ന്യൂദല്‍ഹി : ഇന്ത്യയ്ക്ക് അടിയന്തിര സഹായം നല്കുന്നതില് യുഎസ് പ്രതിജ്ഞാബദ്ധമെന്ന് പ്രസിഡന്റ് ജോ ബൈഡന്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഇന്ത്യയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കും. അവശ്യഘട്ടത്തില്‍ ഇന്ത്യ യുഎസിനൊപ്പം നിന്നു. ഈ ഘട്ടത്തില്‍ രാജ്യം ഇന്ത്യയ്ക്കൊപ്പം നില്‍ക്കുകയാണെന്നും ബൈഡന് അറിയിച്ചു.
ഇന്ത്യയ്ക്ക് എല്ലാവിധ സഹായവും യുഎസ് പ്രസിഡന്റ് ബൈഡന് ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടരും. ഇരുരാജ്യത്തേയും പൗരന്മാരേയും സമൂഹങ്ങളേയും സംരക്ഷിക്കുന്നതിലുള്ള ജനാധിപത്യപരമായ കടമ നിര്‍വ്വഹിക്കും. നേതാക്കള്‍ പരസ്പരം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉറപ്പു നല്‍കിയെന്നും വൈറ്റ്ഹൗസും വ്യക്തമാക്കി. ഇരു നേതാക്കളും തമ്മില്‍ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തി. അമേരിക്ക നല്കിക്കൊണ്ടിരിക്കുന്ന സഹായത്തിന് നന്ദി പറഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.
അതിനുപിന്നാലെ ഇന്ത്യയിലേക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കാന്‍ തങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ദ്രുത പരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ അമേരിക്കന്‍ വൈദ്യ സഹായം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ആവശ്യമായ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതിന് തങ്ങള്‍ ഗതാഗത സഹായങ്ങള്‍ നല്‍കുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ അമേരിക്ക വളരെ അധികം വിലമതിക്കുന്നു. ഈ മഹാമാരിയില്‍ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാന്‍ തങ്ങള്‍ ദൃഢനിശ്ചയത്തിലാണ് അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ അധികാരപരിധിക്കുള്ളില്‍ ഞങ്ങള്‍ക്ക് നല്കാവുന്ന ഏതൊരു പിന്തുണയും ഇന്ത്യയിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. അത് ഉറപ്പുവരുത്തുന്നതിനായി ഞങ്ങള്‍ ഇന്ത്യാ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും ആഴ്ചകളിലും, ഞങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ പരസ്പരം സമന്വയിപ്പിക്കും. ഈ പ്രതിസന്ധി ലഘൂകരിക്കുന്നത് ഉറപ്പാക്കാന്‍ സഖ്യകക്ഷികളേയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളേയും ഞങ്ങള്‍ ഏകോപിപ്പിക്കുന്നത് തുടരുമെന്ന് കിര്‍ബി പറഞ്ഞു.
ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാഹാരിസും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇന്ത്യയ്ക്കുള്ള സഹായം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. ഇതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനുമായും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളെത്തിക്കാന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പെന്റഗണിന് നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: