ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച 2000 മുതല്‍ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാനും മന്ത്രിയുമായ ആര്. അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ ഫോണ്‍ ഓഫ് ചെയ്ത ശേഷം വീട്ടില്‍നിന്നും മുങ്ങിയതായാണ് വിവരം. ബംഗളൂരു നഗരത്തില്‍ നിന്നുളളവരെയാണ് ഇത്തരത്തില്‍ കാണാതായിരിക്കുന്നത്.
സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്ന് ലഭിക്കണമെങ്കില്‍ ഇത്തരം ആളുകള്‍ ഹോം ക്വാറന്റൈനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ അതുണ്ടാകാതെ രോഗം ഗുരുതരമാകുമ്പോള്‍ ഐ.സി.യു കിടക്കകള്‍ക്കായി വന്ന് ആശുപത്രികളില്‍ ബഹളമുണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ രോഗികളെ കണ്ടെത്താനായി പോലീസും ദുരന്ത നിവാരണ അതോറിറ്റിയും ശ്രമം തുടരുകയാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികള്‍ ഫോണ്‍ ഓഫ് ചെയ്ത് വീട്ടില്‍ നിന്നും പോകരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ കാണാതാവുന്നവരെ കണ്ടെത്താന്‍ പത്ത് ദിവസത്തോളമാണ് വേണ്ടി വരുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രയാസകരമാണെന്നും ആര്. അശോക് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ 90 ശതമാനം രോഗികള്‍ക്കും അസുഖം ഭേദമാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 40,000 പുതിയ കേസുകളാണ് സംസ്ഥാനത്ത് ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 29,000 കേസുകളും ബംഗളൂരു നഗരത്തില്‍ തന്നെയാണ്. 229 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇന്നലെ മാത്രം മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: