തൃശൂര്‍: തൃശൂര്‍ ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒപിയിലേക്ക് അതിക്രമിച്ച് കയറി ഡോക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ കോര്പ്പറേഷന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസിനെ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആശുപത്രിയിലെത്തി മാസ്ക് താടിയില്‍ ധരിച്ച് ഡ്യൂട്ടിയിലുള്ള സൈക്യാട്രിസ്റ്റ് ഡോ.കെ.എസ് ശാഗിനയെ കൗണ്‍സിലര്‍ അധിക്ഷേപിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. രോഗിയുമായെത്തിയ കൗണ്‍സിലര്‍ ഊഴം കാത്തുനില്‍ക്കാതെ ഒപിയിലേക്ക് അതിക്രമിച്ചു കയറി ഡോക്ടറെ പേപ്പട്ടിയെന്ന് വിളിച്ചെന്നും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചെന്നും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാരവാഹികള്‍ ആരോപിച്ചു.
മാസ്ക് ധരിക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് തന്നോട് കൗണ്‍സിലര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ഡോ.ശാഗിന പറഞ്ഞു. ഡോക്ടര്‍ക്കെതിരെ കൗണ്‍സിലര്‍ രണ്ട് പരാതികള്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്തെങ്കിലും പരിശോധനയില്‍ അസത്യമാണെന്ന് ബോധ്യപ്പെട്ട പോലീസ് പരാതികള്‍ തള്ളി.
മാര്‍ച്ച് 20ന് രാവിലെ 10ന് നടന്ന സംഭവത്തില്‍ അന്ന് തന്നെ കൗണ്‍സിലര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തത് 22നാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും കൗണ്‍സിലറെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസില്‍ നിന്നുണ്ടായ നിരാശാജനകമായ സമീപത്തെ തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേസ് നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.വി.ഐ അസീന, സെക്രട്ടറി ഡോ.വി.പി വേണുഗോപാല്‍,ഡോ.പി.പി രമേഷ് കുമാര്‍,ഡോ.എസ്.പി സുബ്രഹ്മണ്യന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍
സംഭവത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധ യോഗം നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ യോഗത്തില്‍ കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ.വി.പി വേണുഗോപാല്‍, കെജിഎന്‍എ പ്രതിനിധി ജോബി ജോസ്, ആശുപത്രി സൂപ്രണ്ട് ഡോ.രേഖ, നഴ്സിങ് സൂപ്രണ്ട് ഷീജ, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ജോസഫ് സണ്ണി, സീനിയര്‍ കണ്‍സള്‍ട്ടന്റ ഡോ. സുബ്രഹ്മണ്യന്, ഡോ.കെ.എസ് ശാഗിന എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ പ്രതിഷേധവും ഡോ.ശാഗിനക്ക് ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തി. ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ‘ജസ്റ്റിസ് ഫോര്‍ ശാഗിന’എന്ന ബാഡ്ജ് ധരിച്ചാണ് ഇന്നലെ ജോലിക്കു ഹാജരായത്. നീതി ലഭിക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു
കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കൗണ്‍സിലര്‍
ഗവ.മാനസികാരോഗ്യകേന്ദ്രത്തില്‍ ഒപിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ അധിക്ഷേപിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പ്രതികരിച്ച് കോര്പ്പറേഷന് കൗണ്‍സിലര്‍ ലാലി ജെയിംസ് രംഗത്ത്. രോഗിയെ പരിചരിക്കാത്ത ഡോക്ടറുടെ വീഴ്ചയും അലംഭാവവും മറച്ചുവെക്കാനാണ് ജനപ്രതിനിധിയായ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. തന്റെ ഡിവിഷനിലെ രോഗിയുടെ വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ താനടക്കമുള്ളവരോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം വാങ്ങി സേവനം നല്കുന്ന ആശുപത്രിയിലാണ് രോഗിയെ പരിശോധിക്കുകപോലും ചെയ്യാതെ ജനപ്രതിനിധിയായ തന്നോട് അപമര്യാദയായി ഡോക്ടര്‍ പെരുമാറിയത്. താന്‍ ജനപ്രതിനിധി മാത്രമല്ല ആരോഗ്യപ്രവര്‍ത്തക കൂടിയാണ്. ‘രോഗികളെ നിങ്ങള്‍ക്ക് കൊന്നു തിന്നാനുള്ളതല്ല’ എന്ന ലാലി ജയിംസിന്റെ പ്രതികരണം സമൂഹമാധ്യമത്തിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: