീയ അനുഭാവം മാത്രം ഒരു കരുവാക്കിയാണ് ഇവരിത് ചെയ്തത്. ഇനി എന്റെ ഭാഗത്തുനിന്നുള്ള മറുപടി.
1.ഞാൻ വ്യക്തമായി പരാമർശിച്ച കാര്യമാണ് മൈത്രി ചില പ്രത്യേക രാഷ്ട്രീയം വച്ചു പുലർത്തുന്നു എന്നത്. അല്ലാതെ ഒരുതരത്തിലും രാഷ്ട്രീയം പറയരുത് എന്നല്ല. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കരുതെന്നും പറഞ്ഞിട്ടില്ല. എല്ലാ കക്ഷിരാഷ്ട്രീയ സംഘടനകളിലും പെട്ട വിദ്യാർത്ഥികളുള്ള കൂട്ടായ്മ എന്നിരിക്കെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ (SIO), മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ (MSF) എന്നീ രാഷ്ട്രീയ സംഘടനകളുടെ രാഷ്ട്രീയത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയും ആ തീരുമാനം അതിവിദഗ്ധമായി മറ്റുള്ളവരുടേതാണെന്നും കൂടി ഒരു പുകമറ സൃഷ്ടിച്ച് നടപ്പിലാക്കുന്ന രീതിയും ഇവർ പിന്തുടരുന്നു. എല്ലാ വിദ്യാർത്ഥികളുടെയും പ്രതിനിധി എന്നിരിക്കെ എന്തുകൊണ്ട് നിങ്ങൾ ഇന്ത്യയിലെ ചില വിഭാഗങ്ങളുടെ മാത്രം താൽപ്പര്യങ്ങളെ ഉയർത്തിക്കാട്ടുന്നു ?
2. CFI, SIO, MSF എന്നീ രാഷ്ട്രീയ സംഘടനകളുടെ മത ന്യൂനപക്ഷ-വർഗീയ രാഷ്ട്രീയം എന്ന പരാമർശം ഇവർ മതന്യൂനപക്ഷ രാഷ്ട്രീയമായി വളച്ചൊടിക്കുകയുണ്ടായി. മേൽപ്പറഞ്ഞ സംഘടനകളെ പറയുമ്പോൾ എങ്ങനെയാണത് മത ന്യൂനപക്ഷങ്ങൾക്കെതിരെയാകുന്നത്? ഈ സംഘടനകൾ ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്നവരാണെന്നും അത് വർഗീയ രാഷ്ട്രീയമാണെന്നും എന്നത് എല്ലാവർക്കും വ്യക്തമാണല്ലോ. മൈത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ എടുത്തു നോക്കിയാൽ തന്നെ അവർ എത്ര തരം ഐക്യദാർഢ്യങ്ങളാണ് കൊടുത്തത് എന്ന് മനസിലാകും. കൂടാതെ എന്റെ പരാമർശങ്ങൾ ദളിത്, LGBTQ+, സ്ത്രീകൾ എന്നിവർക്കെതിരെയുള്ളതാണെന്ന രീതിയിലും ഇവർ പ്രചരിപ്പിക്കുന്നു.
3. ഇതിന്റെ പേരിൽ ഇവരെന്നെ മനുഷ്യത്വരഹിതയായി ചിത്രീകരിച്ചു. “വിഷം തുപ്പുന്ന നാവ്”, “Venom”, “ചാണകം” എന്നീ പ്രയോഗങ്ങളുമുണ്ടായി. സിദ്ദിഖ് കാപ്പന്റെ നിരുപാധികമായ മോചനത്തിന് വേണ്ടിയാണ് മൈത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. രാജ്യവിരുദ്ധ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേസിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുടെ നിരുപാധിക മോചനം എങ്ങനെയാണ് ഈ സംഘടനയ്ക്ക് ആവശ്യപ്പെടാനാവുക. ശിക്ഷ വിധിക്കുന്നത് വരെ കുറ്റക്കാരനല്ല എന്നത് ശരി തന്നെയാണ്. എന്നാൽ ഇത്തരം കേസിൽ ഏർപ്പെട്ട വ്യക്തി കുറ്റവിമുക്തൻ ആണെന്നു പറയാൻ ഇന്ത്യ മഹാരാജ്യത്തെ ബഹുമാനപ്പെട്ട കോടതികളില്ലേ? അതോ മൈത്രി തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ കോടതി ആയി സ്വയം അവരോധിച്ചു കഴിഞ്ഞുവോ? അതോ ഈ മഹാരാജ്യത്തെ നിയമ വ്യവസ്ഥയിൽ മൈത്രിക്ക് വിശ്വാസമില്ലെന്നാണോ കരുതേണ്ടത് ?
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സിദ്ദിഖ് കാപ്പന് മെച്ചപ്പെട്ട ആരോഗ്യ പരിചരണം നൽകുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകൾ വരെ മൈത്രി അംഗങ്ങൾ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് പറഞ്ഞു നടത്തിയ ഐക്യദാർഢ്യത്തിന് അനുകൂലമാക്കുവാൻ ശ്രമിച്ചിട്ടുള്ളതാണ്. ഇത്തരം അധാർമികവും തെറ്റിധാരണജനകവുമായ ശ്രമങ്ങൾ ബഹു: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തസത്തയെ ഹനിക്കുന്നതാണ്. അവ തികച്ചും അപലപനീയമാണ്. ഇത് CMOയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ കത്തിൽ ഒരിക്കലും സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന പരാമർശം ഉണ്ടായിട്ടില്ല.(ഇനിയും സംശയമുള്ളവർക്ക് 25/04/2021ന് ഇറക്കിയ D .O .No. 249/2021/CM എന്ന Govt ഓർഡർ വായിച്ചു നോക്കാവുന്നതാണ്).
4. സിദ്ദിഖ് കാപ്പന് മാത്രമല്ല മുൻപ് ഇത്തരം ഗുരുതര സ്വഭാവത്തിലുള്ള നിയമ നടപടിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയും ഈ സംഘടന അവരുടെ മോചനത്തിനായി പ്രസ്താവനകൾ ഇറക്കിയിരുന്നു. ഇവരെല്ലാം രാജ്യവിരുദ്ധ നക്സൽ-മാവോയിസ്റ്റ് ബന്ധമുള്ളതും UAPA പോലുള്ള വകുപ്പുകൾ ചുമത്തപ്പെട്ടവരുമാണ്. കോടതി വിധി വരുന്നതിനു മുൻപ് തന്നെ ഇവരുടെ നിരുപാധിക മോചനം ആവശ്യപ്പെടാൻ ആർക്കും അധികാരമില്ല. ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അന്ന് സംഘടനയുടെ നിലപാട് എന്തായിരിക്കും? മാധ്യമ വിചാരണകൾക്കെതിരെ പ്രസംഗിക്കുന്ന ചില ‘മൈത്രി ആക്ടിവിസ്റ്റുകൾ’ എന്തുകൊണ്ട് മാധ്യമപ്രവർത്തകരുടെ വേഷത്തിൽ ഒരു സമൂഹത്തിനു തന്നെ അപകടകരമാംവിധം ആഘാതം ഏൽപ്പിക്കപ്പെടാനിടയുള്ള സാഹചര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു? മനുഷ്യാവകാശ സംരക്ഷകർ എന്ന് സ്വയം വാദിക്കുന്ന നിങ്ങളെന്തേ മേൽപ്പറഞ്ഞ വ്യക്തികൾ മൂലം ( കുറ്റകൃത്യം ചെയ്തിരുന്നുവെന്ന് തെളിയുന്ന പക്ഷം ) ഒരു വലിയ സമൂഹത്തിനു തന്നെ ഉണ്ടാകാമായിരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ‘കമാ’ന്നൊരക്ഷരം മിണ്ടുന്നില്ല? എന്തേ സാധാരണക്കാരായ ജനങ്ങൾക്കും മനുഷ്യാവകാശങ്ങൾ പ്രധാപ്പെട്ടതല്ലെന്നാണോ ?
5. മനുഷ്യത്വമാണ് മൈത്രിയുടെ മാന്വലെങ്കിൽ എന്തുകൊണ്ട് മറ്റു മനുഷ്യാവകാശലംഘനങ്ങളിൽ ഇടപെടുന്നില്ല ? ഇന്ത്യൻ സൈനികർ തീവ്രവാദ മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയായപ്പോൾ അതിന് പ്രതികരിക്കാത്തതെന്തെന്നും ചോദിച്ചിരുന്നു. ഇതിനൊന്നും ഒരു മറുപടിയും ഉണ്ടായിട്ടില്ല. രാജ്യദ്രോഹപ്രവർത്തികളുമായി ബന്ധപ്പെട്ട് കേസിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന കുറ്റാരോപിതരോട് ആണ് നിങ്ങൾക്ക് മനുഷ്യത്വമെങ്കിൽ, മുംബൈ സ്ഫോടനത്തിൽ വീരചരമം പ്രാപിച്ചവരോടും പുൽവാമയിൽ ജീവത്യാഗം ചെയ്യേണ്ടി വന്നവരോടുമാണ് എന്റെ മനുഷ്യത്വം!
ഒരുപാട് മുൻപൊന്നുമല്ലല്ലോ ഈ കഴിഞ്ഞ 4/4/2021 ന് അല്ലെ CRPF ന്റെ 22 ജവാന്മാർ മാവോയിസ്റ്റുകളാൽ വീര ചരമം പ്രാപിക്കുകയുണ്ടായത്. എന്തേ മൈത്രിയിലെ മനുഷ്യാവകാശ പ്രവർത്തകർക്ക് ഒരു വരി സ്റ്റേറ്റ്മെന്റെങ്കിലും നൽകാൻ പറ്റിയില്ല? രാവും പകലും ഭാരതാംബയുടെ അതിർത്തികൾ കാക്കുന്ന ധീരജവാന്മാർക്ക് കൊടുക്കാത്ത എന്തു മനുഷ്യാവകാശമാണ് മേൽപ്പറഞ്ഞ വ്യക്തികൾക്കുള്ളത് ?
6. എല്ലാം ക്യാബിനറ്റിൽ ചർച്ച ചെയ്യുന്നുണ്ട് എന്നത് പൂർണമായും തെറ്റാണ്. പല വിഷയങ്ങളും ക്യാബിനറ്റിൽ അഭിപ്രായം ചോദിക്കാതെ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഇട്ടിട്ടുണ്ട്.
7. CAA വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മൈത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. CAA നിയമത്തെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾ സംഘടനയിൽ ഉണ്ടെന്നിരിക്കെ സംഘടന ഒരു പക്ഷം പിടിക്കുകയാണുണ്ടായത്. എന്റെ ഈ പരാമർശങ്ങളെയും ഇവർ വളച്ചൊടിച്ചു. CAA കലാപങ്ങളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് എതിരെയാണ് ഞാനെന്ന രീതിയിൽ അവർ പ്രചരിപ്പിച്ചു. “Stay Safe” എന്ന പോസ്റ്റർ ഞാൻ തന്നെയാണ് അന്ന് മൈത്രി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത്. എന്നാൽ എന്റെ വിയോജിപ്പ് Revoke CAA, Reject NRC, Boycott NPR എന്ന ഹാഷ്ടാഗുകളോടും CAA പിൻവലിക്കണമെന്ന മൈത്രിയുടെ ഔദ്യോഗിക പ്രസ്താവനകളോടുമാണ്. ഭൂരിപക്ഷ അഭിപ്രായത്തെയാണല്ലോ സംഘടന മാനിക്കുന്നത്. എന്നിട്ട് എങ്ങനെയാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ ഭൂരിപക്ഷത്തിന്റെ പിൻബലത്തോടെ പാസാക്കിയ നിയമത്തെ സംഘടനയ്ക്ക് പിൻവലിക്കണമെന്ന് പറയാനാവുക? എന്ന് കരുതി എന്റെ രാഷ്ട്രീയത്തിന് അനുകൂലമായി CAA സപ്പോർട്ട് ചെയ്യണം എന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ആ വിഷയത്തിൽ വിദ്യാർത്ഥികൾക്കിടയിൽ തുറന്ന സംവാദത്തിന് അവസരമുണ്ടാക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ കലാപങ്ങളെ അനുകൂലിക്കണമെന്നല്ല. ഒരുതരത്തിലും എന്റെ രാഷ്ട്രീയ അനുഭാവം പ്രതിഫലിപ്പിക്കാൻ ഞാൻ ഈ സംഘടന ഉപയോഗിച്ചിട്ടില്ല. ഒരു ഐക്യദാർഢ്യവും ആവശ്യപ്പെട്ടിട്ടുമില്ല. ഒരു പക്ഷം പിടിച്ചു കൊണ്ടുള്ള സംഘടനയുടെ പ്രസ്താവനകളെയാണ് ഞാൻ എതിർത്തത്.
8. Journalism is not a Crime. മലയാളി മാധ്യമപ്രവർത്തകനായ S V പ്രദീപിന്റെ മരണത്തിലെ ദൂരഹതയെക്കുറിച്ച് സംഘടന ഒരുവിധ പ്രസ്ഥാവനകളും ഇറക്കിയിട്ടില്ല (തുടക്കത്തിൽ തന്നെ ദുരൂഹതകൾ ധാരാളം ഉണ്ടായിരുന്നപ്പോൾ).
ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന ‘മതേതര’ വിദ്യാർത്ഥി കൂട്ടായ്മ മുസ്ലീം സ്ത്രീകളെ ശക്തിപ്പെടുത്തുന്ന മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് ഒരക്ഷരം മിണ്ടിയില്ല. സ്ത്രീപക്ഷ-ന്യൂനപക്ഷ ജനാധിപത്യവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ആശയത്തെ വിമർശിക്കാൻ മാത്രമാണ് ഒരു സംഘടന വാ തുറക്കുന്നതെങ്കിൽ, മറ്റ് ആശയങ്ങളെ ഒരു തരത്തിലും വിമർശിക്കുന്നില്ലെങ്കിൽ അതിനർത്ഥം സംഘടന പക്ഷം പിടിക്കുന്നു എന്ന് തന്നെയാണ്.
9. ഇനി മൈത്രി ഇലക്ഷനുകളെ കുറിച്ച്. പ്രസ്തുത മുസ്ലീം വിദ്യാർത്ഥി സംഘടനകൾ അവരുടെ പല എക്സിക്യൂട്ടീവ് അംഗങ്ങളെയും മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവർക്കനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മൈത്രിയെ വിഴുങ്ങാനുള്ള അത്യാർത്തി മൂലം (ആരെയും വ്യക്തിഹത്യ നടത്താൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ പേരുകൾ എടുത്തു പരാമർശിക്കുന്നില്ല) സുപ്രധാനപ്പെട്ട പോസ്റ്റുകളിലേക്ക് അവരുടെ അംഗങ്ങളെ വിജയിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുണ്ട്. ചില സ്ഥാനാർത്ഥികൾ നിൽക്കാൻ ഉദ്ദേശിച്ച പോസ്റ്റുകൾ മാറി മറ്റ് പോസ്റ്റുകളിലേക്ക് നിൽക്കുകയുണ്ടായി (ഉദാഹരണത്തിനു ജനറൽ സെക്രട്ടറിയിൽ നിന്ന് വൈസ് പ്രസിഡന്റിലേക്ക്). ഇതേതുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് പരാതിയും ഉയർന്നിരുന്നു. എന്തിനേറെ പറയുന്നു കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി നോമിനേഷൻ പിൻവലിക്കുകയുണ്ടായി. കാരണം എന്തെന്ന് പറയേണ്ടതില്ലല്ലോ?
ഇതിലൊന്നും ക്യാബിനെറ്റ് ഒരു വാട്സ്ആപ്പ് ആക്ടിവിസത്തിനപ്പുറം വേറൊന്നും ചെയ്തതായും കണ്ടില്ല. ഈ മേൽപ്പറഞ്ഞ സുപ്രധാനമായ പോസ്റ്റുകൾ MSF അംഗങ്ങളാണ് നിലവിൽ ചുമതല വഹിക്കുന്നത്. മൈത്രി ക്യാബിനറ്റിൽ ഭൂരിപക്ഷം ഉണ്ടാക്കിയെടുത്ത് അവർക്ക് അനുകൂലമായ രാഷ്ട്രീയധാര സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ വെളിവാകുന്നത്. ഒന്നുകിൽ അവരുടെ അനുഭാവികളെ തന്നെ നിർത്തുക. അല്ലെങ്കിൽ അവരുടെ പൊളിറ്റിക്സിനെ സപ്പോർട്ട് ചെയ്യുന്നവരെ. ഈ ചെയ്തികൾ ചൂണ്ടിക്കാണിക്കുന്നവരെ വർഗീയവാദിയായും, ചാണകമായും, സംഘി ചാപ്പയടിച്ചും ഇവർ മുദ്രകുത്തും (‘പന്നിക്കാട്ടങ്ങൾ’ എന്ന് വിളിക്കാനറിയാഞ്ഞിട്ടല്ല).
10. മൈത്രി ഇലക്ഷൻ സമയങ്ങളിൽ പല വിദ്യാർത്ഥികളും ( സ്ഥാനാർത്ഥികളും അല്ലാത്തവരും ) രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതെയും ഇവരുടെ വ്യക്തിഹത്യക്കും ഒറ്റപ്പെടുത്തലിനും ഇരയായിട്ടുണ്ട്. ഇതിലൂടെ വളരെ വലിയ മാനസിക ബുദ്ധിമുട്ടുകളിലേക്കാണ് ഇവർ വിദ്യാർത്ഥികളെ തള്ളിവിടുന്നത്.
11. ഇനി, മൈത്രിയിൽ ഞാൻ നിരവധി തവണ ക്യാബിനറ്റിൽ ചിലർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയം ഉന്നയിച്ചപ്പോഴെല്ലാം, ഇന്നുവരെ എനിക്ക് കൃത്യമായൊരു മറുപടി കിട്ടിയിട്ടില്ല. ആ തുക എന്തൊക്കെത്തരം പ്രവർത്തികൾക്ക് വേണ്ടി ഉപയോഗിച്ചു എന്നും ആരുടെയൊക്കെ പക്കൽ നിന്നും എത്ര തുക പറ്റിയിട്ടുണ്ട് എന്നതിനെപ്പറ്റിയും അറിയില്ല. അതിനെപ്പറ്റി കൃത്യമായ രേഖകളും ഇന്ന് വരെ മൈത്രി പൊതുമദ്ധ്യത്തിൽ ലഭ്യമാക്കിയതായും അറിവില്ല. (വരുന്ന ദിവസങ്ങളിൽ ഒരു വാർഷിക റിപ്പോർട്ടോ മറ്റു രേഖകളോ പുറത്തിറക്കിയാൽ നന്നായിരിക്കും).
12. മൈത്രിയിലെ ഒരു പ്രമുഖന്റെ നേതൃത്വത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിലേക്ക് കേരളത്തിന്റെ ചില പ്രത്യേക ഏരിയകൾ കേന്ദ്രീകരിച്ച് നിരവധി കുട്ടികളെ പല തട്ടിക്കൂട്ട് വിദ്യാഭ്യാസ കോച്ചിങ് സ്ഥാപനങ്ങളുടെയും മറവിൽ കൊണ്ട് വരുന്നത് ഇവിടെ ആരും അറിയുന്നില്ല എന്ന് കരുതരുത്. അതിന്റെ ഉദ്ദേശവും ഇവിടുള്ളവർക്കാർക്കും മനസ്സിലാവുന്നില്ല എന്നും കരുതരുത്.
ഇതിനെ ഞാൻ രാഷ്ട്രീയമായി ഉപയോഗിച്ചു, വലതുപക്ഷ രാഷ്ട്രീയം കുത്തിക്കയറ്റി എന്ന് പറയുന്നവരോട്: അതെ. നിങ്ങൾ ഒരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിച്ച് രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും തങ്ങളുടെ ആശയം ഗൂഢമായ രീതിയിലൂടെ സൗഹൃദത്തിന്റെ മറവിൽ വ്യാപിപ്പിക്കാൻ വേണ്ടിയും ഒരു പ്ലാറ്റ്ഫോമിന്റെ മറപിടിച്ചെങ്കിൽ, അതെ രീതിയിൽ തന്നെ ശബ്ദിക്കപ്പെടാതെ പ്രതിനിധീകരിക്കപ്പെടാതെ നിങ്ങളുടെ ഒറ്റപ്പെടുത്തലുകളെ, അപവാദങ്ങളെ, ആക്രമണങ്ങളെ ഒക്കെ ഭയന്ന് പിന്മാറുന്ന ഒരു വിഭാഗം വിദ്യാർത്ഥികളെ പിന്തുണയ്ക്കാനാണ് എന്റെ തീരുമാനം. അത് രാഷ്ട്രീയമായിത്തന്നെ നേരിടുന്നതാണ്. നേരത്തെ തനിച്ചു പോരാടണമായിരുന്നു. എന്നാലിന്ന് ഒറ്റയ്ക്കല്ല, ധൈര്യം തരാൻ ഒരുപാട് പേരുണ്ട്. അത് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു !
കാര്യങ്ങൾ വ്യക്തമാകാത്തവർ എഴുതിയതെല്ലാം ഒന്നുകൂടെ വായിക്കുക. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് മാന്യമായി രേഖപ്പെടുത്തുക. മറിച്ച് ഓരോ പേരിട്ട് വിളിച്ച് അപഹസിക്കാനും വ്യക്തിഹത്യ നടത്താനുമാണുദ്ദേശമെങ്കിൽ അതിനെ വളരെ ശക്തമായി നേരിടാനാണ് തീരുമാനം. കാടടച്ച് വെടിവച്ചും വാട്ടെബൗട്ടറിയും പറഞ്ഞ് നിന്നിട്ട് കാര്യമില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യങ്ങൾ മനസിലാക്കുക.
NB: മൈത്രി ക്യാബിനെറ്റിലെ ഭാരവാഹികൾ തന്നെ പറയുന്നുണ്ടായിരുന്നു അവർ ഇപ്പോൾ ഐക്യദാർഢ്യം കൊടുത്ത വ്യക്തി അവരുടെ പല പരിപാടികൾക്കും സജീവമായി പങ്കെടുത്തിട്ടുണ്ട് എന്ന്. ആ വ്യക്തിയുടെ മേൽ ചുമത്തപ്പെട്ട വകുപ്പുകൾ പ്രകാരം ഇനി മൈത്രിയിലുള്ളവരും ഇത്തരം വിദ്ധ്വംസക പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിട്ടുണ്ടോ എന്ന് എനിക്കോ മൈത്രിയിലെ മറ്റു കുട്ടികൾക്കോ അവരുടെ രക്ഷകർത്താക്കൾക്കോ പൊതുജനത്തിനോ അന്വേഷണ ഏജൻസികൾക്കോ സംശയം തോന്നിയാൽ എങ്ങനെ കുറ്റം പറയാനാകും?
ജയ് ഹിന്ദ്
എ. എസ്സ്. കൃഷ്ണേന്ദു
30/04/2021
പ്രതികരിക്കാൻ ഇവിടെ എഴുതുക: