കോട്ടയം : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒറ്റയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഏറ്റുമാനൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ നടപടിക്കെതിരെ ന്യൂനപക്ഷമോര്‍ച്ച പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയായിരുന്നു സ്റ്റേഷന് ഹൗസ് ഓഫീസറെന്ന് ബിജെപി ആരോപിച്ചു.
ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിമുറ്റത്ത് പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യൂ ഉദ്ഘാടനം ചെയ്തു. ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നവരാകണം പോലീസെന്നും നശിപ്പിക്കുന്നവരാകരുതെന്നും നോബിള്‍ മാത്യു പറഞ്ഞു.
വിശുദ്ധ കുര്‍ബാന മുടക്കാന്‍ പോലീസിനവകാശമില്ലെന്നും പ്രോട്ടോക്കോളിന്റെ പേരില്‍ ഉദ്യോഗസ്ഥരാജ് നടപ്പാക്കി പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡോ. ജോജി അബ്രഹാം അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് ഷാജി ജോണ്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് രാഘവന്, സെബിന് കുരുവിള എന്നിവര്‍ പങ്കെടുത്തു. നേരത്തേ ഭാരവാഹികള്‍ വികാരി ഫാദര്‍ ജോസഫ് മുണ്ടകത്തിലിനേയും പോലീസ് അവഹേളിച്ച വൈദികനേയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: