പള്ളുരുത്തി: തിരക്കുള്ള പള്ളുരുത്തിയുടെ വീഥികളിലൂടെ ജോണ്‍സന്റെ സൈക്കിള്‍ നീങ്ങുകയാണ്. സൈക്കിളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയില്‍ നിന്ന് ജോണ്‍സന്റെ ശബ്ദം നിര്‍ത്താതെ ഉയരുന്നു. ‘കരുതിയിരിക്കുക, കൊറോണ നമ്മള്‍ക്കൊപ്പമുണ്ട്. മാസ്ക് ശരിയായ രീതിയില്‍ ധരിക്കുക. സാമൂഹിക അകലം പാലിക്കുക. തിരക്കുള്ളിടങ്ങളില്‍ ജോണ്സണ് സൈക്കിള്‍ നിര്‍ത്തും. പിന്നീട് ബോധവത്ക്കരണം ചെറു പ്രസംഗമായി മാറും. ഇടക്കൊച്ചി സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് ജോണ്സണ്. റീച്ച് വേള്‍ഡ് വൈഡ് എന്ന സംഘടനയുടെ പ്രവര്ത്തകന് കൂടിയാണ് ഇദ്ദേഹം.
നാടിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. നാട്ടുകാരുടെ അശ്രദ്ധ ഒരു മഹാദുരന്തത്തിലേക്ക് വഴിമാറാന്‍ പാടില്ല. ഇന്നത്തെ സാഹചര്യത്തില്‍ കൂട്ടം കൂടിയുള്ള ബോധവത്ക്കരണം അസാധ്യമാണെന്ന് അറിയാം. എന്നെക്കൊണ്ടാവുന്നത് നാടിനായി എനിക്ക് നല്കാന് കഴിയണം. അതിനായാണ് താന്‍ ഈ മാര്‍ഗ്ഗം തിരെഞ്ഞെടുത്തതെന്ന് ഇയാള്‍ പറയുന്നു.
ഇടക്കൊച്ചിയില്‍ നിന്ന് ആദ്യദിവസം ആരംഭിച്ച യാത്ര തോപ്പുംപടി, മുണ്ടംവേലി, പള്ളുരുത്തി ചുറ്റി ഇടക്കൊച്ചിയില്‍ സമാപിച്ചു.
വൈകിട്ട് വീണ്ടും തുടങ്ങും. മഹാമാരിക്കെതിരെ രാജ്യം ഒന്നായി നീങ്ങുമ്പോള്‍ ഒരു സാധാരണക്കാരനായ എനിക്കും എന്തെങ്കിലും ചെയ്യേണ്ടെ..? ജോണ്‍സന്റെ ചോദ്യം പ്രസക്തമാണ്. വരും ദിവസങ്ങളിലും മറ്റു പ്രദേശങ്ങളിലേക്ക് കൊവിഡ് മഹാമാരിക്കെതിരെയുള്ള സന്ദേശവുമായി ജോണ്‍സന്റെ സൈക്കിള്‍ കടന്നു വരും. വ്യത്യസ്തങ്ങളായ സന്ദേശങ്ങളുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: