എടത്വാ: വെള്ളക്കെട്ടില്‍ വീണ പിഞ്ചുബാലന് ബിജോ രക്ഷകനായി. തലവടി കൊച്ചമ്മനം കൊതപ്പുഴശ്ശേരി റോയിച്ചന്റെ രണ്ട് വയസുള്ള ഇളയമകന് അച്ചുവിനാണ് താറാവ് കര്‍ഷകനായ തുണ്ടിത്തറ ബാബുവിന്റേയും രഞ്ജിനിയുടേയും മകന് ബിജോ രക്ഷകനായത്. ഒന്നാംക്ലാസ് വിദ്യാര്‍ഥിയായ മൂത്തമകനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന അച്ചു വീട്ടുകാരുടെ കണ്ണുവെട്ടിച്ച് സമീപത്തെ കണ്ടങ്കരി-കമ്പങ്കരി പാടത്തെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
താറാവുമായി പാടത്തുണ്ടായിരുന്ന ബാബുവിന് ചായ കൊടുത്തു മടങ്ങിയ ബിജോ പാടത്തെ വെള്ളക്കെട്ടിലെ അനക്കം കണ്ട് ഓടിയടുത്തു. വെള്ളക്കെട്ടില്‍ കയ്യുംകാലുമിട്ടടിക്കുന്ന അച്ചുവിനെ വാരിയെടുത്ത് വീട്ടിലേക്ക് ഓടി. സമീപത്തെ വീട്ടുകാര്‍ പ്രാഥമിക ശിശ്രൂഷ നല്‍കിയതോടെ കുട്ടി കരയാന്‍ തുടങ്ങി. ബിജോയുടെ സമയോജിതമായ ഇടപെടലാണ് പിഞ്ചുകുഞ്ഞിന് ജീവന് തിരിച്ചുകിട്ടിയത്. പിഞ്ചുകുട്ടിയെ രക്ഷിച്ച ബിജോയ്ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരാത്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയോടെ ആവശ്യപ്പെട്ടു. തുടര്‍ന്ന് എംപി ബിജോയുമായി ഫോണില്‍ ബന്ധപ്പെട്ട് ആശംസ അറിയിച്ചു. തലവടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രക്ഷകനായ ബിജോ ബാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: