കോട്ടയം: കോട്ടയം ഗവ.മെഡിക്കല്‍ കോളജിന് പുതിയ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്. തുക ലഭ്യമായത് പിഎം കെയര്‍ ഫണ്ടില്‍ നിന്ന്. അന്തരീക്ഷത്തില്‍ നിന്നും ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് ആണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.
പിഎം കെയര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2.75 കോടി രൂപ മുടക്കി, യുഎസില്‍ നിന്നാണ് പ്ലാന്റ് ഇറക്കുമതി ചെയ്തിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്ന കെട്ടിടനിര്‍മ്മാണത്തിനും ഇതര നിര്‍മ്മാണ പ്രവര്‍ത്തിനുമായി 60 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്ന വായുവില്‍ നിന്നും നൈട്രജനെ ഒഴിവാക്കി ശുദ്ധമായ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്നതാണ് പ്രവര്‍ത്തന രീതി. ഒരു മിനിറ്റില്‍ ശരാശരി 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭിക്കും. ഇത് 400 സിലിണ്ടറുകളില്‍ നിറയ്‌ക്കുവാന്‍ കഴിയും. ഇതുമൂലം ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കപ്പെടും. ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം മെയ് അഞ്ചിന് നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ പറഞ്ഞു.
കേരളത്തില്‍ ആദ്യമായി കോട്ടയം മെഡിക്കല്‍ കോളേജിലാണ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കഴിയും. കോവിഡ് വ്യാപനം രൂക്ഷമായതാണ് പ്ലാന്റിന്റെ നിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ കാരണം.
നിലവിലുള്ള ഓക്‌സിജന്‍ പ്ലാന്റ് സെന്‍ട്രല്‍ ലാബിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്ത് ഓക്‌സിജന്‍ നിറച്ചു വന്ന കണ്ടെയ്‌നര്‍ യഥാസമയം എത്തുവാന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമം നേരിടുകയും രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ജില്ലാകലക്ടര്‍ സ്വകാര്യ ഏജന്‍സികളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലണ്ടറുകള്‍ പിടിച്ചെടുത്ത് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഇതിനതുടര്‍ന്നാണ് അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ ഉണ്ടാക്കുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചതും, അത് അംഗീകരിക്കപ്പെടുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: