ആലപ്പുഴ: കോവിഡ് വാക്സിനേഷനില്‍ രാഷ്ട്രീയ ഇടപെടല്‍ വ്യാപകം. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാക്സിന് ലഭിക്കുന്നില്ല. ഭരണകക്ഷിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിന് നല്‍കുന്നത്. ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ഥലവും, സമയവും മുന്‍കൂര്‍ അനുവദിച്ച് ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കിയെന്ന അറിയിപ്പാണ് ലഭിക്കുന്നത്.
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത പ്രായമായവരെയും, രണ്ടാംഘട്ടം വാക്സിന് എടുക്കേണ്ടവരെയും കാഴ്ചക്കാരാക്കി രാഷ്ട്രീയ പിന്‍ബലമുള്ളവരും, ഭരണകക്ഷി നേതാക്കള്‍ക്ക് താല്‍പ്പര്യമുള്ളവരും നേരിട്ട് സെന്ററുകളിലെത്തി വാക്സിന് സ്വീകരിക്കുകയും ചെയ്യുന്നതായി പരാതിയേറെയാണ്. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേറെ ആളുകള്‍ ഇത്തരത്തില്‍ വാക്സിന് എടുക്കാന്‍ എത്തുന്നതിനാലാണ് തൊട്ടടുത്ത ദിവസങ്ങളില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന് റദ്ദാക്കിയതായി അറിയിപ്പ് ലഭിക്കുന്നത്. ഇത്തരത്തില്‍ വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് അട്ടിമറിക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് ഇത്. കോവിന്‍ വെബ്സൈറ്റുകളുടെ നിയന്ത്രണമുള്ള ജില്ലാ പ്രോഗ്രാം മാനേജര്‍മാരും അവിടുത്തെ ഡിറ്റിപി ഓപ്പറേറ്റര്‍മാരുമാണ് ഈ അട്ടിമറിക്ക് പിന്നിലെന്നാണ് ആക്ഷേപം. സെഷന് ക്രിയേറ്റ് ചെയ്യുന്ന സമയം ഇവര്‍ ഇഷ്ടക്കാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് വിവരം. കൂടാതെ അപ്പോയിന്മെന്റ് കിട്ടി എത്തുന്നവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് ടോക്കണ്‍ നല്‍കിയുമൊക്കെ വാക്സിന് വിതരണം തകിടം മറിക്കുകയാണ്. ചോദിച്ചാല്‍ കേന്ദ്രം വാക്സിന് നല്‍കുന്നില്ലെന്ന മറുപടിയാണ് നല്‍കുന്നത്.
പലപ്പോഴും മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് വാക്സിന് തീര്‍ന്നതിനാല്‍ അടുത്ത ദിവസം വന്നാല്‍ മതിയെന്ന് അറിയിപ്പ് ലഭിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് മുന്‍നിര പോരാളികള്ക്കുമായുള്ള സെന്ററുകളില്‍ പോലും സ്വാധീവമുള്ളവര്ക്ക് വാക്സിന് ലഭിക്കുന്നു. ഇത്തരത്തില്‍ വാക്സിനേഷന് പ്രക്രീയ ഭരണക്കാര്‍ അട്ടിമറിക്കുന്നതായാണ് ആക്ഷേപം. പ്രായമേറെയായവരും, മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ടാംഘട്ട വാക്സിന് സ്വീകരിക്കാനുള്ള സമയമായവരും ഏറെ ആശങ്കയിലാണ്. ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ കാര്യകാരാകുമ്പോള് പൊതുജനം വലയുകയാണ്. സര്‍ക്കാരിന്റെയും, ആരോഗ്യവകുപ്പ് അധികൃതരുടെയും നടപടിയില്‍ വ്യാപക പ്രതിഷേധമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: