ന്യൂദല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഇരുപതോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സ് നേടി.
മുംബൈക്കായി ഡിക്കോക്ക് നടത്തിയ മികച്ച പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. മുന്‍നിര താരങ്ങളുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്തു. 41 റണ്‍സ് നേടിയ ബട്ലറെ ചാഹര്‍ പുറത്താക്കുമ്പോള്‍ രാജസ്ഥാന് വലിയ സ്കോര്‍ മുന്നില്‍ കണ്ടിരുന്നു. ബട്ലര് 32 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും നേടി. ജയ്സ്വാള്‍ 20 പന്തില്‍ രണ്ട് വീതം സിക്സും ഫോറും അടക്കം 32 റണ്‍സിന് പുറത്തായി. ചാഹറിന്റെ പന്തിലാണ് വിക്കറ്റ്. പിന്നീട് നായകന് സഞ്ജു സാംസണും ശിവം ദുബയും നടത്തിയ ബാറ്റിങ് പ്രകടനമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇടക്ക് സ്കോറിങ് കുറഞ്ഞത് വലിയ സ്കോറെന്ന ലക്ഷ്യം അകലെയാക്കി.
സഞ്ജു 27 പന്തില്‍ അഞ്ച് ഫോറോടെ 42 റണ്‍സ് നേടി ബോള്‍ട്ടിന് മുന്നില്‍ പുറത്തായി. ദുബെ 31 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 35 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കൂറ്റന്‍ അടികളിലേക്ക് ടീമിന് എത്താതായതോടെ 171 റണ്‍സില്‍ ഒതുങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തില്‍ വിജയിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്തിയ ഡികോക്ക് 50 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം എഴുപത് റണ്‍സ് നേടി പുറത്താകാതെ നിന്നു. നായകന് രോഹിത് ശര്‍മ 17 പന്തില്‍ 14 റണ്‍സ് നേടി പുറത്തായി. സൂര്യകുമാര്‍ യാദവ് 16 റണ്‍സിന് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെയാണ് മുംബൈ വിജയം അനായാസമായത്. പാണ്ഡ്യ 26 പന്തില്‍ 39 റണ്‍സ് നേടി. കീറണ്‍ പോള്ളാര്‍ഡ് എട്ട് പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: