ഷൊര്‍ണൂര്‍: അധ്യാപകവൃത്തിയില്‍ വേറിട്ട പ്രത്യേകതയുമായാണ് കുളപ്പുള്ളി ആരിയഞ്ചിറ സ്കൂളില്‍നിന്ന് പ്രധാനാധ്യാപകന് കാതുവീട്ടില്‍ കൃഷ്ണകുട്ടി പടിയിറങ്ങുന്നത്. തന്റെ 35 വര്‍ഷത്തെ അധ്യാപന ജീവിതത്തിനിടയില്‍ 30 വര്‍ഷവും പ്രധാനാധ്യാപകനായി ജോലി ചെയ്തിരുന്നു എന്ന് പ്രത്യേകതയാണ് ഇദ്ദേഹത്തിനുള്ളത്.
മൂന്ന് പതിറ്റാണ്ട് പ്രധാനാധ്യാപകവൃത്തി ചെയ്തിരുന്ന അധ്യാപകന്മാര് ഏറെയുണ്ട. എന്നാല്‍ കേവലം അഞ്ച് വര്‍ഷം അധ്യാപകനായും ബാക്കി മുഴുവന്‍ വര്‍ഷവും പ്രധാനാധ്യാപകനായും ജോലി ചെയ്ത ശേഷം വിരമിക്കുന്ന ആളുകള്‍ അപൂര്‍വമാണ്. കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ ആയിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്ത ആള് മാത്രമല്ല, മറ്റുപല ഗുണങ്ങള്‍കൂടി ഒത്തിണങ്ങിയ വ്യക്തികൂടിയാണ്.
കുട്ടന്മാഷ് എന്നാണ് നാട്ടുകാര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഇദ്ദേഹം അറിയപ്പെടുന്നത്. അധ്യാപകജോലി ചെയ്യുന്നതിനോടൊപ്പംതന്നെ വാദ്യകലാരംഗത്തും കാര്‍ഷികവൃത്തിയിലും ഒരുപോലെ വ്യാപരിച്ച ആളാണ്. യുപി സ്കൂളിലെ ഒരു പ്രധാനാധ്യാപകന് എന്ന നിലയില്‍ ഭാരിച്ച ജോലികള്‍ ഉണ്ട്. പലപ്പോഴും ശിപായിയുടെ ജോലിയും ചെയ്യേണ്ടിവരും. ഒപ്പം പഠിപ്പിക്കലും. ഇതിനിടയിലാണ് കൃഷിയിലും വാദ്യകലയിലും മികവ് തെളിയിച്ചത്.
ചെണ്ട, മൃദംഗം, പുല്ലാങ്കുഴല്‍, ഇടക്ക, മദ്ദളം എന്നിവ വായിക്കുന്ന കുട്ടന്മാഷ് ഒരു നല്ല തായമ്പക കലാകാരന് കൂടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി കുളപ്പുള്ളി തൃപ്പുറ്റ മഹാദേവക്ഷേത്രത്തിലെ വാദ്യ അടിയന്തിര ചുമതലക്കാരന്കൂടിയാണ് ഇദ്ദേഹം. ഉത്സവങ്ങളില്‍ തായമ്പകക്കാരനായും പോകാറുണ്ട്. തന്റെ മകനെയും ഇതേരീതിയില്‍ വളര്‍ത്തിയെടുത്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മകന് ആകാശ് കൃഷ്ണന് തായമ്പകയില്‍ വിദഗ്ധനാണ്. എഞ്ചിനീയര്‍കൂടിയായ മകന് അച്ഛനില്‍നിന്നുതന്നെയാണ് തായമ്പക അഭ്യസിച്ചത്. ഇരുവരും ഒന്നിച്ച് ഉത്സവങ്ങളില്‍ പങ്കെടുക്കാറുമുണ്ട്.
കലകളോടൊപ്പംതന്നെ കൃഷിയും തനിക്ക് ഇണങ്ങുന്ന ജോലിയാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിഷരഹിത പച്ചക്കറി ഉണ്ടാക്കുന്നതില്‍ ഏറെ തല്‍പ്പരനാണ് മാഷ്. തന്റെ കൃഷിയിടത്തിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി വളരെ നന്നായി ചെയ്തുവരുന്നു. സ്കൂള്‍ വളപ്പിലെ പച്ചക്കറിത്തോട്ടത്തില്‍ 500 ചേന നട്ടുകൊണ്ടാണ് മാഷ് പടിയിറങ്ങുന്നത്. നാളെ അദ്ദേഹം ഉദ്യോഗത്തില്‍നിന്നും വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: