കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുവശത്ത് അപ്രഖ്യാപിത ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ മറുഭാഗത്ത് വാക്സിന് നല്‍കുന്നതിന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന താളപ്പിഴകള്‍ ജനങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കോട്ടയത്തും തിരുവനന്തപുരത്തും വാക്സിന് കേന്ദ്രങ്ങളിലുണ്ടായ തിക്കും തിരക്കും, അതുമൂലം വയോധികരും രോഗികളുമുള്‍പ്പെടെയുള്ളവര്‍ നേരിട്ട കഷ്ടപ്പാടുകളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയിലേക്കും ആസൂത്രണമില്ലായ്മയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. പ്രതിരോധ കുത്തിവയ്പ്പിന് സമയം അനുവദിച്ചു കിട്ടിയവര്‍ കൂട്ടമായി എത്തിയതാണ് തിരുവനന്തപുരത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കിയത്. 2000 പേര്‍ക്ക് മാത്രം വാക്സിനേഷന് സൗകര്യമുള്ളിടത്ത് 4000 പേരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് അനുവദിച്ചതാണ് ആളുകള്‍ വന്‍തോതില്‍ എത്തിച്ചേരാന്‍ ഇടയാക്കിയതും, കാര്യങ്ങള്‍ അലങ്കോലപ്പെട്ടതും. രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ ആളുകള്‍ കൂട്ടത്തോടെ വന്നതാണ് കോട്ടയത്ത് പോലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ വരെ എത്തിച്ചത്.
പേരുകള്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമയക്രമം അനുസരിച്ചു മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവൂ. വാക്സിനേഷന് സെന്ററുകളുടെ എണ്ണം കൂട്ടിയാല്‍ സ്വാഭാവികമായും ആളുകളുടെ എണ്ണം കുറയും. മറ്റ് സംസ്ഥാനങ്ങളില്‍ ജില്ലകള്‍ തോറും നിരവധി വാക്സിനേഷന് സെന്ററുകള്‍ ക്രമീകരിച്ചപ്പോള്‍ കേരളത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ വളരെ പരിമിതമാകുന്നത് എന്തുകൊണ്ടാണ്? വാക്സിനേഷന് കേന്ദ്രങ്ങള്‍ ഏതെന്ന് നോക്കി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം കേരളത്തില്‍ അമ്പേ പരാജയമാണ്. കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളവും വാക്സിനേഷന് സെന്ററും സെലക്ട് ചെയ്താല്‍ സേവനം ലഭ്യമല്ല എന്ന വിവരമാണ് കാണിക്കുന്നത്. എന്നാല്‍ ഇതേ രീതിയില്‍ തമിഴ്നാട്ടിലെയോ കര്‍ണാടകയിലെയോ ഏതെങ്കിലുമൊരു ജില്ല സെലക്ടു ചെയ്താല്‍ നിരവധി വാക്സിനേഷന് സെന്ററുകളുടെ വിവരം ലഭിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം ഇത് സാധ്യമാകാത്തതിന്റെ അണിയറ രഹസ്യം അറിയേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഓരോ ജില്ലയിലും വാക്സിനേഷന് സെന്ററുകളുടെ എണ്ണം വര്ധിപ്പിക്കാത്തതെന്ന കാര്യം ദുരൂഹമായിരിക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളിലൊക്കെ ശരിയായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം കേരളത്തില്‍ പണിമുടക്കുന്നത് അട്ടിമറിയാണോ എന്നുപോലും സംശയിക്കണം. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ക്വാറന്റൈനില്‍ ആയിരുന്ന രണ്ടു ലക്ഷത്തോളം പേരുടെ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തി നല്കാന് അമേരിക്കന്‍ ഏജന്‍സിയായ സ്പ്രിങ്കഌറുമായി കരാറുണ്ടാക്കിയതുപോലെയാണോ ഇതും? സര്‍ക്കാര്‍ സംവിധാനത്തിലൂടെയുള്ള വാക്സിന് വിതരണം നടക്കാതെ പോയാല്‍ സ്വകാര്യ ആശുപത്രികള്‍ക്കായിരിക്കും അതിന്റെ നേട്ടം.
കേരളത്തിലെ വാക്സിന് വിതരണം തകരാറിലാവുന്നതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. വ്യവസ്ഥാപിതമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിനു പകരം വാക്സിന് മെഗാ മേളകള്‍ സംഘടിപ്പിക്കാനാണ് ഇടതുമുന്നണി സര്‍ക്കാരിന് താല്‍പ്പര്യം. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സംസ്ഥാനത്ത് വാക്സിന് ക്ഷാമമാണെന്ന് ആരോഗ്യമന്ത്രിയടക്കം വ്യാജ പ്രസ്താവനകള്‍ നടത്തിയത് ജനങ്ങളില്‍ കടുത്ത ആശങ്കയാണ് നിറച്ചത്. ഇവരില്‍ ചിലരാണ് പേരുപോലും രജിസ്റ്റര്‍ ചെയ്യാതെ വാക്സിനേഷന് കേന്ദ്രങ്ങളിലേക്ക് ഓടിക്കിതച്ചെത്തിയത്. ഓക്സിജന്‍ സിലിണ്ടറുകളുടെ നീക്കത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടു എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രാജ്യത്ത് ഒരിടത്തുപോലും വാക്സിന് ക്ഷാമമില്ല. കേരളത്തില്‍ അങ്ങനെയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. വാക്സിന് സ്വന്തമായി നിര്‍മിക്കുമെന്നും, ക്യൂബയില്‍നിന്ന് ഇറക്കുമതി ചെയ്യുമെന്നുമൊക്കെ വീമ്പിളക്കിയവരാണ് കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കാന്‍ ഈ കുപ്രചാരണം നടത്തിയത്. വാക്സിന് വിതരണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. കാരണം ജനങ്ങളുടെ ജീവന് അതിന് വിലയായി നല്‍കേണ്ടിവരും. ഈ മഹാമാരിയുടെ കാലത്തെങ്കിലും രാഷ്ട്രീയപ്രേരിതമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിണറായി വിജയന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: