മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ ലാ ലിഗയിലെ വമ്പന്മാരായ റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ ചെല്‍സി സമനിലയില്‍ പിടിച്ചുകെട്ടി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇനി എവേ ഗോളിന്റെ മുന്‍തൂക്കവുമായി ചെല്‍സിക്ക് സ്വന്തം തട്ടകത്തില്‍ രണ്ടാം പാദത്തിനിറങ്ങാം. മെയ് അഞ്ചിനാണ് രണ്ടാം പാദ സെമിഫൈനല്‍.
സമസ്തമേഖലകളിലും ആധിപത്യം സ്ഥാപിച്ച ചെല്‍സിയുടെ തുടക്കം ഗംഭീരമായിരുന്നു. പതിനാലാം മിനിറ്റില്‍ അവര്‍ റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ വെടിയും പൊട്ടിച്ചു. അമേരിക്കന്‍ മുന്നേറ്റനിരക്കാരന്‍ ക്രിസ്റ്റിയന്‍ പുലിസിച്ചാണ് റയലിനെ ഞെട്ടിച്ച ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഗോള്‍ നേടുന്ന ആദ്യ അമേരിക്കന്‍ താരമെന്ന റെക്കോഡ് ഇതോടെ പുലിസിച്ചിന് സ്വന്തമായി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന അമേരിക്കാന്‍ താരമെന്ന റെക്കോഡും പുലിസിച്ച് നേടി. പുലിസിച്ചിന്റെ അഞ്ചാം ഗോളാണിത്. അമേരിക്കയുടെ ഡാമര്‍ക്കസ് ബീസിലിയുടെ റെക്കോഡാണ് പുലിസിച്ച് മറികടന്നത്.
അന്റോണിയോ റൂഡിഗര്‍ ബോക്‌സിനകത്തേക്ക് ഉയര്‍ത്തി നല്‍കിയ പാസ് പിടിച്ചെടുത്ത പുലിസിച്ച് അനായാസം റയല്‍ ഗോളി തിബൗട്ട് കോര്‍ട്ടിയോസിനെ മറികടന്ന് പന്ത് വലയിലേക്ക് പായിച്ചു. ഗോള്‍ ലൈനില്‍ നിന്ന് പന്ത് രക്ഷപ്പെടുത്താന്‍ റയലിന്റെ പ്രതിരോനിരക്കാര്‍ ശ്രമിച്ചെങ്കിലും പാഴായി. പന്ത് വലയില്‍ കയറി നിന്നു.
തുടക്കത്തില്‍ തപ്പിത്തടഞ്ഞ റയല്‍ മാഡ്രിഡ് ഇരുപത്തിയൊമ്പതാം മിനിറ്റില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. കരീം ബെന്‍സെമയാണ് സ്്കോര്‍ ചെയ്തത്. ബെന്‍സെമ തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ ചെല്‍സിയിലുടെ വലയിലേക്ക് കയറി. അവസാന പതിനാല് മത്സരങ്ങളില്‍ ബെന്‍സെമയുടെ പതിമൂന്നാം ഗോളാണിത്. റയലിന്റെ തട്ടകത്തില്‍ അവസാന പതിനേഴ് മത്സരങ്ങളില്‍ ബെന്‍സെമയുടെ പതിനാറാം ഗോളും.
രണ്ടാം പകുതിയില്‍ ചെല്‍സിക്ക് ഗോളടിക്കാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല. റയല്‍ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ മെയ് അഞ്ചിന് ചെല്‍സിയുടെ തട്ടകത്തില്‍ നടക്കും. റയലിന്റെ തട്ടകത്തില്‍ നേടിയ എവേ ഗോളിന്റെ മുന്‍തൂക്കത്തില്‍ ചെല്‍സിക്ക് രണ്ടാം പാദത്തിനിറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: