ചെങ്ങന്നൂര്‍: രണ്ടാംഘട്ട കോവിഡ് ഭീതിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ മാത്രം മടങ്ങിയത് 650 ല്‍പരം തൊഴിലാളികളാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികള്‍ കൂട്ടമായി എത്തിയത് റെയില്‍വേ ഉദ്യോഗസ്ഥരേയും പോലിസിനേയും ഒരു പോലെ വലച്ചു. അപ്രതീക്ഷിതമായാണ് ഇത്രയധികം തൊഴിലാളികള്‍ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്‍ക്കത്തയിലേക്ക് നേരിട്ട് പോകുന്ന ഡിബ്രുഗര്‍ എക്സ്പ്രസ്സ് ട്രെയിന്‍ ഇന്നലെയാണ് ഉണ്ടായിരുന്നത്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളിലധികവും ഈ ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. ഇന്നലെ എത്തിയ തൊഴിലാളികളില്‍ കുറച്ചു പേര് മാത്രമാണ് ടിക്കറ്റ് എടുത്ത് എത്തിയത്. ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് തീവണ്ടിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്ട്സ്ആപ്പ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.
ഇതിന്റെ പേരില്‍ ശനിയാഴ്ച വൈകിട്ട് റെയില്‍വേ പോലീസും തൊഴിലാളികളുമായി വാക്കുതര്‍ക്കം ഉണ്ടായി. പോലീസ് പരിശോധന തുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ കൂട്ടമായി എത്തി പ്രതിരോധിച്ചു. ആള്‍ബലം കുറവായിരുന്നതിനാല്‍ പോലീസ് പിന്‍വാങ്ങി. വരും ദിനവസങ്ങളിലും തൊഴിലാളികള്‍ ധാരാളമായി മടങ്ങുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: