അമ്മ കോവിഡ് വാക്സിനെടുത്തെന്നും അതുകൊണ്ട് ഈശ്വരത്വമില്ലെന്നും പറഞ്ഞ് കോലാഹലം സൃഷ്ടിയ്ക്കുന്നവരുടെ ഈശ്വര സങ്കല്പം, ബാറ്റ്മാനെപ്പോലെയോ ശക്തിമാനെപ്പോലെയോ സ്പൈഡർമാനെപ്പോലെയോ – മാർവെൽ കഥകളിലെപ്പോലുള്ള ഒന്നായിരിക്കാം. എന്നാൽ, അമ്മ ഇന്നുവരെ സ്വയം അമാനുഷികയായി പ്രഖ്യാപിച്ചിട്ടില്ല, ഈശ്വരനാണെന്നും പറഞ്ഞിട്ടില്ല. അമ്മയുടെ ഈശ്വരൻ മക്കളാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തന്റെ മക്കളെയൊക്കെയും അമാനുഷികമായി ജീവിയ്ക്കാനും ലോകസേവനം ചെയ്യാനും പ്രേരിപ്പിച്ചു – പ്രോൽസാഹിപ്പിച്ച് – പ്രചോദിപ്പിച്ച് – പിന്തുണച്ച് മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുന്ന ആ മഹാ പ്രവാഹത്തെ, നാം നമ്മുടെ സ്വന്തം ഭാവനയിൽ കെട്ടിനിർത്താൻ ശ്രമിയ്ക്കുന്നത് സഹതാപം ജനിപ്പിക്കുന്നതാണ്.
അമ്മ വിമർശനങ്ങളെയും പുകഴ്ത്തലുകളെയും ഇന്നുവരെ തിരസ്കരിച്ചിട്ടില്ല, പക്ഷഭേദങ്ങളില്ലാതെ സ്വീകരിച്ചാശ്ളേഷിച്ചിട്ടേ ഉള്ളൂ. ഈ ലോകത്തോട് മുഖം തിരിച്ചു നിന്നല്ല അമ്മ ജനകോടികൾക്ക് ഈശ്വരിയായത്. സനാതന ധർമ്മത്തിൽ, ഈശ്വരൻ എന്നാൽ ആകാശത്തിനപ്പുറത്ത് സിംഹാസനത്തിൽ ഇരിക്കുന്ന ഒരാളോ മാർവൽ കഥാപാത്രങ്ങളിലെ പോലെ ജാലവിദ്യകൾ കൊണ്ട് രക്ഷയ്ക്കെത്തുന്ന സൂപ്പർ ഹീറോയോ അല്ല താനും. എന്നാൽ, ഒരാളുടെയും വിശ്വാസത്തെ ഹനിയ്ക്കാതെ അമ്മ അവരുടെ തലത്തിലിറങ്ങി ശാശ്വത സത്യം തേടാൻ പ്രേരിപ്പിച്ച് ജനസഹസ്രങ്ങളെ മുന്നിൽ നിന്നു നയിക്കുകയാണ്.
ശാസ്ത്രത്തെ മാറ്റി നിർത്തി, കൺകെട്ട് വിദ്യകൊണ്ട് ലോകം കീഴടക്കാൻ ആകാശത്തിൽ നിന്ന് ഇറങ്ങിവന്ന ചെപ്പടിവിദ്യക്കാരിയല്ല അമ്മ. ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ ഒന്നാം കിട സർവ്വകലാശാലകളിലൊന്നായി മാറിയ, ശാസ്ത്ര സംഭാവനകൾ നൽകിക്കൊണ്ട് മുൻ നിര ലോക സർവ്വകലാശാലകളിനിൽക്കുന്ന, എണ്ണമറ്റ ഗവേഷണപ്രബന്ധങ്ങളും പേറ്റൻ്റുകളും കൊണ്ട് നവലോകത്തിന് മുന്നിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അമൃത വിശ്വ വിദ്യാപീഠത്തിന്റെ ചാൻസലർ ആണ് അമ്മ. 2021-ഏപ്രിൽ പതിനാറിന് ഏറ്റവും മികച്ച ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്കുള്ള പുരസ്കാരങ്ങൾ സമർപ്പിച്ചുകൊണ്ട് അമ്മ പ്രഖ്യാപിച്ചത്, നമ്മുടെ നാട്ടിൽ ഗവേഷണ ലാബുകൾ സ്ഥാപിക്കാൻ മാത്രമായി 100 കോടി രൂപയാണ്. ഒരു കാലത്ത് സമൂഹത്തിലെ സമ്പന്നർക്കു മാത്രം എത്തിപ്പിടിക്കാവുന്ന ആധുനിക ചികിൽസാ – മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ എല്ലാത്തരം ആളുകൾക്കും പ്രാപ്യമായ വിധത്തിൽ കൊണ്ടെത്തിച്ച്, ലോകത്തിലെ അറിയപ്പെടുന്ന ഭിഷഗ്വരന്മാരെ അവിടെ കൊണ്ടിരുത്തി, അമ്മ തുടങ്ങിയ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്ന് അനവധി ഗവേഷണങ്ങളും അപൂർവ്വ ചികിൽസാ – ശസ്ത്രക്രിയ നേട്ടങ്ങളുമായി തല ഉയർത്തി നിൽക്കുകയാണ്. അനവധി ഗവേഷണ സ്ഥാപനങ്ങളും ക്യാം പസ്സുകളും രാജ്യ തലസ്ഥാനത്ത് ഉയർന്നു വരുന്ന ഏറ്റവും വലിയ മെഡിക്ക സെൻ്ററുകളിലൊന്നും ഒക്കെ ആയി അനവധിയുണ്ട് ഇനിയും പറയാൻ.
ശാസ്ത്രവും ആദ്ധ്യാത്മികതയും ഒരു പക്ഷിയുടെ ഇരു ചിറകുകളാണെന്ന് അമ്മ പറയാറുണ്ടല്ലോ. “…സയൻസിനെയും മത വിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണ് ഇന്ന് സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാന കാരണം. വാസ്തവത്തിൽ, മതവും ശാസ്ത്രവും കൈകോർത്തു പോവേണ്ടതാണ്. ആദ്ധ്യാത്മിക ശാസ്ത്രത്തെ മാറ്റി നിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണമാവില്ല. പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്ന് മനുഷ്യനെ മത വിശ്വാസികളെന്നും ശാസ്ത്ര വിശ്വാസികളെന്നും രണ്ടായി തരം തിരിക്കാൻ ശ്രമിയ്ക്കുന്നു… ഗവേഷകർ പുറം ലോകത്ത് പരീക്ഷണം നടത്തിയപ്പോൾ മനസ്സാകുന്ന പരീക്ഷണ ശാലയിൽ ഋഷി ഗവേഷണം നടത്തി. മതത്തിന്റെ അടിസ്ഥാന ആധാരം വിശ്വാസമല്ല, ശ്രദ്ധയാണ്. ശ്രദ്ധ അന്വേഷണമാണ്. അവനവനിലേയ്ക്ക് തിരിഞ്ഞുള്ള തീവ്രമായ അന്വേഷണം… ഈ ദൃശ്യ പ്രപഞ്ചത്തിന്റെ സ്വഭാവം? ഇതെങ്ങിനെ ഇത്ര താളാത്മകമായി പ്രവർത്തിക്കുന്നു? എവിടെ നിന്ന്? എവിടേയ്ക്ക്? എവിടെയെത്തും? ഞാൻ ആരാണ്?… ഈ ചോദ്യങ്ങൾ ഒരു ശാസ്ത്രജ്ഞൻ്റേതോ വിശ്വാസിയുടേതോ? രണ്ടുമാണ് !!” : 2017ൽ ‘സിനിമാ വെരീറ്റെ’ എന്ന ഫ്രഞ്ച് ചലച്ചിത്ര മേളയ്ക്കിടയിൽ അമ്മയെപറ്റിയുള്ള ‘ദർശൻ’ എന്ന – ‘കാൻ’ ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ, പ്രത്യേക ക്ഷണിതാവായി എത്തിയ അമ്മ സദസ്സിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൽ നിന്നുള്ള ചെറിയ ഭാഗങ്ങളാണിത്.
ആദ്ധ്യാത്മികതയും ശാസ്ത്രവും പരസ്പരപൂരങ്ങളായാണ് അമ്മ പറയാറുള്ളത്. ലോകത്തിലാരും പ്രകൃതി നിയമങ്ങൾക്ക് അതീതരല്ലെന്ന സനാതനധർമ്മ സന്ദേശം അമ്മ ആവർത്തിക്കാറുണ്ട്. പഞ്ചഭൂത നിർമ്മിതമാണ് ഏത് ശരീരവുമെന്ന് ആയൂർവേദം പറയും. പണ്ഡിതനായാലും പാമരനായാലും മഹാത്മാവായാലും പണക്കാരനായാലും ദരിദ്രനെങ്കിലും സൂപ്പതാരമായാലും ജരാനരാമരണങ്ങളിൽ നിന്നോ ശരീരക്ഷയങ്ങളിൽ നിന്നോ രോഗബാധകളിൽ നിന്നോ മുക്തരല്ല. നമ്മളവയെ ദുഖത്തോടെയോ നിരാശയോടെയോ സമീപിക്കുമ്പോൾ മഹാത്മാക്കൾ ലോകസ്വഭാവമെന്ന് കണ്ട് പുഞ്ചിരിയോടെ സമീപിക്കും. പരിഹാരം ചെയ്യാനുണ്ടെങ്കിൽ ചെയ്യും ഇല്ലെങ്കിൽ സ്വീകരിയ്ക്കും.
അമ്മ അനേകർക്ക് ഗുരുവാണ്, അമ്മയാണ്, റിസർച്ച് ഗൈഡാണ്, പലർക്കും ഈശ്വരൻ തന്നെയാണ്. ഈശ്വരനാവുന്നതെങ്ങിനെയെന്നത് അവരവരുടെ സ്വാതന്ത്ര്യവും സങ്കല്പവുമാണ്. അമ്മയുടെ ജീവിതത്തിലെ ഓരോ നിമിഷവും മക്കൾക്ക് വേണ്ടിയാണ് – ലോകത്തിനു വേണ്ടിയാണ്. ഈ കോവിഡ് കാലത്തു പോലും അമ്മ നാലായിരത്തോളം വരുന്ന ആശ്രമ അന്തേവാസികളുടെ കൂടെ വേദിയിൽ തന്നെയായിരുന്നു. ഒരു ദിവസം പോലും അമ്മയുടെ പരിപാടികൾ മുടങ്ങിയിട്ടില്ല, അമ്മ ആളുകളെ കാണാതിരുന്നിട്ടില്ല. സർക്കാർ നിർദ്ദേശങ്ങളും വിദഗ്ധോപദേശങ്ങളും അക്ഷരം പ്രതി പാലിച്ചാണ് ആശ്രമ കോവിഡിനെതിരെ സജ്ജമായത്, നേരിട്ടുകൊണ്ടിരിക്കുന്നത്.
ലോകമെങ്ങും അമ്മയെ കേൾക്കാൻ ദാഹിക്കുന്നവർക്ക് പ്രതിദിന തൽസമയ ടെലികാസ്റ്റിലൂടെ നിർദ്ദേശങ്ങളും ആശ്വാസവും നൽകുന്നത് കൂടാതെ വിഷമങ്ങളറിയിക്കാനും പരിഹാരമറിയിക്കാനും സഹായങ്ങളെത്തിക്കാനും അമ്മ ശ്രദ്ധിച്ചിരുന്നു. ദിനവും നൂറുകണക്കിന് കത്തുകളാണ് വായിച്ച് മറുപടി നൽകുന്നത്. ലക്ഷക്കണക്കിന് മാസ്കുകളായും, ചികിൽസാ സഹായങ്ങളായും, വെൻ്റിലേറ്ററുകളായും, പി.പി.ഇ കിറ്റുകളും മറ്റ് ഉപകരണങ്ങളുമായും പണമായിത്തന്നെയും കേന്ദ്ര-സംസ്ഥാന സർക്കാരിനടക്കം സഹായങ്ങൾ നൽകിയാണ് അമ്മ പ്രഥമ ഇടപെടലുകൾ നടത്തിയത്. അമൃതയുടെ ശാസ്ത്രജ് ഞർക്ക വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളുമെത്തിച്ച് പൂർത്തിയാക്കിയ നിരവധി ഗവേഷണഫലങ്ങളുടെ ഭാഗമായി നാല്പതിലധികം ചിലവു കുറഞ്ഞ കോവിഡ് അനുബന്ധ ഉപകരണങ്ങൾ കണ്ടുപിടിച്ച് അവയ്ക്ക് പേറ്റൻ്റുമെടുത്ത് ഒരുവർഷത്തിനുള്ളിൽ ഗുണഭോക്താക്കളിലേയ്ക്ക് എത്തിച്ചുവെന്നത് ഒട്ടും ചെറിയ കാര്യമല്ല. സ്ഥാപനങ്ങളൊക്കെയും കോവിഡ് ആശുപത്രികളോ പരിചരണ കേന്ദ്രങ്ങളോ ആക്കാൻ പൂർണമായി സർക്കാരിന് ആദ്യം വിട്ടു നൽകിയത് അമ്മയാണ്. അതിൽ അമൃതപുരിയിലെ സർവ്വകലാശാല ക്യാം പസ്സ് എല്ലാവിധ സൗകര്യങ്ങളുമുള്ള കേരളത്തിലെ ഏറ്റവും വലിയ ട്രീറ്റ്മൻ്റ് സെൻ്റർ ആയി മാറുകയുണ്ടായി.
അമൃത ആശുപത്രി കൂടാതെ കോവിഡിനു മാത്രമായി തുടങ്ങിയ ആശുപത്രിയിൽ പാവപ്പെട്ട നിരവധി പേരെയും സർക്കാർ നിർദ്ദേശിച്ചവരെയും പൂർണമായോ ഭാഗികമായോ സൗജന്യമായി ചികിൽസിച്ച് ഭേദമാക്കി. സ്ഥാപനങ്ങൾ നിന്നുപോയതിലും കോവിഡ് പ്രതിസന്ധികളിലും പെട്ട് മഠത്തിലുണ്ടായ സാമ്പത്തിക വിഷമങ്ങൾക്കിടയിലാണ് 25 കോടിയോളം രൂപ കടമെടുത്ത്, അമൃതശ്രീകളിൽ അംഗങ്ങളായിട്ടുള്ള പതിനായിരക്കണക്കിന് സ്ത്രീകൾക്ക് വർഷം തോറും നൽകിവരാറുള്ള വാർഷിക പെൻഷനുകൾ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലിട്ട് നൽകിയത്. ജോലികളില്ലാത്തതും മറ്റ് വിഷമങ്ങളും കൊണ്ട് കഷ്ടതയനുഭവിക്കുന്നതിനാൽ രണ്ട് തവണയാണ് ഈ പ്രാവശ്യത്തെ സ്വാശ്രയ പെൻഷനുകൾ വിതരണം ചെയ്തത്.
മായാജാലം കാണിച്ചല്ല, ദുരിതാശ്വാസമെത്തിച്ചും സഹായമെത്തിച്ചും ചികിൽസാ സംവിധാനങ്ങളെത്തിച്ചും തന്നെയാണ് അമ്മ നാളിന്നുവരെയും ഭൂകമ്പവും പ്രളയവുമടക്കമുള്ള ഏത് ദുരന്തമുഖത്തും, രാജ്യാതിർത്തികളില്ലാതെ പ്രായോഗിക പരിഹാരങ്ങൾ കണ്ട് ചെയ്തിട്ടുള്ളത്. സുനാമി സമയത്ത് ആശ്രമത്തിലെ നാലായിരത്തോളം വരുന്ന അന്തേവാസികളെയും പുറത്തു നിന്നെത്തിയ ആയിരത്തിലധികം സന്ദർശകരെയും അവരുടെ വാഹനങ്ങളെയും മഠത്തിലെ ആനയെ വരെയും സുരക്ഷിത സ്ഥാനങ്ങളിലും കെട്ടിടങ്ങൾക്കു മുകളിലുമെത്തിച്ച അമ്മ, കുത്തിയൊഴുകുന്ന വെള്ളത്തിലേയ്ക്ക് നീണ്ടൊരു തുണിയും കഴുത്തിനു കുറുകെ വലിച്ചു കെട്ടി നീന്താനറിയാവുന്ന സന്യാസിമാരെയും കൂട്ടി ഇറങ്ങി പ്രദേശത്ത് രക്ഷാ പ്രവർത്തനം ചെയ്ത വിശദമായ ദീർഘ വീഡിയോ ഇന്നും ആശ്രമത്തിലെത്തിയാൽ കാണാം –
സനാതനധർമ്മത്തിൽ ഈശ്വരസങ്കല്പം ആകാശത്തിനപ്പുറത്തുള്ള ഒന്നല്ല, ഭക്തന്റെ ഹൃദയത്തോട് ചേർന്ന് – അവന്റെ കൂടെ – അവന്റെ ഉള്ളിൽ – അവൻ തന്നെയാണ്. ഇക്കാണുന്നതൊക്കെയും ഈശ്വരനാണ്. ഞാനും നീയും ഈശ്വരനാണ്. ഈശ്വരൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഈശ്വരനേ ഉള്ളൂ എന്നാണ് സനാതനധർമ്മം നൽകുന്ന മറുപടി. ഓരോരുത്തരുടെയും തലത്തിൽ ഇറങ്ങി ഈശ്വരൻ പ്രവർത്തിക്കുന്നു. ആചരണങ്ങൾ ശീലങ്ങളും, ശീലങ്ങൾ സ്വഭാവങ്ങളുമാക്കി മാറ്റി നമ്മെ സംസ്കരിച്ച് സനാതനമായ ആ സത്യത്തിലേക്ക് പൂർണമായി നമ്മെ ഉയർത്തിക്കൊണ്ട് വരാനാണ് ഈശ്വരസങ്കല്പം. ഗീത പഠിക്കുന്നത് കൃഷ്ണനായിതീരാനാണ്, രാമനെ അറിയുന്നത് രാമനാവാനാണ് എന്ന് പറയാറുണ്ടല്ലോ. ഇവരെല്ലാം അതാതു കാലഘട്ടങ്ങൾക്കനുസരിച്ച് സാധാരണക്കാരെപ്പോലെ ജീവിച്ച് സമൂഹത്തെ നയിച്ച് പോയവരാണ്. ശങ്കരാചാര്യരോ, നാരായണ ഗുരുദേവനോ, ചട്ടമ്പി സ്വാമികളോ, രമണമഹർഷിയോ ആയ ഈശ്വരസ്വരൂപികളായ മഹാഗുരുവര്യരും ഈ നവയുഗത്തെ നയിച്ചത് ജരാനരകളും രോഗപീഢകളും ഉള്ള ശരീരത്തിലിരുന്നു തന്നെയായിരുന്നു. ക്ഷേത്രപ്രതിഷ്ഠകളെയും ഇത്തരം രോഗപീഢകളിലൂടെയും ശരീര സ്വഭാവങ്ങളിലൂടെയും തന്നെയാണ് നമ്മൾ സങ്കല്പിച്ച് ആചരിച്ചു പാലിയ്ക്കുന്നത്.
മീനഭരണിക്ക് കൊടുങ്ങല്ലൂരമ്മയ്ക്ക് നൽകുന്ന പ്രസിദ്ധമായ ‘പാലയ്ക്കൽ വേലൻ’ ചികിൽസയും, ചെങ്ങന്നൂർ ഭഗവതി ഋതുമതിയാവുന്ന തൃപ്പൂത്തും, പുരിജഗന്നാഥനും ദേവിക്കും ബലഭദ്രനും പനി ബാധിക്കുന്നതും, തലവേദന വരുന്നതിനാൽ വെയിലുറയ്ക്കും മുൻപ് വടക്കും നാഥനെ കാണാൻ വരുന്ന ചെമ്പൂക്കാവ് ഭഗവതിയും ഉദാഹരണങ്ങളാണല്ലോ.. ചുരുക്കത്തിൽ, അത്ഭുത രോഗശാന്തികളോ ജാലവിദ്യകളോ സനാതനധർമ്മത്തിന്റെ കാതലല്ല, നമ്മെ കളിപ്പാട്ടങ്ങൾ നൽകി ആകർഷിച്ച്, ആശ്ളേഷിച്ച്, ഓമനിച്ച്, മാതൃകയായി നിന്ന് സനാതന സത്യങ്ങളിലേയ്ക്ക് കൂടെ നിന്ന് നയിക്കുന്ന, അങ്ങിനെ ദുഖ നിവൃത്തി വരുത്തുന്ന നമ്മുടെ തന്നെ ഭാഗമായ ഉപാധിയാണ് ഈശ്വരൻ!
അമ്മ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ നന്നായി – മാസ്ക് വച്ചിട്ടുണ്ടെങ്കിൽ അതും നന്നായി – സാനിറ്റൈസർ ഉപയോഗിക്കുന്നുവെങ്കിൽ ഏറ്റവും നന്നായി – സാമൂഹ്യ അകലം പാലിക്കുന്നുവെങ്കിൽ കൂടുതൽ നന്നായി. ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിക്ക്, നിലവിലെ കണ്ടെത്തലുകൾ വച്ച് ശാശ്വത പരിഹാരം വാക്സിനാണ്. പരമാവധി പേർ അതെടുക്കുന്നതിലൂടെയാണ് കോവിഡിനെ നമുക്ക് നേരിടാൻ കഴിയുക. ‘യദ്യദാചരതി ശ്രേഷ്ഠ സ്തത്തദേവേതരോ ജന’ (3.21) എന്ന് ഭഗവദ്ഗീത പറയുന്നു. ശ്രേഷ്ഠർ ചെയ്യുന്നത് മറ്റുള്ളവർ അനുവർത്തിക്കുന്നു- എന്ന് സാമാന്യ അർത്ഥം. എല്ലാവരും ഇപ്പോൾ ചെയ്യേണ്ടതും ഇതു തന്നെയാണ്. വാക്സിനെ സംശയത്തോടും ദുഷ്പ്രചരണങ്ങളോടും കൊണ്ട് മാറ്റി നിർത്തുന്ന അനവധി പേർ ഉള്ള ഇന്നത്തെ സമൂഹത്തിൽ അമ്മയെപോലുള്ള മഹാപുരുഷന്മാർ, മറ്റ് ആദ്ധ്യാത്മിക ആചാര്യർ എന്നിവർ തന്നെയാണ് ഇത് ആദ്യം അനുവർത്തിച്ചു കാണിയ്ക്കേണ്ടത്. അവരും മനുഷ്യശരീരികൾ തന്നെയാണ്. പക്ഷിയുടെ ഇരു ചിറകുകളായ ശാസ്ത്രവും ആധ്യാത്മികതയും വീശി മനുഷ്യരാശി മുന്നോട്ട് കുതിക്കട്ടെ.. അതിന് ഓരോ കാലത്തുമെത്താറുള്ള അമ്മയെപ്പോലുള്ള അവതാരവരിഷ്ഠർ മാർഗ്ഗദർശകങ്ങളാവട്ടെ. എതിരാളികളും പഴി പറയുന്നവരും അവർക്ക് ഏതുകാലത്തുമുണ്ടായിട്ടുണ്ട്, ഇനിയുമുണ്ടാവും. ഭാഗീരഥിയെപ്പോലെ നല്ലതും ചീത്തയും സ്വീകരിച്ച് മഹാപ്രവാഹമായി അവർ ഒഴുകിപ്പോവുകതന്നെ ചെയ്യും. അതിൽ നിന്നും നമുക്ക് കുടിക്കാം കുളിക്കാം , മൂത്രമൊഴിക്കേണ്ടവർക്ക് അതുമാവാം. ‘മരുന്നും മന്ത്രവും’ എന്നാണ് നമ്മുടെ പൂർവ്വികൾ പറയാറുള്ളത്. മരുന്നാണ് ആദ്യം, കൂടെ പ്രാർത്ഥനയും.. ലോകാ സമസ്താ സുഖിനോ ഭവന്തു.
സനൂപ് സദാനന്ദൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: