ന്യൂയോര്‍ക്ക്: കോവിഡ് അതിവ്യാപനം രൂക്ഷമാവുകയും ഓക്‌സിജന്‍ ക്ഷാമത്താല്‍ ഇന്ത്യ ബുദ്ധിമുട്ടുകയും ചെയ്തപ്പോള്‍ അമേരിക്കക്കെതിരെ വിമര്‍ശനം ഉയര്‍ത്തി ഇന്ത്യയെ പ്രലോഭിപ്പിക്കാനുള്ള ചൈനയുടെ ശ്രമം തള്ളിക്കളഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നയതന്ത്രനീക്കം വിജയം കണ്ടു. ഒടുവില്‍ അമേരിക്കയ്‌ക്ക് ആദ്യം എന്ന നയം തിരുത്തി ഇന്ത്യയ്‌ക്ക് കോവിഷീല്‍ഡ് വാക്സിന്‍ ഉല്‍പാദനത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കാമെന്ന് നേരിട്ട് ഫോണ്‍ വിളിച്ച് ബൈഡന്‍ അറിയിച്ചപ്പോള്‍ മോദിയുടെ തന്ത്രം പരിപൂര്‍ണ്ണതയിലെത്തി.
ചൈനയെ തള്ളി, അമേരിക്കയെ ഇന്ത്യയ്‌ക്ക് അനുകൂലമായ നയമെടുപ്പിച്ച് മോദി അങ്ങിനെ കോവിഡ് രണ്ടാം തരംഗത്തിലും നയതന്ത്രവിജയത്തിന്റെ ആള്‍രൂപമായി. അമേരിക്കയെ ഇന്ത്യയില്‍ നിന്നകറ്റുക, ഒപ്പം സഹായം വാരിക്കോരിക്കൊടുത്ത് ഇന്ത്യയെ കയ്യിലെടുക്കുക- ഇതായിരുന്നു ചൈന പയറ്റാന്‍ ശ്രമിച്ച തന്ത്രം. ഇത് നേരത്തെ തിരിച്ചറിഞ്ഞ മോദി തനിക്ക് അനുകൂലമായി ലോകത്തെ തിരിക്കാന്‍ വേണ്ടി അല്‍പം കാത്തിരിപ്പിന് തയ്യാറായി . ഒപ്പം കൃത്യമായ കരുക്കളും നീക്കി.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചതോടെ ചൈനയുടെ ഇന്ത്യയില്‍ നുഴഞ്ഞുകയറാനുള്ള എല്ലാ ശ്രമവും പൊളിഞ്ഞു. അമേരിക്കയിലെ ആളുകളെ മാത്രം ആദ്യം വാക്‌സിന്‍ എടുപ്പിക്കുക എന്നതില്‍ മാത്രം ശ്രദ്ധകൊടുക്കുന്നതായിരുന്നു ബൈഡന്റെ നയം. അത് പ്രകാരം പുറത്തെ ഒരു രാജ്യത്തിനും വാക്‌സിനോ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളോ നല്‍കേണ്ടതില്ലെന്നതായിരുന്നു അമേരിക്കയുടെ തീരുമാനം.
എന്നാല്‍ ഇതിനെ അമേരിക്കയുടെ സ്വാര്‍ത്ഥതയെന്നാണ് ചൈന വിശേഷിപ്പിച്ചത്. വികസ്വരരാഷ്‌ട്രങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ആഗോളശ്രമങ്ങളെ യുഎസ് അട്ടിമറിക്കുകയാണെന്നും ചൈന യുഎസിനെതിരെ വിമര്‍ശനമുയര്‍ത്തി. ഇന്ത്യയെ അമേരിക്കയ്‌ക്ക് എതിരെ തിരിപ്പിക്കാനായിരുന്നു ചൈനയുടെ ശ്രമം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രലോഭനക്കുരുക്കില്‍ വീണില്ല. പകരം അമേരിക്കയുടെ നയം തിരുത്തിക്കാന്‍ അദ്ദേഹം പല രീതിയില്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
അതിനായി ഇന്ത്യയുടെ കോവിഷീല്‍ഡ് നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അദാര്‍ പൂനാവാല യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് തന്നെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പിന്നീട് വിദേശകാര്യമന്ത്രി ജയശങ്കര്‍ അമേരിക്കന്‍ പ്രതിനിധികളുമായി പല തലങ്ങളില്‍ ബന്ധംസ്ഥാപിച്ച് ഇതേ വിഷയം ഉന്നയിച്ചു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി തന്നെ യുഎസ് പ്രസിഡന്‍റുമായി ഫോണില്‍ വിഷയം ചര്‍ച്ച ചെയ്തു. ഇതിനിടെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ യുഎസിനെതിരെ മറ്റ് രാജ്യങ്ങളില്‍ നിന്നും സമ്മര്‍ദമുയര്‍ത്തുകയും ചെയ്തു. ഇതിനിടയിലൊക്കെ ഇന്ത്യയുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ചൈന ശക്തമായ വിമര്‍ശനങ്ങള്‍ യുഎസിനെതിരെ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. യുഎസിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളാണ് ചൈന അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ നിരത്തിയത്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത പങ്കാളിയാണ് അമേരിക്കയെന്നും അവര്‍ ഇന്ത്യയെ വെറുമൊരു കരുവായി മാത്രമാണ് കാണുന്നതെന്ന വാദവും ചൈന ഉയര്‍ത്തി.
എന്തായാലും പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ സഹായം എടുത്തില്ല. അതേ സമയം 2019ല്‍ വുഹാനില്‍ ആദ്യമായി കൊറോണവൈറസ് ആക്രമണം ഉണ്ടായപ്പോള്‍ ചൈനയിലേക്ക് മെഡിക്കല്‍ സഹായമെത്തിച്ച ആദ്യരാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. പക്ഷെ അതിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം വഷളായി. ഏറ്റവുമൊടുവില്‍ 40 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റവുംവലിയ അതിര്‍ത്തി സംഘര്‍ഷവും ഉണ്ടായി. അതില്‍ ബലികൊടുക്കപ്പെട്ടത് 20 ഇന്ത്യന്‍ സൈനികരുടെ ജീവനാണ്.
ഇതേ കാലയളവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഡമായി. ഇന്തോ പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ നാല് രാഷ്‌ട്രങ്ങള്‍ – ഇന്ത്യ, യുഎസ്, ആസ്‌ത്രേല്യ, ജപ്പാന്‍- ചേര്‍ന്ന ക്വാഡ് സഖ്യം രൂപീകരിച്ചു. ഇതും യുഎസിനെ സംബന്ധിച്ചിടത്തോളം ചൈനയുടെ ലോകാധിപത്യത്തെ ചോദ്യം ചെയ്യാനുള്ള നിര്‍ണ്ണായക സഖ്യമാണ്.
ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നയതന്ത്രനീക്കങ്ങളും ചൈനയെ ഇന്ത്യയില്‍ നിന്നും അകറ്റിനിര്‍ത്താനും അമേരിക്ക നിര്‍ബന്ധിതരായി. അങ്ങിനെ അവര്‍ അമേരിക്കക്കാര്‍ക്ക് മാത്രം വാക്‌സിന്‍ ആദ്യം എന്ന നയം തിരുത്തി ഇന്ത്യയ്‌ക്ക് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും മുതലെടുക്കാനുള്ള, ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും ഇടയില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കം പൊളിക്കുന്നതില്‍ മോദി വിജയം കണ്ടു.
അങ്ങിനെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചു: ‘കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് അടിയന്തരസഹായവും അടിസ്ഥാനവിഭവങ്ങളും നല്‍കി അമേരിക്ക മുഴുവന്‍ പിന്തുണയും നല്‍കും’.
പകരം ചൈനയ്‌ക്കാകട്ടെ നരേന്ദ്രമോദിയുടെ ഒരു ഫോണ്‍ വിളി പോലും കിട്ടിയില്ല. ചൈന പകരം മറ്റൊരു തന്ത്രമാണ് ഇപ്പോള്‍ പയറ്റാന്‍ നോക്കുന്നത്. ഇന്ത്യയൊഴികെ മറ്റ് തെക്കന്‍ ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ക്കിടിയില്‍ കോവിഡ് യുദ്ധത്തിന്റെ പേരില്‍ നിര്‍ണ്ണായകസ്വാധീനമായി മാറുക. ഇതിന്റെ ഭാഗമായി കോവിഡ് പോരാട്ടത്തിനുള്ള വിഭവങ്ങളുടെ അടിയന്തിര വിതരണം സുഗമമാക്കാന്‍ പാകിസ്ഥാന്‍, അഫിഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാഷ്‌ട്രങ്ങളെ ഉള്‍പ്പെടുത്തി ശൃംഖല വികസിപ്പിക്കുക. എന്നാല്‍ ഇന്ത്യയെ ക്ഷണിച്ചെങ്കിലും ഒഴിഞ്ഞുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: