ന്യൂദല്‍ഹി: കൊറോണയുടെ രണ്ടാം തരംഗത്തില്‍ വീര്‍പ്പുമുട്ടുന്ന സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു തന്നെയാണ് ഇടപെടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കോടതി സ്വയമെടുത്ത കേസില്‍ കേന്ദ്രം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം.
ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് കൈക്കൊള്ളുന്നത്. പ്രശ്നം പരിഹരിക്കാന്‍ നവീന മാര്‍ഗങ്ങളാണ് എടുത്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ട് ഇടപെടുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് ഓക്സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുന്നത്. സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ലഭ്യമായ സകല സ്രോതസ്സുകളില്‍ നിന്നും ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്, ഇതര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുമുണ്ട്. പ്രശ്നം പരിഹരിക്കാന്‍ നിരവധി നടപടികളാണ് എടുത്തത്.
1 വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്കി
2 സ്റ്റീല്‍ പ്ലാന്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചു
3 മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദനം കൂട്ടി
4 ഓക്സിജന്റെ വ്യാവസായിക ഉപയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
5 ടാങ്കറുകളുടെ ലഭ്യത വര്‍ദ്ധിപ്പിച്ചു
6 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ (പ്രഷര്‍ സ്വിങ് അബ്സോര്‍പ്ഷന്‍) കമ്മീഷന് ചെയ്തു
7 റെംഡിസിവിര്‍ അടക്കമുള്ള കൊറോണ മരുന്നുകളുടെ ഉത്പാദനം കൂട്ടി.
കൊറോണ കൈകാര്യം ചെയ്യാന്‍ ദേശീയ കര്‍മ്മ പദ്ധതിയുണ്ട്. എന്നാല്‍ നിത്യേന നല്കുന്ന നിര്‍ദ്ദേശങ്ങളും നടപടികളും ഇതിലുള്‍പ്പെടുത്തുക സാധ്യമല്ല, പ്രത്യേകിച്ച് ഇത്തരമൊരു മഹാമാരി സമയത്ത്. അതിസൂക്ഷ്മമായ വിവരങ്ങളും നിത്യേന കൈക്കൊള്ളുന്ന അടിയന്തര നടപടികളും ദേശീയ കര്‍മ്മ പദ്ധതിയില്‍ ചേര്‍ത്തിട്ടില്ല.
106 പേജുള്ള സത്യവാങ്മൂലത്തില്‍ കൊറോണയെ നേരിടാന്‍ കേന്ദ്രം കൈക്കൊണ്ട നടപടികളെല്ലാം അക്കമിട്ട് വിവരിക്കുന്നു. പരിശോധനാ കേന്ദ്രങ്ങള്‍, ലോക്ഡൗണ്‍ പ്രഖ്യാപനം, മുന്നണിപ്പോരാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍, കിടക്കകളും ഉപകരണങ്ങളും വര്‍ദ്ധിപ്പിച്ചത്, സംസ്ഥാനങ്ങള്‍ക്കുള്ള ധനവിഹിതം കൂട്ടിയത് തുടങ്ങിയവയെല്ലാം ഇതില്‍ വിവരിക്കുന്നുണ്ട്.
രണ്ടാം തരംഗത്തില്‍ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെപ്പറ്റി കേന്ദ്ര സര്‍ക്കാരിന് പൂര്‍ണബോധ്യമുണ്ട്. ഇത് പരിഹരിക്കാന്‍ അടിയന്തരവും സമഗ്രവും കൃത്യവുമായ നടപടികളെടുത്തു വരികയാണ്. ഇത് നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ മുന്‍പില്ലാത്ത തരം സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്, സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: