ഒറ്റപ്പാലം: നാല് പതിറ്റാണ്ടിലേറെ സിപിഎമ്മിന്റെ അധീനതയിലുള്ള സഹകരണ സൊസൈറ്റി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി താലൂക്ക് ആശുപത്രിക്ക് കൈമാറുന്നതില്‍ ഇനിയും തീരുമാനമായില്ല.
സൊസൈറ്റിയുടെ കൈയില്‍ താലൂക്ക് ആശുപത്രിയുടെ 14 സെന്റ് ഭൂമിയാണുള്ളത്. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഈ സ്ഥലം അനിവാര്യമാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും സ്ഥലം കൈമാറ്റം ചെയ്യുന്നതിന് യാതൊരു തീരുമാനവുമായില്ല. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സി. വിജയനാണ് കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ പ്രസിഡന്റ്. ഒറ്റപ്പാലം സബ് കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന്റെ നേതൃത്വത്തില്‍
പി. ഉണ്ണി എംഎല്‍എയുടെ സാന്നിധ്യത്തിലാണ് ഫെബ്രുവരി മാസത്തില്‍ ചര്‍ച്ച നടത്തിയത്. ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരുന്നെങ്കിലും അതിന്റെ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കം ഹൈക്കോടതിയില്‍ ഉണ്ടെങ്കിലും കേസ് പിന്‍വലിക്കാനും യോഗത്തില്‍ ധാരണയായിരുന്നു.
സ്കിപോ എന്ന സംഘടനക്ക് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് താലൂക്ക് ആശുപത്രിയുടെ കൈയിലുണ്ടായിരുന്ന 14 സെന്റ് ഭൂമി നല്കുവാന് തീരുമാനിച്ചത്. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സൊസൈറ്റിക്ക് കൈമാറിയത്.
സൊസൈറ്റിയുടെ കൈവശം ഈ സ്ഥലം ഉണ്ടെങ്കിലും യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും പിന്നീടുണ്ടായില്ല. സ്ഥലം പതിച്ചുകിട്ടാന്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവര്‍ ആവശ്യം തള്ളുകയായിരുന്നു. അതോടൊപ്പം സ്ഥലം ഏറ്റെടുക്കുവാനുള്ള ശ്രമവും ആരംഭിച്ചു. ഇതിനെതിരെയാണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.
തീരുമാനം നടപ്പാക്കുന്നതിനും സഹകരണ ജോ. രജിസ്ട്രാറില്‍ നിന്ന് അംഗീകാരം വാങ്ങുന്നതിനുമായി സൊസൈറ്റി അസി. രജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നു. മുന്‍ എംഎല്‍എയും സൊസൈറ്റി അംഗവുമായ എം. ഹംസ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോള്‍ പനക്കല്‍, ഭൂരേഖ തഹസില്‍ദാര്‍ അബ്ദുള്‍ മജീദ്, ഡെപ്യൂ.തഹസില്‍ദാര്‍ വിജയഭാസ്കര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ സൊസൈറ്റി സന്നദ്ധത അറിയിച്ചത്.
തീരുമാനം അനന്തമായി നീളുന്നതില്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: