ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് കോവിഡ് മുക്തനായി പൂര്‍ണ ആരോഗ്യവാനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റി. കാപ്പനെ ജയിലിലേക്ക് മാറ്റിയതായി യു.പി. പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. കാപ്പന് കോവിഡ് മുക്തനായെന്നും അദ്ദേഹത്തെ മഥുരയിലെ ജയിലിലേക്ക് മാറ്റുകയാണെന്നും യു.പി. പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്നു രാവിലെയാണ് യു.പി. പോലീസിന്റെ അഭിഭാഷകന് അഭിനവ് അഗര്‍വാള്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ 21 മുതല്‍ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
യു.എ.പി.എ പ്രകാരം തടവില്‍ കഴിയുന്ന കാപ്പനെ യു.പി യില്‍ നിന്ന് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആവശ്യം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും തുഷാര്‍ മേത്ത ഇന്നലെ വാദിച്ചു. സിദ്ധീഖ് കാപ്പന് ജാമ്യത്തിനായി ശ്രമിക്കാവുന്നതാണ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിയമപരമായി നില നില്ക്കുന്നതല്ല. കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പനെ പോലീസ് ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കയാണെന്നും ആരോഗ്യ നില വഷളാണെന്നും ഉള്ള ആരോപണം ശരിയല്ലെന്നും തുഷാര്‍ മേത്ത വാദിച്ചു. ഇതേത്തുടര്‍ന്നാണ് കാപ്പന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഇന്നു ഹാജരാക്കാന്‍ മേത്തയോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ , ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്സ് പരിഗണിച്ചത്.
അതേസമയം കാപ്പന് കോവിഡ് മുക്തനായിട്ടില്ലെന്ന് അഭിഭാഷകന് പറഞ്ഞ് അറിഞ്ഞെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്തിന്റെ പ്രതികരണം. കാപ്പനെ കാണണം. അദ്ദേഹത്തിന്റെ ആരോഗ്യം ശരിയായോ എന്ന് എങ്കിലേ പറയാന്‍ പറ്റൂ’ റെയ്ഹാനത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: