ന്യൂദല്‍ഹി : മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ ദൗത്യസംഘാംഗം മൈക്കള്‍ കോളിന്‍സ്(90) വിടവാങ്ങി. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേയാണ് മരണം. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്.
നീല്‍ ആംസ്ട്രോങ്ങും എഡ്വിന് ആല്‍ഡ്രിനും ചന്ദ്രോപരിതലത്തിലൂടെ നടന്ന് പുതു ചരിത്രം സൃഷ്ടിച്ചപ്പോള്‍ ഇവരെ പിന്തുണച്ച് പേടകത്തില്‍ ഒറ്റയ്ക്ക് ചന്ദ്രനെ വലം വെയ്ക്കുകയായിരുന്നു മൈക്കല്‍.
രണ്ട് പേര് ചന്ദ്രനലിറങ്ങുമ്പോള്‍ മൂന്നാമന് കമാന്‍ഡ് മൊഡ്യൂളില്‍ തുടരേണ്ടത് അനിവാര്യതയായിരുന്നു. അതല്ലാതെ ഇറങ്ങിയവരെ തിരികെ ഭൂമിയിലെത്തിക്കാന്‍ അന്നത്തെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ചരിത്ര പുസ്തകങ്ങളില്‍ തന്റെ പേര് അവസാനത്തേത് ആകുമെന്നോ മറ്റൊരു ചിന്തയും അലട്ടാതെ ആംസ്ട്രോങ്ങും ആല്‍ഡ്രിനും പിന്തുണ നല്‍കുകയാണ് മൈക്കല്‍ ചെയ്തത്.
കൂട്ടാളികളില്ലാതെ മടങ്ങിപ്പോകേണ്ടി വരുമോ എന്ന പേടി മാത്രമേ ശൂന്യാകാശത്തെ ഏകാന്ത യാത്രയില്‍ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് കോളിന്‍സ് പിന്നീട് പറഞ്ഞിട്ടുണ്ട്. അപ്പോളോ 11ലെ എറ്റവും മികച്ച സ്ഥാനം തന്റേതാണെന്ന് പറഞ്ഞാല്‍ അത് കള്ളം മാത്രമായിരിക്കും, മണ്ടത്തരവുമായിരിക്കും പക്ഷേ ഏല്‍പ്പിക്കപ്പെട്ട ജോലിയില്‍ താന്‍ തൃപ്തനാണ്. ദൗത്യത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കോളിന്‍സ് പറഞ്ഞത് ഇങ്ങനെയായിരുന്നു. 1966ല്‍ ജെമിനി പത്ത് ദൗത്യത്തിന്റെ പൈലറ്റായിട്ടായിരുന്നു കോളിന്‍സിന്റെ ആദ്യ ബഹിരാകാശ യാത്ര.
അപ്പോളോ 11 കോളിന്‍സിന്റെ രണ്ടാമത്തേയും അവസാനത്തേയും ബഹിരാകാശ യാത്രയായിരുന്നു. അപ്പോളോ 11ന്റെ സഞ്ചാരിയെന്ന നിലയില്‍ ലഭിച്ച പ്രശസ്തിയില്‍ മൈക്കല്‍ ഒരിക്കലം മതിമറന്നിട്ടില്ല. നാസയില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും അധികനാള്‍ നിന്നില്ല. പിന്നീട് നാഷണല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയം ഡയറക്ടറായും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: