പാലക്കാട്: 2018 ലെ കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചുപോയ പറളി പഞ്ചായത്തിലെ വഴുക്കപ്പാറ തോടിന്റെ കരഭാഗം ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ചെറുകിട ജലസേചന പദ്ധതി കാര്യാലയത്തിനാണ് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയത്. കമ്മീഷന് ചെറുകിട ജലസേചന പദ്ധതി കാര്യാലയത്തില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. തകര്‍ന്നുപോയ കരിങ്കല്‍ ഭിത്തികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുനര്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 10 മീറ്റര്‍ നീളത്തില്‍ നിലവിലുള്ള കരിങ്കല്‍ ഭിത്തികള്‍ പോയിന്റ് ചെയ്യും.
മലാപ്പള്ള, കയറാകുടംപുളം കലുങ്ക് ഭാഗത്തെ ഭിത്തിയാണ് പുനര്‍ നിര്‍മിക്കുന്നത്. കാല്‍പ്പാലം കലുങ്കിന്റെ തകര്‍ന്നുപോയ ഭാഗം പുനര്‍ നിര്‍മിക്കുന്നതിന് പുറമേ ഇവിടെ 100 മീറ്റര്‍ നീളത്തില്‍ തോടിന്റെ ആഴം കൂട്ടും. കടച്ചാല്‍ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കും. പുളിയന്പാള ചെക്ക്ഡാമിന് ഇരുവശവും കോണ്‍ക്രീറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും ചെറുകിട ജലസേചന പദ്ധതി ഓഫീസില്‍നിന്ന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനക്കംമ്പാടം നെല്ലുല്പാദക പാടശേഖര സമിതിയുടെ കണ്‍വീനര്‍ പി. എം. സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2018 ലെ കാലവര്‍ഷക്കെടുതിയില്‍ ഒലിച്ചുപോയ ഭാഗത്ത് മണല്‍ചാക്കുകള്‍ നിരത്തിയെങ്കിലും 2019 ലെ പേമാരിയില്‍ അതും ഒലിച്ചു പോയതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, തോടിന്റെ കരഭാഗം മുഴുവന്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം സാമ്പത്തിക ബാധ്യത കാരണം അനുവദിക്കാന്‍ കഴിയില്ലെന്നാണ് പറളി ഗ്രാമപഞ്ചായത്ത് കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: