തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവയ്‌പ് എടുക്കുന്ന കേന്ദ്രത്തിൽ പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും പിന്‍വാതില്‍ പ്രവേശനം. ശസ്ത്രക്രിയയ്‌ക്ക് വിധേയരായവരും വിവിധ രോഗങ്ങള്‍ അലട്ടുന്നുവരും ഉള്‍പ്പടെ ജനം വാക്‌സിനേഷന്‍ ക്യാംപിന് മുന്‍പില്‍ തിക്കി തിരക്കുമ്പോഴാണിത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും മുന്‍ മേയര്‍ അടക്കമുള്ളവര്‍ കാത്തുനില്‍ക്കാതെ വാക്‌സിന്‍ സ്വീകരിച്ചു.
പൊരിവെയിലത്ത് ക്യൂ നിന്നവര്‍ കുഴഞ്ഞു വീഴുന്നതിനിടെ ജിമ്മിജോര്‍ജ് സ്റ്റേഡിയത്തിലെ മെഗാ ക്യാംപിലായിരുന്നു മാനദണ്ഡങ്ങള്‍ മറികടന്നത്. തിങ്കളാഴ്ച ഉച്ചയ്‌ക്കു 12 മണിയോടെയായിരുന്നു മുന്‍മേയറുടെ ക്യാംപിലേക്കുള്ള വരവ്. സ്റ്റേഡിയം കോംപൗണ്ടിനോളം നീളമുണ്ടായിരുന്നു ഈ സമയം ക്യൂവിന്. കാറില്‍ നിന്നിറങ്ങിയ മുന്‍ മേയറും ഒപ്പമുണ്ടായിരുന്നയാളും ക്യൂവില്‍ നില്‍ക്കാതെ നേരെ എത്തിയത് ഉദ്യോഗസ്ഥര്‍ക്കു മാത്രമായി അനുവദിച്ചിട്ടുള്ള രണ്ടാം കവാടത്തിലേക്കാണ്.
ചോദ്യം ചെയ്യാതെ പൊലീസ് കടത്തിവിട്ടതോടെ പെട്ടെന്നുതന്നെ വാക്‌സിന്‍ സ്വീകരിച്ച് ഇരുവരും പുറത്തിറങ്ങി. പുറത്തു കാത്തുനിന്നവര്‍ ചോദ്യം ചെയ്‌തെങ്കിലും പൊലീസ് ഇങ്ങനെയൊരു കാര്യം നടന്ന ഭാവം കാട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: