ന്യൂദല്‍ഹി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 172 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 171 റണ്‍സ് എടുത്തു.
മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും സഹിതം 61 റണ്‍സ് എടുത്തു. വാര്‍ണര്‍ 55 പന്തില്‍ 57 റണ്‍സ് നേടി. മൂന്ന് ഫോറും രണ്ട് സിക്സറും അടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെയ്്ന്‍ വില്യംസണ് പത്ത്പന്തില് നാല് ഫോറും ഒരു സിക്സറും അടിച്ച് 26 റണ്‍സുമായി പുറത്താകാതെ നിന്നു. പന്ത്രണ്ട് റണ്‍സ് എടുത്ത കേദാര്‍ ജാദവും പുറത്തായി്ല്ല.
ടോസ് നേടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിന്റെ തുടക്കം മോശമായി. ഇരുപത്തിനാല് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ സാം കറന്റെ പന്തില്‍ ചഹാറിന് പിടികൊടുത്തു. അഞ്ചു പന്ത് നേരിട്ട ബെയര്‍സ്റ്റോയുടെ സമ്പാദ്യം ഏഴ് റണ്‍സ്.
ബെയര്‍സ്റ്റോയ്ക്ക് പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെ ക്യാപറ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൊരുതി നിന്നതോടെ സണ്‍റൈസേഴ്സിന്റെ സ്കോര്‍ ഉയര്‍ന്നു. തുടക്കത്തില്‍ വാര്‍ണര്‍ മെല്ലേപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവച്ചത്. എന്നാല്‍ മനീഷ് പാണ്ഡെ തുടക്കം മുതല്‍ അടിച്ചു തകര്‍ത്തു.
അവസാന ഓവറുകളില്‍ വാര്‍ണറും തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 106 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. അര്‍ധ സെഞ്ചുറി കുറിച്ചതിന് പിന്നാലെ വാര്‍ണര്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ കീഴടങ്ങി. ജഡേജ ക്യാച്ചെടുത്തു. 55 പന്ത് നേരിട്ട വാര്‍ണര്‍ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 57 റണ്‍സ് എടുത്തു. വാര്‍ണര്‍ക്ക് പിന്നാലെ മനീഷ് പാണ്ഡെയും പുറത്തായി. എന്‍ഗിഡിയുടെ പന്തില്‍ ഡുപ്ലെസിസ് ക്യാച്ചെടുത്തു. 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും അടക്കം 61 റണ്‍സ് നേടി.
ചെന്നൈ സൂപ്പര്‍ കിങ്സിനായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. സാം കറന് നാല് ഓവറില്‍ 30 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: