മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ വാഴ്ത്തി രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്. ആറു വിക്കറ്റിനാണ് രാജസ്ഥാന് റോയല്‍സ് വിജയിച്ചത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 134 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു. സഞ്ജു സാംസണ് 42 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ സീസണില്‍ രാജസ്ഥാന്റെ രണ്ടാം വിജയമാണിത്.
ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് വിജയം സമ്മാനിച്ചത്. യുവതാരങ്ങളും പരിചയസമ്പന്നരുമൊക്ക മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഈ ടീമിനെ നയിക്കുന്നത് ഞാന്‍ ആസ്വദിക്കുകയാണെന്ന് സഞ്ജു പറഞ്ഞു.
കൊല്‍ക്കത്തയുടെ വമ്പന്മാരായ ബാറ്റ്സ്മാന്മാരെ ക്രിസ് മോറിസ് എറിഞ്ഞിട്ടു. നാലു വിക്കറ്റുകളാണ് ഈ ഓള്‍റൗണ്ടര്‍ വിഴ്ത്തിയത്. കളിയിലെ കേമനുള്ള പുരസ്കാരവും സ്വന്തമാക്കി. ബൗളര്‍മാര്‍ മികവ് കാട്ടിയതോടെ കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 133 റണ്‍സിലൊതുങ്ങി. വിജയം ലക്ഷമിട്ടിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍ ജോസ് ബട്ട്ലറെ അഞ്ചു റണ്‍സിന് നഷ്ടമായി. ഇതര ഓപ്പണറായ യശസ്വിനി ജയ്സ്വാള്‍ 22 റണ്‍സിന് പുറത്തായി. ശിവം ദുബെയും 22 റണ്‍സിന് കീഴടങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജുവും ഡേവിഡ് മില്ലറും പിടിച്ചുനിന്നതോടെ രാജസ്ഥാന് വിജയം സ്വന്തമാക്കി. സഞ്ജു സാംസണ് 41 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 42 റണ്‍സുമായി പുറത്താകാതെ നിന്നു. 24 റണ്‍സ് എടുത്ത ഡേവിഡ് മില്ലറും കീഴടങ്ങാതെ നിന്നു.
അടിച്ചുതകര്‍ക്കുന്ന പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ബാറ്റിങ്ങാണ് സഞ്ജു സാംസണ് പുറത്തെടുത്തത്. ക്യാപ്റ്റന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കരുതലോടെ ബാറ്റ് വിശീ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അവസരത്തിനൊത്ത പ്രകടനം കാഴ്ചവച്ച ടീമിനെ വിജയത്തിലേക്ക് നയിക്കാനാണ് ഇനി ശ്രമിക്കുകയെന്ന് സഞ്ജു പറഞ്ഞു.
ബാറ്റിങ് മോശമായതാണ് തോല്‍വിക്ക് കാരണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: