കോടതി മുറികളിലെ നീതിദേവതയുടെ ചിത്രമോ പ്രതിമയോ ഒരിക്കലെങ്കിലും ശ്രദ്ധിച്ചിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. പുരാണങ്ങളിലെ സുബലപുത്രിയും ധൃതരാഷ്ട്രപത്നിയുമായ ഗാന്ധാരരാജകുമാരിയെ ഓര്‍മ്മിപ്പിക്കുന്ന കണ്ണുമൂടിയ ഈ രൂപം യഥാര്‍ത്ഥത്തില്‍ ജസ്റ്റീഷ്യ (ഖൗേെശരശമ) എന്ന റോമന്‍ നീതിദേവതയാണ്. ഭാരതീയ സമൂഹത്തില്‍ സമത്വത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ച എത്രമാത്രം പാശ്ചാത്യവത്ക്കരിക്കപ്പെട്ടതും അക്കാരണത്താല്‍ തന്നെ ഭാരതീയ മൂല്യങ്ങളില്‍ നിന്ന് അകന്നതുമാകാം എന്നതിന് ദൃഷ്ടാന്തമായും ഈ ചിത്രത്തെ കരുതാം. കാരണം നീതിയുടെ അധിപനും ഭരണാധികാരിയുമൊക്കെ കണ്ണുകള്‍ മൂടിക്കെട്ടിയവരാകരുത്, മറിച്ച് അകക്കണ്ണുകള്‍ പോലും സദാ ജാഗ്രത്തായി തുറന്നവരും നയരൂപീകരണം അതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ സാമൂഹിക യഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് നടത്തുന്നവരുമായിരിക്കണം എന്നതാണ് വാസ്തവം.
ഇത്രയും വ്യക്തമാക്കിയത് അതിവേഗകോവിഡ് വാക്സിനേഷന് മുന്നില്‍ക്കണ്ട് ഭാരതസര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്സിന് നയത്തെ ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍ എന്ന് സൂചിപ്പിക്കാനാണ്. ആദ്യമായി, എന്താണ് ഭാരതത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്ര-സാമൂഹിക-സാമ്പത്തിക സവിശേഷതകള്‍ എന്നു നോക്കാം. ലോകത്തെ എല്ലാത്തരം ഭൂമിശാസ്ത്രമേഖലകളും ഉള്‍ക്കൊള്ളുന്ന വിശാലമായ ഈ രാഷ്ട്രത്തിന് പക്ഷേ, അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത വാര്‍ത്താവിനിമയമാര്‍ഗങ്ങളില്‍ ധാരാളം പരിമിതികള്‍ ഇന്നുമുണ്ട്. കൊവിഡ് എന്നാല്‍ എന്താണെന്നു പോലും അറിയാത്തവര്‍ ഗ്രാമങ്ങളിലും വനാന്തരങ്ങളിലും വിദൂരസ്ഥ ദ്വീപുകളിലുമുണ്ടാവാം. മതപരമോ വിശ്വാസപരമോ ആയ കാരണങ്ങളാല്‍ വാക്സിന് ബഹിഷ്കരിക്കുന്നവര്‍, തെരുവില്‍ കഴിയുന്നവര്‍, ആയുധങ്ങളുമായി സ്റ്റേറ്റിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ സ്വന്തം ജെറ്റ് വിമാനത്തില്‍ പറക്കുന്ന അതിസമ്പന്നര്‍വരെ അതില്‍പ്പെടുന്നു. ഇവരെല്ലാമുള്‍പ്പെടുന്ന, സമാനതകളില്ലാത്ത വിധം ഭീമമായ ഒരു ജനവിഭാഗമാണിത് (140 കോടിയെന്നാല്‍, ജനസംഖ്യയില്‍ തൊട്ടു താഴെ നില്ക്കുന്ന 33 കോടി മാത്രം ജനസംഖ്യയുള്ള അമേരിക്കയും ബ്രസീല്‍ കൂടാതെ മുഴുവന്‍ യൂറോപ്പും കൂടിച്ചേര്‍ന്നതിലും വലിയൊരു സംഖ്യയാണ്).
ഈ രാഷ്ട്രങ്ങളുടെ വിഭവശേഷിയിലുള്ള വ്യത്യാസവും ഭീമമാണ്. ഒരു അമേരിക്കന്‍ പൗരന്റെ ആളോഹരി ആരോഗ്യ സുരക്ഷാ ചെലവ് ഏകദേശം 8 ലക്ഷം രൂപയെങ്കില്‍ (10966 ഡോളര്‍) ഭാരതീയന്റേത് അത് 2015ല്‍ ഏകദേശം 1008 രൂപയും 2020ല്‍ 2000 രൂപയ്ക്ക് അടുത്തും മാത്രമാണ്. ഭാരത ഗവണ്മെന്റ് ഏതാണ്ട് ജിഡിപി യുടെ 1.3% ആരോഗ്യത്തിന് ചെലവഴിക്കുമ്പോള്‍ പൊതുജനങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവാക്കുന്നതു കൂടി കണക്കിലെടുത്താല്‍ അത് 3.6%. മാത്രമേ ആകുന്നുള്ളൂ. ഇത്രമാത്രം പരിമിതമായ വിഭവശേഷി ഉപയോഗിച്ച്, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ആള്‍ക്കാരില്‍, അവരില്‍ത്തന്നെ കോവിഡ് രോഗബാധ അധികം അപകടകാരിയാവുന്ന ആള്‍ക്കാരില്‍ ആദ്യവും വാക്സിന് എത്തിക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്.
ഇതിനായി, ആദ്യഘട്ടത്തില്‍ ( 2021ജനുവരി 16 മുതല്‍) കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മററു മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്സിനേഷന് തുടങ്ങി. ലക്ഷ്യം -സുവ്യക്തമാണ്, ആരോഗ്യമേഖലയിലെ നമ്മുടെ സംരക്ഷകരെ സംരക്ഷിക്കുകയും സംവിധാനത്തെ സുസംഘടിതമായി നിര്‍ത്തുകയും ചെയ്യുക. ഇക്കാര്യത്തില്‍ ഗവണ്മെന്റിന്റെ മുന്‍ഗണനാക്രമത്തെ സംബസിച്ച് കാര്യമായ വിമര്‍ശനങ്ങളൊന്നും ഉണ്ടായതുമില്ല.
അടുത്തഘട്ടത്തില്‍, (2021 മാര്‍ച്ച് ഒന്നിന്) ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുമുന്‍നിര പ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രായം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ മൂലം അധിക അപകട സാധ്യതയുള്ളവരാണ്, സര്‍ക്കാരിന്റെ മുന്‍ഗണനാക്രമത്തില്‍ വന്നത്. അപ്രകാരം, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 45 വയസ്സിനു മുകളിലുള്ളവരില്‍ മറ്റ് രോഗാവസ്ഥകള്‍ മൂലം സങ്കീര്‍ണ്ണത അനുഭവിക്കുന്നവര്‍ തുടങ്ങിയവരും വാക്സിനേഷന് അര്‍ഹരായി. കഴിഞ്ഞ നൂറു ദിവസത്തിനുള്ളില്‍ ഇപ്രകാരം അറുപതിനായിരത്തിലധികം ഗവ. കേന്ദ്രങ്ങളിലും ആറായിരത്തിലധികം പ്രൈവറ്റ് ആരോഗ്യകേന്ദ്രങ്ങളിലുമായി പതിനാലേകാല്‍ കോടിയോളം വാക്സിന് ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. ഉദ്ദേശം പന്ത്രണ്ട് കോടിയോളം പേര് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവരും അതിനാല്‍ തന്നെ രോഗം മാരകമാകുന്നതില് നിന്ന് സുരക്ഷ നേടിയവരുമാണ്. പ്രതിദിനം വാക്സിന് ലഭിക്കുന്നരുടെ എണ്ണം ഇപ്പോള്‍ 30 ലക്ഷത്തോളമാണ്. ഭാരത സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ബയോടെക് ഉല്പാദിപ്പിക്കുന്ന ‘കോവാക്സിന് ‘; സ്വകാര്യ സ്ഥാപനമായ സീറം ഇന്‍സ്റ്റിറ്റിയൂട്ട് വിദേശ ഔഷധനിര്മ്മാണക്കമ്പനിയായ ആസ്ട്രാ സെനക്കായുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കോവിഷീല്‍ഡ് ‘ എന്നിവയാണ് വാക്സിനേഷന് ഉപയോഗിച്ചുവന്നത്. എന്നാല്‍ ഈ രണ്ടു കമ്പനികളുടെയും പ്രതിദിന വാക്സിന് ഉല്പാദനശേഷി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രധാനമായി ഉപയോഗിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ വാക്സിനേഷന് നിരക്ക്, എന്നിവ വച്ചു നോക്കിയാല്‍ നമുക്ക് മതിയായരീതിയില്‍ എല്ലാ പൗരന്മാര്ക്കും വാക്സിന് എത്തിക്കുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും.
വാക്സിനേഷന്റെ അടുത്ത ഘട്ടം (ഫേസ് 3) മെയ് ഒന്നിന് ആരംഭിക്കുകയാണ്. ഉദാരവും അതിവേഗത്തിലുള്ളതുമായ വാക്സിനേഷനാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനുതകുന്ന വിധത്തില്‍ വാക്സിനേഷന് നയങ്ങളില്‍ സമൂല വ്യതിയാനങ്ങള്‍ വരുത്തി. നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷന് ഫോര്‍ കോവിഡ് 19 (എന്‍ഇജിവിഎസി) എന്ന പേരില്‍ വിദഗ്ധപാനലിന്റെ ശുപാര്‍ശയിലാണ് ഈ വാക്സിന് നയം രൂപപ്പെടുത്തിയിരിക്കുന്നത്. എങ്ങിനെയാണ് ലോകത്തെ ഏറ്റവും ബൃഹത്തായ വാക്സിനേഷന് പദ്ധതി അതിന്റെ ലക്ഷ്യം നേടുവാന്‍ ശ്രമിക്കുന്നതെന്ന് പരിശോധിച്ചു നോക്കാം.
- പുതിയ വാക്സിനേഷന് നടത്തുന്നത് വേണ്ടരീതിയില്‍ പരിഷ്ക്കരിച്ച പഴയ ‘കോവിന്‍’ എന്ന ബെനിഫിഷ്യറി മൊബൈല്‍ പ്ലാറ്റ്ഫോമില്‍ തന്നെ ആയിരിക്കും. ആശയക്കുഴപ്പങ്ങള്‍ കുറയും.
- വാക്സിനേഷനില്‍ കേന്ദ്രം, സംസ്ഥാനം, സ്വകാര്യമേഖല എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്തി.
- പൂര്‍ണ്ണമായും ഭാരതത്തില്‍ ഉല്പ്പാദിപ്പിക്കുന്നവ (ഉദാ കോവാക്സിന്), വിദേശ സഹകരണത്തോടെ ഭാരതത്തില്‍ ഉല്പാദിപ്പിക്കുന്നവ ( കോവിഷീല്‍ഡ്) , ഇറക്കുമതി ചെയ്യുന്നവ തുടങ്ങിയ എല്ലാതരം വാക്സിനുകളും ഉപയോഗിക്കാം.
- 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും വാക്സിന് എടുക്കാം.
- എന്നാല്‍, കേന്ദ്രഗവണ്മെന്റിന്റെ പ്രധാന ലക്ഷ്യം രണ്ടാം ഘട്ടത്തിലെന്നപോലെ ഈ ഘട്ടത്തിലും ഏറ്റവും അപകടസാധ്യതയുള്ള മുതിര്‍ന്ന പൗരന്മാരെ (ഈ ഘട്ടത്തില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ള എല്ലാ ആള്‍ക്കാരെയും,) കൂടാതെ ഇതുവരെ വാക്സിനേഷന് പൂര്‍ത്തിയാക്കാത്ത ആരോഗ്യ പ്രവര്‍ത്തകരെയും മറ്റു മുന്നണിപ്പോരാളികളെയും പരമാവധി വേഗത്തില്‍ വാക്സിനേറ്റ് ചെയ്യുക എന്നതുതന്നെ ആയിരിക്കും. രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നവരില്‍ 80% ഇവരാണ്. ഇതിനു വേണ്ടി കേന്ദ്രം തദ്ദേശീയമായി പ്രതിമാസം നിര്‍മ്മിക്കുന്ന എല്ലാ വാക്സിനുകളുടെയും 50% വില കൊടുത്തു വാങ്ങുകയും വിവിധസംസ്ഥാനങ്ങള്ക്കായി കോവിഡ് രോഗികളുടെ എണ്ണം, വാക്സിനേഷന്റെ വേഗത, മരുന്ന്പാഴാക്കി കളയുന്നതിന്റെ അളവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, വിതരണം ചെയ്യുകയും ചെയ്യും. ഇത് സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ഗവ. വാക്സിനേഷന് കേന്ദ്രങ്ങള്‍ വഴി കൊടുക്കണം. എന്നാല്‍ ഇനി മുതല്‍ (മെയ് 1) ഈ സൗജന്യ വാക്സിന് സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യാന്‍ പാടില്ല.
ഉല്പാദകര്ക്ക് ബാക്കിയുള്ള 50% വിവിധ സംസ്ഥാനങ്ങള്‍ക്കോ, പൊതുവിപണിയില്‍ സ്വകാര്യആശുപത്രികള്ക്കോ കൊടുക്കാം. എല്ലാ നിര്‍മ്മാതാക്കളും തങ്ങള്‍ സംസ്ഥാന ഗവണ്മെന്റിനും, പൊതുവിപണിയിലും വില്‍ക്കുന്ന വില മെയ് 1 നു മുന്‍പ് പ്രഖ്യാപിക്കണം. വ്യത്യസ്തവിലകള്‍ ഉല്പാദകര് പ്രഖ്യാപിച്ചതില്‍ നിന്ന് വിപണിയില്‍ സമത്വത്തിന്റെയോ സോഷ്യലിസത്തിന്റെയോ അപ്രായോഗിക ആശയത്തേക്കാള്‍, നീതിപൂര്‍വകമായ വിതരണത്തിനാണ് ഗവ. മുന്‍തൂക്കം നല്കുന്നതെന്നു കരുതാം. രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ നികുതിപ്പണമുപയോഗിച്ച് വാങ്ങുന്ന മരുന്ന് ലോകത്തേറ്റവും കുറഞ്ഞ വിലയില്‍തന്നെ കരസ്ഥമാക്കുകയും (ലഭ്യമായ വിവരങ്ങള്‍ വച്ച് അന്താരാഷ്ട്ര വിപണിയില്‍ തന്നെ കോവിഡ് വാക്സിനുള്ള ഏറ്റവും കുറഞ്ഞ വിലയാണ് 150 രൂപ എന്നത്) അത് സൗജന്യമായി വിതരണം ചെയ്യുകയും മാത്രമല്ല, ഏറ്റവും ആവശ്യമുള്ള പൗരന്മാര്ക്ക് മുന്‍ഗണനാക്രമത്തില്‍ ഈ വാക്സിന് എത്തുന്നുവെന്ന് ഉറപ്പു വരുത്താനും ഗവ. ശ്രദ്ധിച്ചിരിക്കുന്നു.
പൊതുവിപണിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ വാക്സിന് സംഭരിച്ച് സൗജന്യമായോ നിശ്ചിത വിലയിലോ 18 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും നല്‍കാം. പക്ഷേ ഇപ്പോള്‍ അവര്‍ കേന്ദ്രത്തിന്റെ മുന്‍ഗണനാക്രമത്തില്‍ വരുന്നില്ല, (കോവിഡ് രോഗബാധ മൂലമുള്ള അപകട സാധ്യത കുറവായതുകൊണ്ട്). എന്നിരുന്നാലും, തൊഴില്‍പരമായ ആവശ്യങ്ങള്‍, മറ്റ് രോഗാവസ്ഥ മുതലായവ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇനിമുതല്‍ അവര്‍ക്കും വാക്സിന് കൊടുക്കാം. വിവിധ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും, കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമെല്ലാം ഈ വാക്സിനേഷന് യജ്ഞത്തില്‍ പങ്കാളികളാകാം.
സ്വകാര്യ ആശുപത്രികള്‍ തങ്ങള്‍ നല്കുന്ന വാക്സിന്റെ തരം, വില ഇവയെല്ലാം കോവിന്‍ ആപ് വഴിയായി പരസ്യപ്പെടുത്തണം. വാക്സിനായി കാത്തിരിക്കുന്നവരും അതിനായി പണം മുടക്കാന്‍ തയ്യാറുള്ളവരുമായ ഒരു വിഭാഗം ജനങ്ങളെ, വിലയും, ഗുണനിലവാരവുമെല്ലാം സ്വയം അറിഞ്ഞ് വ്യക്തികളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കി, ഒപ്പം വിപണിയില്‍ മത്സരക്ഷമതയും അങ്ങനെ വിലക്കുറവും ഉറപ്പാക്കി വേഗം തന്നെ വാക്സിന് എടുപ്പിക്കുവാന്‍ ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: