ന്യൂഡൽഹി : സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കോവിഷീല്‍ഡ് എന്ന കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന സിറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒ അദാർ പൂനാവാലയ്‌ക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. പൂനാവാലയ്‌ക്കെതിരെ നിരന്തരമായി സുരക്ഷാ ഭീഷണികൾ ഉയരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഡയറക്ടര്‍ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നീക്കം.
ഇന്ത്യയിലെ രണ്ട് പ്രധാന കോവിഡ് വാക്സിനില്‍ ഒന്നായ കോവിഷീല്‍ഡ് നിര്‍മ്മിച്ച സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒആണ് അദാര്‍ പൂനാവാലയ്‌ക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 16 ന് സെറം ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പ്രകാശ് കുമാർ സിംഗാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്ത് നൽകിയത്. കൊറോണ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പേർ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കുന്നുണ്ടെന്നായിരുന്നു കമ്പനി കത്തില്‍ സൂചിപ്പിച്ചിരുന്നത്.
സിആര്‍പിഎഫാണ് പൂനാവാലയ്‌ക്ക് സുരക്ഷ നൽകുക. ഒന്നോ രണ്ടോ കമാന്‍റോകളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 11 പേര്‍ അടങ്ങിയതാണ് വൈ കാറ്റഗറി സുരക്ഷ. മെയ് 1 ന് രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെയാണ് തീരുമാനം.
കേന്ദ്ര സർക്കാരിന് 150 രൂപയ്‌ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്‌ക്കും വാക്‌സിൻ നൽകാനാണ് കമ്പനി നിശ്ചയിച്ചിരുന്നത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയെ തുടർന്ന് കോവിഷീല്‍ഡ് വാക്സീന്റെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ട വില 300 രൂപയായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാൽ തുടക്കത്തില്‍ 150 രൂപയ്‌ക്ക് നല്‍കിയ വാക്‌സിൻ പിന്നീട് വിലകൂട്ടി വില്‍ക്കുക വഴി കമ്പനി വന്‍ലാഭമുണ്ടാക്കുന്നുവെന്നാരോപിച്ച് പൂനാവാലയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. ഇതും സുരക്ഷ നല്‍കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: