കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരെ ആറ് വര്‍ഷം കഠിന തടവിന് വിധിച്ച് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ്. 40,000 രൂപ പിഴ ഒടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 42.70 ലക്ഷം രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്.
ബിസിനസ്സിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്ന് സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാമ് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടത്.
ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. ഇയാള്‍ ക്വാറന്റീനില്‍ ആയതിനാല്‍ വിധി പിന്നീട് പ്രഖ്യാപിക്കും. സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. വിധിപ്രസ്താവന ഉച്ചയ്ക്കത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. രണ്ടാം പ്രതിയാണ് സരിത. കേസിലെ മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു.
മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത നിരന്തരം ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ്് അറസ്റ്റ് ചെയ്ത് ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കോടതി തടവ് ശിക്ഷയ്ക്കു വിധിച്ചതിനെ തുടര്‍ന്ന് സരിതയെ ജയിലിലേക്ക് മാറ്റും.
അതിനിടെ അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നതായും ആരോപണമുണ്ട്. കേസില്‍ പോലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: