തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജിനെപ്പറ്റി സര്‍ക്കാര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് കെ. സുരേന്ദ്രന്റെ വിമര്‍ശനം. ഉപദേശവും തള്ളലും കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് പണം ചിലവഴിക്കുന്നില്ല. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് എത്ര പണം ചിലവഴിച്ചെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. വെര്‍ച്വലായി നടത്തിയ വാര്‍ത്താ സമ്മെളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കൊവിഡ് വാക്സിന് എപ്പോള്‍ കേരളത്തില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മറ്റു സംസ്ഥാനങ്ങള്‍ വാക്സിന് ബുക്ക് ചെയ്യുമ്പോള്‍ കേരളം ഇരുട്ടില്‍ തപ്പുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു. തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണോ സര്‍ക്കാര്‍ വാക്സിന് വാങ്ങുന്നത് ചര്‍ച്ചയില്‍ ഒതുക്കുന്നത്. വാക്സിന്റെ കൃത്യമായ വില നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ച തുടരുന്നതിന്റെ പ്രസക്തി എന്താണെന്നും സുരേന്ദ്രന് ചോദിച്ചു.
മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സര്‍ക്കാരിന് മനസിലായിട്ടും നടപടിയെടുത്തില്ല. മ്യൂട്ടേഷന് സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല സ്ഥലത്തും 25ല്‍ കൂടുതലാണ്. പ്രതിരോധത്തിനായി ഒരു വൈറ്റമിന്‍ ഗുളിക പോലും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: