ന്യൂദല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഓസ്ട്രേലിയന്‍ ബൗളര്‍മാരായ ആദം സാമ്പയും കെയ്ന്‍ റിച്ചാര്‍ഡ്സണും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങാളാലാണ് ഇവര്‍ പിന്മാറിയതെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീം അധികൃതര്‍ അറിയിച്ചു.
രാജസ്ഥാന് റോയല്‍സിന്റെ ഓസീസ് പേസറായ ആന്‍ഡ്രൂ ടൈ നേരത്തെ തന്നെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ടൈ ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദം സാമ്പയും കെയ്ന്‍ റിച്ചാര്‍ഡ്സണും ഓസ്ട്രേലിയയിലേക്ക് മടങ്ങുകയാണ്. ഐപിഎല്ലില്‍ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇവരുടെ സേവനം ഉണ്ടാകില്ല. ഇവര്‍ക്ക് എല്ലാത്തരത്തിലുമുള്ള പിന്തുണ നല്‍കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്രസ്താവനയില്‍ വ്യക്തമാക്കി.
ആദം സാമ്പയെ ഒന്നരക്കോടിക്കും റിച്ചാര്‍ഡ്സണെ നാലു കോടിക്കുമാണ് റോയല്‍ ചലഞ്ചേഴ്സ് താരലേലത്തില്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയിലേക്ക്് തിരിച്ചുപോകന്‍ തീരുമാനിച്ചതെന്ന് ആന്‍ഡ്രു ടൈ പറഞ്ഞു. ആന്‍ഡ്രു ടൈ ഈ സീസണില്‍ രാജസ്ഥാന് റോയല്‍സിനായി ഒറ്റ മത്സരത്തില്‍ പോലും കളിക്കാതെയാണ് മടങ്ങുന്നത്. ഒരു കോടി രൂപയ്ക്കാണ് ഈ ഓസീസ് പേസറെ രാജസ്ഥാന് റോയല്‍സ് വാങ്ങിയത്.
ഓസ്ട്രേലിയയില്‍ നിന്ന് പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല് എന്നിവരടക്കം പതിനേഴ് ഓസ്ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്ലില്‍ മത്സരിക്കുന്നത്. ഇവര്‍ക്കു പുറമെ ഓസ്ട്രേലിയന്‍ പരിശീലകരായ റിക്കി പോണ്ടിങ്ങും ഡേവിഡ് ഹസ്സിയും ഐപിഎല്ലുമായി സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: